എല്ലാവർക്കും ഭൂമി എല്ലാവർക്കും രേഖകൾ എന്ന ലക്ഷ്യവുമായി സംസ്ഥാനത്ത് അടുത്ത ഏപ്രിലോടെ പട്ടയമിഷൻ രൂപീകരിക്കും. പട്ടയമിഷൻ വരുന്നതോടെ കേരളത്തിൽ ദീർഘകാലമായി നിലനിൽക്കുന്ന പട്ടയപ്രശ്നങ്ങൾക്കെല്ലാം പരിഹാരമാകും. അതത് പ്രദേശത്തെ എം.എൽ.എമാർ, ജനപ്രതിനിധികൾ എന്നിവരുടെ മേൽനോട്ടത്തിലായിരിക്കും പട്ടയ മിഷൻ പ്രവർത്തിക്കുക. ഭൂപരിഷ്കരണ നിയമം നിലവിൽ വന്നതി്ന് ശേഷം അര നൂറ്റാണ്ട് പിന്നിട്ടിട്ടും പല കാരണങ്ങളാൽ ഭൂമിക്ക് അവകാശ രേഖകളില്ലാത്തത് നിരവധി കുടുംബങ്ങളുടെ തീരാ സങ്കടങ്ങളായിരുന്നു. ഇതിനെല്ലാം അറുതി വരുത്തേണ്ടത് ധാർമ്മികമായ ഉത്തരവാദിത്തം കൂടിയാണ്. ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് സംസ്ഥാനത്ത് ഭൂരേഖ വിതരണത്തിന് തീവ്രയത്നം തുടങ്ങിയത്.
സംസ്ഥാനത്ത് ഒന്നേ മുക്കാൽ ലക്ഷം അവകാശ രേഖകളാണ് കഴിഞ്ഞ സർക്കാർ മുതൽ ഇതുവരെ വിതരണം ചെയ്തത്. ഈ സർക്കാർ 54,535 പട്ടയങ്ങളാണ് വിതരണം ചെയ്തത്. ഇതിൽ 1978 പട്ടയങ്ങൾ വയനാട് ജില്ലയിലാണ് വിതരണം ചെയ്തത്. ഒരാൾക്ക് ഒരു തണ്ടപ്പേരിനെങ്കിലും അവകാശം ലഭ്യമാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. റവന്യു രേഖകളെല്ലാം ഡിജിറ്റലൈസ് ചെയ്യുന്ന പ്രക്രിയകൾ പുരോഗമിക്കുകയാണ്. വില്ലേജ് ഓഫീസ് മുതൽ സെക്രട്ടറിയേറ്റ് വരെയുള്ള സ്ഥാപനങ്ങൾ സമ്പൂർണ്ണമായി ഡിജിറ്റൽവത്കരിക്കും. റവന്യു സേവനങ്ങൾ സുതാര്യമായി ഏറ്റവും വേഗത്തിൽ ലഭ്യമാക്കുക എന്നതാണ് ലക്ഷ്യം. വരുന്ന കേരളപ്പിറവി ദിനത്തിൽ ഇ ഓഫീസ് ശൃംഖലകൾ സമ്പൂർണ്ണമാക്കും. ഡിജിറ്റൽ റീസർവെ കേരളത്തിൽ ചരിത്രപരമായ എക്കാലത്തെയും വലിയ മുന്നേറ്റമായിരിക്കും. സർവെ തുടങ്ങി രണ്ടരമാസം പിന്നിട്ടപ്പോൾ ആകെ വിസ്തൃതിയുടെ രണ്ട് ശതമാനം അളന്നുകഴിഞ്ഞു. നാല് വർഷം കൊണ്ട് കേരളം മുഴുവൻ ഡിജിറ്റൽ റീസർവെ പൂർത്തിയാകും.
വനാവകാശ നിയമപ്രകാരം കേന്ദ്രം അനുവദിച്ച വനഭൂമി അർഹരായവർക്ക് മുഴുവൻ ലഭ്യമാക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഇതര സർക്കാർ വകുപ്പുകളുടെ അധീനതയിൽ ആവശ്യംകഴിഞ്ഞ് ബാക്കിയുള്ള ഭൂമി മിച്ചഭൂമിയായി ഏറ്റെടുത്ത് അർഹരായവർക്ക് വിതരണം ചെയ്യുന്ന കാര്യവും പരിഗണനയിലുണ്ട്.