പത്ത് വർഷം കൊണ്ട് അഞ്ച് ലക്ഷം പട്ടയങ്ങൾ നൽകുക സർക്കാർ ലക്ഷ്യം
ഭൂമിയുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങളടങ്ങിയ പ്രോപർട്ടി കാർഡ് 2026 ആദ്യം നിലവിൽ വരുമെന്ന് റവന്യൂ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ കെ രാജൻ. റവന്യൂ മേഖലാതല അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള രണ്ടാം സർക്കാർ കാലാവധി പൂർത്തിയാക്കുന്നതിനുള്ളിൽ അഞ്ച് ലക്ഷം പട്ടയങ്ങൾ വിതരണം ചെയ്യുകയാണ് സർക്കാർ മന്ത്രി പറഞ്ഞു.
ഈ ലക്ഷ്യം കൈവരിക്കുന്നതിനായി 1.45 ലക്ഷം പട്ടയം കൂടി നൽകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. 10 വർഷത്തെ സർക്കാർ ഭരണത്തിൻ്റെ സമ്മാനമായി അഞ്ച് ലക്ഷം പട്ടയങ്ങൾ നൽകാൻ സാധിക്കണമെന്ന് സർക്കാരിൻ്റെ നയപ്രഖ്യാപന സമ്മേളത്തത്തിൻ്റെ സമാപന യോഗത്തിൽ മുഖ്യമന്ത്രി വ്യക്തമാക്കിയതായും മന്ത്രി പറഞ്ഞു.
ഈ സർക്കാർ അധികാരത്തിലേറിയ ശേഷം ഇതുവരെ 1,80,777 പട്ടയങ്ങൾ നൽകാനായി. കഴിഞ്ഞ സർക്കാർ കാലത്ത് 1.70 ലക്ഷം പട്ടയങ്ങളാണ് വിതരണം ചെയ്തത്. 1.45 ലക്ഷം പട്ടയങ്ങൾ വിതരണം ചെയ്യാനുള്ള നിർദേശം എട്ട് ജില്ലകൾക്കായി നിലവിൽ നൽകിയിട്ടുണ്ട്. അഞ്ച് ലക്ഷം എന്ന ലക്ഷ്യത്തിലെത്താൻ പട്ടയ വിതരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ പരിഹരിക്കുമെന്നും മന്ത്രി പറഞ്ഞു. എൽ എ പട്ടയ വിതരണത്തിൻ്റെ എണ്ണം വർധിപ്പിക്കണം.
നിലവിൽ തദ്ദേശസ്ഥാപനങ്ങളുടെ കീഴിലുള്ള തനത് ഭൂമി സർക്കാരിന് ഡീവെസ്റ്റ് ചെയ്യാൻ വകുപ്പില്ല. തദ്ദേശ വകുപ്പിൻ്റെ ചട്ട ഭേദഗതിയിലൂടെ ഫെബ്രുവരിയിൽ ഈ വ്യവസ്ഥയ്ക്ക് മാറ്റം വരുമെന്ന് മന്ത്രി പറഞ്ഞു. പഞ്ചായത്തിരാജ് നിയമം 279-ാം വകുപ്പ് പ്രാകാരം ശ്മശാനം, മേച്ചിൽപ്പുറം, കളിസ്ഥലം തുടങ്ങിയ പൊതു ആവശ്യങ്ങൾക്ക് മാറ്റിവെച്ച ഭൂമി സർക്കാരിലേക്ക് ഡീവെസ്റ്റ് ചെയ്യാൻ ജില്ല കളക്ടറെ 279 (2) വകുപ്പ് പ്രകാരം ചുമതലപ്പെടുത്തിക്കൊണ്ടുള്ള ചട്ട ഭേദഗതി തദ്ദേശ വകുപ്പ് വരുത്തിയിട്ടുണ്ട്.
ഇതു പ്രകാരം കൂടുതൽ പട്ടയങ്ങൾ നൽകാനാകുമെന്നും മന്ത്രി പറഞ്ഞു. റവന്യൂ വകുപ്പിൻ്റെ കണക്കനുസരിച്ച് 1920 നഗരങ്ങളിലായി 20,000 ത്തോളം നാല് – അഞ്ച് സെൻ്റിൻ്റെ അപേക്ഷകർ പഞ്ചായത്തിൽ നിന്നും പുരമേയാൻ സർക്കാർ നൽകുന്ന കാശുപോലും വാങ്ങാൻ സാധിക്കാത്തവരായുണ്ട്. ചട്ട ഭേദഗതിയോടെ ഈ അവസ്ഥയ്ക്ക് മാറ്റം വരുമെന്നും മന്ത്രി വ്യക്തമാക്കി.
കടലിൽ നിന്ന് 30.17 മീറ്റർ വിട്ടു നിൽക്കുന്ന ഭൂമിയ്ക്ക് പട്ടയം നൽകുന്നതിൽ തടസ്സമില്ല. തിരുവനന്തപുരത്തും കൊല്ലത്തും കടപ്പുറത്തായി 1100 ഓളം പട്ടയങ്ങൾ ഇതിനകം വിതരണം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.റവന്യൂ വകുപ്പിനു കീഴിലെ എല്ലാ സേവനങ്ങളും സ്മാർട്ട് ആക്കുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി 2026 ജനുവരിയാകുമ്പോഴേക്കും രൂപത്തിൽ എടിഎം കാർഡ് മാതൃകയിൽ പ്രോപ്പർട്ടി കാർഡ് എല്ലാവർക്കും വിതരണം ചെയ്യാനാകും.
