കവചം പദ്ധതി: രാജ്യത്ത് ആദ്യമായി ദുരന്തസാധ്യത മുന്നറിയിപ്പ് സംവിധാനം നടപ്പാക്കി കേരളം
കേരളത്തിന്റെ ദുരന്തനിവാരണ പ്രവർത്തനങ്ങളിൽ അത്യാധുനിക സംവിധാനങ്ങളുടെ സേവനം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ദുരന്തസാധ്യതാ മുന്നറിയിപ്പ് സംവിധാനം കവചം (KaWaCHaM – Kerala Warnings, Crisis and Hazard Management sy-stem) സ്ഥാപിച്ചു. ദേശീയ ചുഴലിക്കാറ്റ് പ്രതിരോധ പദ്ധതിയുടെ ഭാഗമായി ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ലോക ബാങ്ക് എന്നിവരുടെ സാമ്പത്തിക സഹായത്തോടെ കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് കവചം സംവിധാനം നടപ്പാക്കിയിരിക്കുന്നത്.
കേരളത്തിലെ ദുരന്തസാധ്യതയുള്ള മുഴുവൻ പ്രദേശങ്ങളെയും ഏകീകൃത മുന്നറിയിപ്പ് സംവിധാനത്തിനു കീഴിൽ കൊണ്ടുവരുന്ന പ്രവർത്തന രീതിയാണ് കവചം സംവിധാനത്തിനുള്ളത്. 126 സൈറൺ-സ്ട്രോബ് ലൈറ്റ് ശൃംഖല, അവ നിയന്ത്രിക്കുന്ന 93 VPN ബന്ധിത എമർജൻസി ഓപ്പറേഷൻ സെന്ററുകൾ, അവയുടെ ഡിസിഷൻ സപ്പോർട്ട് സോഫ്റ്റ് വെയർ, ബൃഹത്തായ ഡേറ്റ സെന്റർ എന്നിവ ഉൾപ്പെടുന്നതാണ് കവചം. ഇത്തരത്തിൽ ദുരന്തസാധ്യതാ മുന്നറിയിപ്പ് സംവിധാനം നടപ്പാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാണ് കേരളം. കേരളത്തിലെ മുഴുവൻ പ്രദേശങ്ങളിലെയും ദുരന്ത സാധ്യതകളെ യഥാസമയം നിരീക്ഷിക്കുകയും ഏതെങ്കിലും തരത്തിലുള്ള അപകട സാധ്യത മുന്നിൽ കണ്ടാൽ ദ്രുതഗതിയിൽ വിവിധ തലങ്ങളിൽ നടപടികൾ സ്വീകരിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
സംസ്ഥാന, ജില്ലാ എമർജൻസി ഓപ്പറേഷൻ സെന്ററുകളിൽ നിന്നും അതിതീവ്ര ദുരന്ത സാധ്യത സംബന്ധിച്ച മുന്നറിയിപ്പുകൾ നോഡൽ വകുപ്പുകളിൽ നിന്നും ലഭിക്കുന്ന മുറയ്ക്ക് പൊതുജനങ്ങൾക്ക് കവചം സംവിധാനത്തിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള സൈറൺ-സ്ട്രോബ് ലൈറ്റ് ശൃംഖല വഴി അറിയിപ്പ് സന്ദേശങ്ങളും, സൈറൺ വിസിൽ സന്ദേശങ്ങളും നൽകും. പദ്ധതിയുടെ ഭാഗമായി 126 സ്ഥലങ്ങളിൽ സൈറണുകൾ സ്ഥാപിക്കും. രണ്ടുഘട്ട പ്രവർത്തന പരീക്ഷണമുൾപ്പെടെ 91 സൈറണുകൾ സജ്ജീകരിച്ചു കഴിഞ്ഞു. താലൂക്ക് തലത്തിലും ജില്ലാതലത്തിലും എമർജൻസി ഓപ്പറേഷൻ സെന്ററുകൾക്ക് ഇവ പ്രവർത്തിപ്പിക്കാൻ സാധിക്കും
