ഭൗമ വിവര ശേഖരണം ശാസ്ത്രീയമായി നടത്തിയ ആദ്യ നഗരസഭയാണ് ചാവക്കാട്
കേരളത്തിലാദ്യമായി ഭൗമ വിവര ശേഖരണം ശാസ്ത്രീയമായി നടത്തിയ നഗരസഭയാണ് ചാവക്കാട് നഗരസഭ. ജി. ഐ. എസ്. മാപ്പിംഗ് പദ്ധതി നഗരസഭയിൽ ആരംഭിച്ചു. ഡിജിറ്റൽ റിസർവ്വേ പദ്ധതിയിൽ കേരളം ഓടുന്നതിനു ഒരു പടി മുന്നേ വികസനം നടത്താൻ നഗരസഭയ്ക്ക് കഴിഞ്ഞു. സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ നൂറ് ദിനം പൂർത്തീകരിക്കുന്നതിന് മുമ്പ് ഇന്റർഗ്രേറ്റഡ് പോർട്ടൽ 15 വില്ലേജുകളിൽ ആരംഭിക്കും.
ചാവക്കാട് നഗരസഭയുടെ വികസനാവശ്യത്തിനുതകുന്ന ഓരോ സർവ്വേ പ്ലോട്ടിലെയും വിവരങ്ങൾ വിരൽതുമ്പിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നഗരസഭ 2022- 23 വർഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം 23 ലക്ഷം രൂപ വകയിരുത്തിയാണ് ജി. ഐ. എസ്. മാപ്പിംഗ് പദ്ധതി നടപ്പാക്കിയത്.
കരകുളം ഗ്രാമീണ പഠന കേന്ദ്രത്തിന്റെ സാങ്കേതിക സഹായ ത്തോടെയാണ് നഗരസഭയിലെ കൃഷി ഭൂമി, മനുഷ്യ വാസമേഖല, വ്യാപാര വ്യവസായം, ഭൂവിനിയോഗം, തൊഴിൽ, വിദ്യാഭ്യാസം, മൃഗസംരക്ഷണം, ഗതാഗതം, വൈദ്യുതി, ആരോഗ്യം തുടങ്ങിയ മേഖലകളുടെ സമഗ്രമായ സ്ഥാനീയ വിവര ശേഖരണം ഗ്ലോബൽ പൊസിഷനിംഗ് സിസ്റ്റം (ജി.പി.എസ്.) ഉപയോഗപ്പെടുത്തി സാധ്യമാക്കിയിട്ടുള്ളത്. ജി. ഐ. എസ്. എൽ. ബി. സോഫ്റ്റ് വെയറിലൂടെ നഗരസഭാ പ്രദേശത്തിന്റെ സ്വഭാവം, പരിസ്ഥിതി, സാമൂഹിക – സാമ്പത്തിക അടിസ്ഥാന സൗകര്യങ്ങൾ, നിലവിൽ ലഭ്യമാകുന്ന സേവനങ്ങൾ എന്നിവ സെർവ്വറിന്റെ സഹായത്തോടെ ഓൺലൈനായി ലഭ്യമാകും.