ഒരു വ്യക്തിയുടെ വസ്തുവിന് അകത്തുള്ള കെട്ടിടങ്ങൾ, ടാക്സ്, ഭൂമിയുടെ തരം, വിസ്തൃതി തുടങ്ങിയവ ഉൾപ്പെടെ ഭൂമിയുമായി ബന്ധപ്പെട്ട സമഗ്ര വിവരങ്ങളും വിശദാംശങ്ങളും രേഖപ്പെടുത്തുന്ന കാർഡാണ് നിലവിൽ വരുക. ഈ കാർഡിലേക്ക് ഉൾക്കൊള്ളിക്കാവുന്ന മറ്റു വിവരങ്ങളുടെ വിശദാംശങ്ങൾ പരിശോധിക്കുന്ന ഘട്ടത്തിലാണ് വക്കുപ്പെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ‘എല്ലാവര്‍ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ നയത്തിന്റെ ഭാഗമായി 438 വില്ലേജുകളിൽ ഡിജിറ്റൽ റീസർവേ നടന്നു വരികയാണ്.
സർവേയുടെ മൂന്നാം ഘട്ടം ഫെബ്രുവരി 14 ഓടെ ആരംഭിക്കും. എൻ്റെ ഭൂമി ഇൻ്റഗ്രേറ്റഡ് പോർട്ടൽ പരിധിയിൽ 1000 വില്ലേജുകളിൽ ഈ വർഷം അവസാനമാകുമ്പോഴേക്കും പ്രവർത്തനക്ഷമമാക്കുന്ന പ്രവൃത്തികളാണ് നടന്നു വരുന്നത്. കേരളത്തിലെ ഡിജിറ്റൽ റീസർവേ രാജ്യത്തിന് മാതൃകയാണ്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ സർവേ ജീവനക്കാർക്കു വേണ്ടി കേന്ദ്രത്തിൻ്റെ ആവശ്യപ്രകാരം ദേശീയ ശില്പശാല നടത്തുന്നതുമായി ബന്ധപ്പെട്ട് ആശയവിനിമയം നടന്നു വരുന്നതായും മന്ത്രി പറഞ്ഞു.
ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങൾ വേഗത്തിലാക്കും. 25 സെൻ്റ് വരെ സൗജന്യമായി വിതരണം ചെയ്യുന്ന ഭൂമിയ്ക്ക് പ്രത്യേക സ്റ്റാൻഡേഡ് ഓപ്പറേഷൻ തയ്യാറാക്കി, ലൈഫ് പദ്ധതി പ്രകാരം വീടുവയ്ക്കുന്നവർക്ക് പ്രത്യേക അനുവാദം നൽകി, ഡാറ്റാ ബാങ്കുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിച്ച് ഭൂമി സംബന്ധമായ വിഷയങ്ങൾ വേഗത്തിലാക്കുന്നതിൻ്റെ ഭാഗമായാണ് അവലോകനയോഗം ചേരുന്നതെന്നും മന്ത്രി പറഞ്ഞു. ഡിജിറ്റൽ റീസർവേയിലൂടെ അധിക ഭൂമി അംഗീകരിക്കപ്പെട്ടിട്ടുള്ള സ്ഥലങ്ങളിൽ ടൈറ്റിലാകുന്നത് മുമ്പ് ടാക്സ് അടയ്ക്കാൻ അനുവാദം നൽകുന്ന ഉത്തരവ് വില്ലേജുകളിൽ നടപ്പിലാക്കാനുള്ള നടപടിക്രമങ്ങൾ നടന്നു വരുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കോഴിക്കോട്, കണ്ണൂർ, കാസർകോട്, വയനാട്, മലപ്പുറം, തൃശൂർ ജില്ലകളുടെ അവലോകനമാണ് നടന്നത്. പട്ടയം, തരംമാറ്റം, മിച്ച ഭൂമി, ഡിജിറ്റൽ സർവേ തുടങ്ങി വിഷയങ്ങളിലെ പുരോഗതിയാണ് മന്ത്രിയുടെ നേതൃത്വത്തിലുള്ള യോഗം വിലയിരുത്തിയത്. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് അടുത്ത ഒരു വർഷത്തിൽ പൂർത്തിയാക്കേണ്ട കാര്യങ്ങൾ ഓരോ മാസം തിരിച്ച് ചിട്ടപ്പെടുത്തൽ, അതിദരിദ്രർക്ക് ഭൂമി കണ്ടെത്തൽ, ഭൂമി വിതരണം തുടങ്ങിയ കാര്യങ്ങളും യോഗം അവലോകനം ചെയ്തു. മൂന്ന് മേഖലകളായി തിരിച്ചാണ് അവലോകന യോഗം ചേരുന്നത്. മേഖല യോഗങ്ങൾക്ക് ശേഷം വില്ലേജ് ഓഫീസർമാരുടെ നേരിട്ടുള്ള യോഗം നടക്കും. അത്തരത്തിൽ റവന്യൂ വകുപ്പിന്റെ പ്രവർത്തനങ്ങൾ വേഗത്തിലാക്കുകയാണ് ലക്ഷ്യം.