‘നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ’ ക്യാമ്പയിൻ
അംഗൻജ്യോതി ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു
ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ‘നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ’ ക്യാമ്പയിന്റെ ഭാഗമായുള്ള അംഗൻജ്യോതി പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. ആഗോള താപനം ലഘൂകരിക്കുക എന്ന ലക്ഷ്യത്തോടെ 2050 ൽ സംസ്ഥാനം കാർബൺ ന്യൂട്രൽ ആക്കുന്നതിനായി ആവിഷ്കരിച്ച നവകേരളം കർമ്മപദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതിയാണ് അംഗൻജ്യോതി. തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുകളിലെ മുഴുവൻ അങ്കണവാടികൾക്കും ഊർജകാര്യക്ഷമത ഉപകരണമായ ഇൻഡക്ഷൻ കുക്കറുകളുടെ വിതരണം നടത്തി.
ഊർജ സംരക്ഷണത്തെ പറ്റി ബോധവാന്മാരായ പുതുതലമുറയെ സൃഷ്ടിക്കുന്നതിൽ അംഗൻജ്യോതി പദ്ധതിക്ക് നിർണായക പങ്കു വഹിക്കാൻ സാധിക്കും. സീറോ കാർബൺ എന്ന വലിയ ലക്ഷ്യത്തിനൊപ്പം വരും തലമുറയ്ക്ക് ഉപയുക്തമാകുന്ന ആശയത്തെ ചെറുപ്രായത്തിൽ തന്നെ നേരിൽ കണ്ട് ബോധ്യമാകാൻ അംഗനവാടികളിലൂടെ കുട്ടികൾക്ക് സാധ്യമാകും. അംഗൻവാടികളിൽ പൂർണമായ സോളാർ സംവിധാനം നടപ്പിലാക്കുന്ന പദ്ധതിയും ഒല്ലൂർ നിയോജകമണ്ഡലത്തിൽ നടപ്പിലാക്കാൻ ലക്ഷ്യമിടുന്നു.
ജില്ലയിൽ മാടക്കത്തറ, വരന്തരപ്പിള്ളി, വല്ലച്ചിറ, കുഴൂർ, കൊണ്ടാഴി ഗ്രാമപഞ്ചായത്തുകളിലാണ് ക്യാമ്പയിൻ പ്രവർത്തനങ്ങൾ നടക്കുന്നത്. ഹരിതകേരളം മിഷൻ എനർജി മാനേജെ്മെന്റ് സെന്ററുമായി ചേർന്ന് സംസ്ഥാനത്തെ 3315 അങ്കണവാടികളിൽ ഊർജ സ്വയംപര്യാപ്തത കൊണ്ടുവരുന്നതിനും, ഊർജ കാര്യക്ഷമത വർധിപ്പിക്കുന്നതിനും വേണ്ടി നടപ്പിലാക്കുന്ന പദ്ധതിയാണ് അംഗൻജ്യോതി. എൽപിജി / വിറക് എന്നിവയാണ് ഇന്ധനമായി മിക്ക അംഗൻവാടികളിലും പാചകത്തിന് ഉപയോഗിക്കുന്നത്. ഇതിനു ബദലായി കാർബൺ ബഹിർഗമനം ഇല്ലാത്തതും, വേഗത്തിലുള്ള പാചകം ഉറപ്പുവരുത്തുന്നതിനും വൈദ്യുത ഊർജം വഴി പ്രവർത്തിക്കുന്ന വൈദ്യുത ഇൻഡക്ഷൻ അടുപ്പുകളും, അനുബന്ധ പാത്രങ്ങൾ, ചൂടാറാപ്പെട്ടി, ഊർജക്ഷമത കൂടിയ ലൈറ്റുകൾ, ഇരുചക്ര വാഹനങ്ങൾ, മുച്ചക്ര വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുള്ള സൗകര്യം എന്നിവയും പദ്ധതിയുടെ ഭാഗമായി ലക്ഷ്യമിടുന്നു.