സംസ്ഥാനത്ത് അടിയന്തിരമായ ദുരന്ത സാഹചര്യങ്ങളിൽ കവചം സൈറണുകൾ വഴി തത്സമയം പൊതുജനങ്ങൾക്കും രക്ഷാസേനകൾക്കും കൃത്യമായ മുന്നറിയിപ്പ് നൽകാനും ആവശ്യമെങ്കിൽ ആളുകളെ മാറ്റി താമസിപ്പിക്കാനും സാധിക്കും. എല്ലാ സ്ഥലങ്ങളിലും സൈറൺ വഴി മുന്നറിയിപ്പ് നൽകുമ്പോൾ ജനങ്ങളും ജാഗരൂകരാകും. സൈറണുകൾക്കൊപ്പം നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്. സൈറൺ വഴി വരുന്ന മുന്നറിയിപ്പുകളെക്കുറിച്ചും അത്തരം ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും ആദ്യഘട്ടത്തിൽ ജനങ്ങൾക്ക് ബോധവൽക്കരണം നൽകും.
കേരളത്തിലെ ദുരന്ത സാധ്യതാ പ്രദേശങ്ങൾ, അവിടങ്ങളിലെ ജലാശയങ്ങൾ, റോഡുകൾ, പാലങ്ങൾ, സ്‌കൂളുകൾ, ആശുപത്രികൾ, ദുരിതാശ്വാസ കേന്ദ്രങ്ങൾ , ഫയർ സ്റ്റേഷനുകൾ മറ്റ് പൊതുകെട്ടിടങ്ങൾ തുടങ്ങിയ എല്ലാ അടിസ്ഥാന സൗകര്യങ്ങളുടെയും വിവരങ്ങൾ കവചത്തിലുണ്ട്. പരസ്പരം വെർച്വൽ പ്രൈവറ്റ് നെറ്റ്വർക്ക് വഴി ബന്ധിപ്പിച്ചിട്ടുള്ള 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും സിറ്റിസൺ പോർട്ടലും കവചത്തിന്റെ ഭാഗമായി ഉടൻ പ്രവർത്തനമാരംഭിക്കും. പൊതുജനങ്ങൾക്ക് കൺട്രോൾ റൂമിലേക്ക് ബന്ധപ്പെടാനും സഹായമാവശ്യപ്പെടാനുമാകും. സഹായമഭ്യർത്ഥിക്കുന്ന ആളിന്റെ ലൊക്കേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ ആ പ്രദേശത്തെ രക്ഷാപ്രവർത്തകർക്ക് കൈമാറും, സ്വീകരിച്ച നടപടികൾ കണ്ട്രോൾ റൂം വഴി ട്രാക്ക് ചെയ്യുകയും ചെയ്യും. പോലീസിന്റെയും അഗ്‌നിരക്ഷാസേനയുടെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും കൺട്രോൾ റൂമുകൾ എമർജൻസി ഓപ്പറേഷൻ സെന്ററുകളുമായി ബന്ധപ്പെടുത്തിയിട്ടുണ്ട്.
തദ്ദേശീയ തലത്തിൽ ദുരന്തനിവാരണ സമിതികളുള്ള ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. ദുരന്തഘട്ടങ്ങളിലും ദുരന്തത്തിന് ശേഷമുള്ള ദുരന്തനിവാരണ പ്രക്രിയയിലും അടിയന്തിര സേവനങ്ങൾ ഉറപ്പാക്കി പൊതുജന സംരക്ഷണം ഉറപ്പാക്കുന്നതിൽ സംസ്ഥാനത്തിന്റെ ഏറ്റവും മികച്ച പദ്ധതിയാണ് ദുരന്തമുന്നറിയിപ്പ് സംവിധാനമായ കവചം. സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്റർ :1070, 1079