പഠന ഗവേഷണ പരിശീലന രംഗത്ത് ഓസ്ട്രേലിയയിലേയും ഇന്ത്യയിലെയും വിവിധ സർവകലാശാലകളും ഐ.ഐ.ടി കളുടെയും മറ്റ് ഗവേഷണ സ്ഥാപനങ്ങളുടെയും വിർച്വൽ കൺസോർഷ്യമായ ഓസ്ട്രേലിയ ഇന്ത്യ വാട്ടർ സെന്ററും റവന്യൂ വകുപ്പിന് കീഴിലുള്ള ഇൻസ്റ്റ്യറ്റിയൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റും പഠന ഗവേഷണ രംഗത്തെ സഹകരണത്തിന് ധാരണാപത്രം ഒപ്പുവച്ചു.
ജലവിഭവ, ദുരന്തനിവാരണ രംഗങ്ങളിലെ ഗവേഷണ പഠന രംഗത്ത് പരസ്പര പങ്കാളിത്തത്തോടെയുള്ള അക്കാദമിക ആശയവിനിമയം പ്രോത്സാഹിപ്പിക്കുന്നതിന് സഹകരണം പ്രയോജനപ്പെടും.
ജലസ്രോതസുകളുടെ സംരക്ഷണം, ജലവിനിയോഗം, നദീതട സംരക്ഷണം എന്നീ രംഗത്തെ പരിശീലന പരിപാടികളുടെ കാര്യക്ഷമത വർധിപ്പിക്കുകയാണ് കൺസോഷ്യവുമായുള്ള സഹകരണത്തിലൂടെ ലക്ഷ്യമാക്കുന്നത്. വാട്ടർ കൺസോർഷ്യത്തിലെ പ്രധാന സ്ഥാപനങ്ങളായ വെസ്റ്റേൺ സിഡ്നി യൂണിവേഴ്സിറ്റിയും ഗുവാഹത്തി ഐ.ഐ.ടിയും മറ്റ് സംസ്ഥാനങ്ങളിലെ വിവിധ സ്ഥാപനങ്ങളുമായി 20 വർഷത്തിലെറെയായി സഹകരണം ഉണ്ടെങ്കിലും കേരളത്തിലെ ഈ രംഗത്തെ ഒരു സ്ഥാപനവുമായി സഹകരിക്കുന്നത് ഇത് ആദ്യമാണ്. ഐ.എൽ.ഡി.എമ്മിൽ ഡിസാസ്റ്റർ മാനേജ്മെന്റ്, ലാൻഡ് ഗവേണൻസ്, വാട്ടർ ആൻഡ് റിവർ മാനേജ്മെന്റ് എന്നിവയിൽ ഉടനെ എം.ബി.എ കോഴ്സുകൾ ആരംഭിക്കുന്ന സാഹചര്യത്തിൽ കൺസോർഷ്യവുമായുള്ള പങ്കാളിത്തം പരിശീലന പരിപാടികളിലും ഫാക്കൽറ്റികൾ വിദ്യാർഥികൾ എന്നിവർക്ക് എക്സ്ചേഞ്ച് പ്രൊഗ്രാമുകളിലൂടെ പരസ്പര സഹകരത്തിനും കൂടുതൽ മെച്ചപ്പെട്ട പരിശീലനങ്ങൾക്കും അവസരം ലഭിക്കും.