കൊടുങ്ങല്ലൂർ – തൃശൂർ – കുറ്റിപ്പുറം റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് കരാറുകാർ സമർപ്പിച്ച ഷെഡ്യൂൾ പുതുക്കി സമർപ്പിക്കാൻ നിർദ്ദേശിച്ചു. കലക്ടറേറ്റിൽ നടന്ന കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രൊജക്ടിൽ (കെ.എസ്.ടി.പി.) ജില്ലയിൽ നിർമ്മിക്കുന്ന റോഡുകളുടെ നിർമ്മാണ പുരോഗതി അവലോകന യോഗത്തിലാണ് നിർദേശം.
പ്രവൃത്തികൾ പൂർത്തിയാക്കുന്നതിന് നിലവിൽ കരാറുകാർ സമർപ്പിച്ച സമയക്രമം അംഗീകരിക്കാനാവില്ല. കുറഞ്ഞ സമയത്തിനുള്ളിൽ പ്രവൃത്തികൾ പൂർത്തിയാക്കുന്ന രീതിയിൽ പുതിയ ഷെഡ്യൂൾ ജില്ലാ കലക്ടർക്ക് സമർപ്പിക്കണം. നിലവിൽ സമർപ്പിച്ചിരിക്കുന്ന ഷെഡ്യൂളിലെ സമയക്രമം ഒരു കാരണവശാലും അനുവദിക്കാനാവില്ല. കെഎസ്ടിപി റോഡ് പ്രവൃത്തികൾ നടക്കുന്ന പ്രദേശങ്ങൾ നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും വീടുകളുമുള്ള സ്ഥലങ്ങളായതിനാൽ കുറഞ്ഞ സമയത്തിനുള്ളിൽ റോഡ് നിർമ്മാണം പൂർത്തീകരിക്കേണ്ടത് അത്യാവശ്യമാണ്. നിർമാണ പ്രവൃത്തികൾ വേഗത്തിലാക്കുന്നതിന് ആവശ്യമായ ഗതാഗത ക്രമീകരണത്തെക്കുറിച്ച് ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥരുമായി ചർച്ചചെയ്ത് തീരുമാനമെടുക്കണം.
നിർമാണ പ്രവൃത്തികൾ വേഗത്തിലാക്കുന്നതിന് മറ്റു സർക്കാർ വകുപ്പുകളുടെ സേവനം ആവശ്യമായി വരുന്നുണ്ടെങ്കിൽ അക്കാര്യം രേഖാമൂലം ജില്ലാ കലക്ടറെ അറിയിക്കണം. ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച ചെയ്യേണ്ടതുണ്ടെങ്കിൽ കലക്ടറുടെ അധ്യക്ഷതയിൽ എത്രയും പെട്ടെന്ന് യോഗം ചേരണം. എല്ലാ ആഴ്ചയും കളക്ടറുടെ അധ്യക്ഷതയിൽ നിർമ്മാണ പുരോഗതി വിലയിരുത്തണം.
നിലവിൽ റോഡ് നിർമ്മാണം നടക്കുന്ന പ്രദേശത്ത് ഏതെങ്കിലും രീതിയിലുള്ള അത്യാഹിതങ്ങളുണ്ടായാൽ ദുരന്തനിവാരണ ആക്ട് പ്രകാരം കേസെടുക്കുമെന്ന് കരാറുകാർക്കും കെഎസ്ടിപി ഉദ്യോഗസ്ഥർക്കും മുന്നറിയിപ്പ് നൽകി. പുതുക്കി സമർപ്പിക്കുന്ന ഷെഡ്യൂളിലെ സമയക്രമം പാലിച്ച് റോഡ് നിർമ്മാണം പൂർത്തീകരിക്കാതെ വന്നാൽ കരാർ റദ്ദാക്കുകയും ബന്ധപ്പെട്ടവർക്കെതിരേ നിയമ നടപടി സ്വീകരിക്കുകയും ചെയ്യും.