ഡിജിറ്റൽ റീസർവേ: കേരളത്തിന്റെ ഭൂസർവേയ്ക്ക് ആധുനിക മുഖം
—
ആധുനിക സാങ്കേതിക ഉപകരണങ്ങളുടെ സഹായത്തോടെ കേരളത്തിലെ മുഴുവൻ വില്ലേജുകളും ഡിജിറ്റൽ ഭൂസർവേ ചെയ്യുകയെന്ന അതിനൂതന പ്രക്രിയയിലാണ് റവന്യു വകുപ്പ്. വരുന്ന നാല് വർഷത്തിനുള്ളിൽ സംസ്ഥാനമെമ്പാടും ഭൂസർവേ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
സംസ്ഥാനത്ത് ആകെയുള്ള 1666 വില്ലേജുകളിൽ 913 ൽ റീസർവേ നടപടികൾ പരമ്പരാഗത രീതിയിൽ പൂർത്തിയാക്കിയിരുന്നു. 89 വില്ലേജുകളിൽ ഡിജിറ്റൽ റെക്കോർഡുകൾ ഇപ്പോൾ ലഭ്യമാണ്.
നൂതന വിവര വിനിമയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തി കാലഘട്ടത്തിനനുസൃതമായി ഓൺലൈൻ സേവനം സാധ്യമാക്കുന്നതിന് സംസ്ഥാനത്തിന്റെ എല്ലാ വില്ലേജുകളുടെയും ഭൂരേഖകൾ ഡിജിറ്റലാക്കേണ്ടതുണ്ട്. നിലവിൽ ഡിജിറ്റൽ സർവേ പുരോഗതിയിലുള്ള 27 വില്ലേജുകളും പൂർത്തിയായ 89 വില്ലേജുകളും കഴിഞ്ഞ് ബാക്കിയുള്ള 1550 വില്ലേജുകളിൽ ഡിജിറ്റൽ റീസർവേ നാലുവർഷം കൊണ്ട് പൂർത്തിയാക്കാൻ റീബിൽഡ് കേരള ഇൻഷ്യേറ്റീവിൽ ഉൾപ്പെടുത്തി 807.98 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
ഡിജിറ്റൽ സർവേക്കായി സംസ്ഥാനത്താകെയുള്ള 28 CORS (കണ്ടിന്വസ്ലി ഓപ്പറേറ്റിംഗ് റെഫറൻസ് സ്റ്റേഷൻ) സ്റ്റേഷനുകളിൽ നിന്നും തുടർച്ചയായി ലഭിക്കുന്ന സിഗ്നലുകളുടെ സഹായത്താൽ RTK(റിയൽടൈം കൈനമാറ്റിക്) എന്ന ഉപകരണം ഉപയോഗിച്ചാണ് ഭൂരിഭാഗം ഭൂപ്രദേശവും ഡിജിറ്റൽ സർവേ ചെയ്യുന്നത്. ആകാശ കാഴ്ചയിലൂടെ ലഭ്യമാകുന്ന ഇമേജുകൾ ഉപയോഗിച്ച് ഭൂമിയുടെ അതിർത്തി നിർണയിക്കാൻ കഴിയുന്ന 10 മുതൽ 20 ശതമാനം വരെയുള്ള സ്ഥലങ്ങളിൽ ഡ്രോൺ ഉപയോഗിച്ചും സർവേ നടത്തുന്നുണ്ട്. ഈ രീതികൾ ഫലവത്താകാത്ത സ്ഥലങ്ങളിൽ അത്യാധുനിക സർവേ ഉപകരണങ്ങളായ റോബോട്ടിക് ഇ.ടി.എസ് മെഷീൻ ഉപയോഗിച്ചാണ് മുഴുവൻ ഭൂപ്രദേശങ്ങളും ഡിജിറ്റൽ സർവേ പൂർത്തിയാക്കുന്നത്.
ഡിജിറ്റൽ ഭൂസർവേ നടത്തുന്നത് വഴി ഭൂമിസംബന്ധമായ വിവരങ്ങൾക്ക് വളരെ കൃത്യതയും സുതാര്യതയും സർക്കാർ ജനങ്ങൾക്ക് ഉറപ്പു നൽകുന്നു. ReLis (റവന്യു ലാൻഡ് ഇൻഫർമേഷൻ സിസ്റ്റം), PEARL (പാക്കേജ് ഫോർ ഇഫക്ടീവ് അഡ്മിനിസ്ട്രേഷൻ ഓഫ് രജിസ്ട്രേഷൻ ലോസ്), E-MAPS (ഇഫക്ടീവ് മാപ്പിംഗ് ആപ്ലിക്കേഷൻ പാക്കേജ് ഫോർ സർവേയിംഗ്) എന്നിവയുടെ ഏകോപനം വഴി റവന്യൂ, രജിസ്ട്രേഷൻ, സർവേ എന്നീ സേവനങ്ങൾ ഒരുമിച്ച് ലഭ്യമാകുന്നു. കൂടാതെ ഭൂമി സംബന്ധിച്ച വിവരങ്ങളുടെ അപ്ഡേഷൻ എളുപ്പത്തിൽ സാധ്യമാകുന്നതിനും വസ്തുക്കളുടെ പോക്കുവരവ് നടപടിക്രമങ്ങൾ വളരെ വേഗത്തിലാകുകയും ചെയ്യും.
സർവേ നടപടികളുടെ സാങ്കേതികത്വങ്ങളും നൂലാമാലകളും പരമാവധി കുറച്ച് സേവനങ്ങൾ ജനങ്ങളിൽ വേഗത്തിലെത്തിക്കുക എന്ന കാഴ്ചപ്പാടോടെയാണ് സർക്കാർ ഈ പ്രക്രിയ ആരംഭിച്ച് മുന്നോട്ടുകൊണ്ടുപോകുന്നത്. ഡിജിറ്റൽ ഭൂസർവേ പൂർത്തിയാകുന്നതോടെ സർവേ വിവരങ്ങൾ ഡിജിറ്റൽ രേഖകളുമായി കൂടുതൽ ആധുനികവും ആധികാരികവുമായി മാറുമെന്നതിൽ സംശയമില്ല.