The government has done the impossible

അസാധ്യമായ കാര്യങ്ങൾ സർക്കാർ നടപ്പാക്കി

സാധാരണക്കാരുടെ ജീവിതം മെച്ചപ്പെടുത്തുന്നതിനു അസാധ്യമായ കാര്യങ്ങൾ സർക്കാർ സാധ്യമാക്കിയതായി റവന്യൂ മന്ത്രി കെ രാജൻ. കൊല്ലം ജില്ലാതല പട്ടയമേള ജില്ലാ പഞ്ചായത്ത് ജയൻ സ്മാരക ഹാളിൽ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

വർഷങ്ങളായി കടൽക്കരയിൽ താമസിക്കുന്നവർ കടൽ പുറമ്പോക്ക് ഭൂമിയിലാണ് ഉൾപ്പെട്ടിരുന്നത്. നിയമങ്ങളുടെ ചട്ടക്കൂടിൽ നിന്ന് നീതി നിഷേധിക്കപ്പെടരുതെന്ന ഉദ്ദേശത്തിൽ 1964 ലെ ഭൂമി പതിവ് ചട്ടപ്രകാരം ആർക്കൊക്കെ ഭൂമി നൽകാമെന്ന പരിശോധനയുടെ അടിസ്ഥാനത്തിലാണ് പട്ടയം ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയത്. ഇനിയും അർഹരായവർക്ക് പ്രത്യേകം മിഷൻ വഴി പട്ടയം ലഭ്യമാക്കും. ഭൂമി ക്രയവിക്രയങ്ങൾ സുതാര്യമാകുന്ന ‘എന്റെ ഭൂമി’ സംയോജിത പോർട്ടൽ ഒക്ടോബർ 22ന് നിലവിൽ വരും. വില്ലേജ് ഓഫീസ് മുതൽ സെക്രട്ടറിയറ്റ് വരെ റവന്യൂ വകുപ്പിലെ കൂടുതൽ സേവനങ്ങൾ ഇ- സേവനങ്ങൾ ആക്കുന്നതിനുള്ള പ്രവർത്തികൾ ദ്രുതഗതിയിൽ പുരോഗമിക്കുന്നു. കേരളത്തിന് ഓരോ കുടുംബത്തിനും റവന്യൂ രേഖകൾ എല്ലാം ഒറ്റ ചിപ്പിൽ പകർത്തി എടിഎം കാർഡ് രൂപത്തിൽ റവന്യൂ കാർഡുകൾ തയ്യാറാക്കുന്ന ശ്രമം നടക്കുന്നതായും മന്ത്രി കൂട്ടിച്ചേർത്തു.

ധനകാര്യ വകുപ്പ് കെ എൻ ബാലഗോപാൽ അധ്യക്ഷനായി. ചരിത്രത്തിലെ ഏറ്റവും അധികം പട്ടയങ്ങൾ കഴിഞ്ഞ എട്ടു വർഷത്തിൽ നൽകാനായി. ദീർഘകാലമായി വിവിധ ഇടങ്ങളിൽ താമസിക്കുന്നവർക്ക് പട്ടയം നൽകുക എന്ന വലിയ ദൗത്യമാണ് സർക്കാർ പ്രതിജ്ഞാബദ്ധമായി ഏറ്റെടുത്ത് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കൊല്ലം താലൂക്കിൽ വർഷങ്ങളായി കടൽ പുറമ്പോക്കിൽ താമസിച്ചുവരുന്ന 506 മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് സർക്കാരിന്റെ പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിൽ കൈവശഭൂമിയുടെ അവകാശികളായി. കൊല്ലം താലൂക്ക്- 515, കൊട്ടാരക്കര താലൂക്ക് 25, പുനലൂർ 15, പത്തനാപുരം 29, കുന്നത്തൂർ അഞ്ച്, കരുനാഗപ്പള്ളി നാല് എന്നിങ്ങനെ 593 പട്ടയങ്ങളാണ് വിതരണം ചെയ്തത്.