1960 ലെ ഭൂമി പതിവ് നിയമത്തിന്റെ അടിസ്ഥാനത്തിൽ പതിച്ചു നൽകിയ ഭൂമി പതിച്ച് കൊടുത്ത ആവശ്യങ്ങൾക്കല്ലാതെ വിനിയോഗിച്ചത് മൂലം പതിവ് റദ്ദാക്കപ്പെടുന്ന സാഹചര്യം ഒഴിവാക്കുന്നതിനാവശ്യമായ നിയമ നിർമ്മാണം സർക്കാരിന്റെ സജ്ജീവ പരിഗണനയിൽ. ഇക്കാര്യത്തിൽ ആവശ്യമായ നിയമ ചട്ട ഭേദഗതികൾ ബന്ധപ്പെട്ട വകുപ്പുകൾ പരിശോധിച്ച് വരികയാണ്. അത്യന്തികമായ പ്രശ്ന പരിഹാരത്തിന് ചട്ടഭേദഗതി മാത്രം പോര, നിയമഭേദഗതി തന്നെ വേണ്ടി വരുമെന്ന നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ആയത് തയ്യാറാക്കുന്നതിന് ചീഫ് സെക്രട്ടറി, അഡ്വക്കേറ്റ് ജനറൽ, നിയമ – റവന്യൂ സെക്രട്ടറിമാർ എന്നിവരെ ചുമതലപ്പെടുത്തി.
ഈ വിഷയം സംബന്ധിച്ച് കേസ് ഇപ്പോഴും ഹൈക്കോടതിയുടെ പരിഗണനയിലായതിനാൽ നിയമവും ചട്ടവും ഭദഗതി ചെയ്യുന്നതിന് കോടതിയുടെ അനുവാദം വാങ്ങേണ്ടതുണ്ട്. ആയതിനാലാണ് ഇക്കാര്യത്തിൽ കാലതാമസമുണ്ടായിട്ടുള്ളത്.
കൈയേറ്റക്കാരേയും കുടിയേറ്റക്കാരേയും സർക്കാർ രണ്ടായി കാണുകായും കൈയേറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്യും. കുടിയേറ്റക്കാരായ കർഷകരുടെ അർഹതക്കനുസരിച്ച് ഭൂമി പതിച്ച് നൽകുന്നതിനും നടപടി സ്വീകരിക്കും. പട്ടയ വിതരണത്തിനുവേണ്ടി ഇടുക്കി ജില്ലയിൽ ആരംഭിച്ചിട്ടുള്ള സ്പെഷ്യൽ ഭൂമി പതിവ് ഓഫീസുകൾ നിർത്തലാക്കില്ല. അവസാനത്തെ പട്ടയം വിതരണം ചെയ്യുന്നതു വരെ ഈ ഓഫീസുകൾ നിലനിർത്തും.