മുണ്ടക്കൈ -ചൂരല്‍മല അതിജീവിതര്‍ക്കായി കല്‍പ്പറ്റയില്‍ ഒരുക്കുന്ന മാതൃക ടൗണ്‍ഷിപ്പിലേക്ക് നൽകിയ സമ്മതപത്രങ്ങളുടെ പരിശോധന ഏപ്രിൽ 4 മുതൽ. മേപ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസിലേക്കും വെള്ളരിമല വില്ലേജ് ഓഫീസിലേക്കും ദുരന്തനിവാരണ അതോറിറ്റിയിൽ നിന്നും സമ്മതപത്രം നൽകിയ വ്യക്തികളുടെ വിവരങ്ങൾ കൈമാറിയതായി അധികൃതർ അറിയിച്ചു.
വീട് ലഭിക്കാനായി അപേക്ഷ നൽകിയവർക്ക് മറ്റേതെങ്കിലും വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ സഹകരണത്തോടെ വീടോ സ്ഥലമോ ലഭ്യമായിട്ടുണ്ടോ എന്ന പരിശോധനയും നടത്തും. സമ്മതപത്രം നൽകാനുള്ള ഗുണഭോക്താക്കൾക്ക് ഇന്ന് (ഏപ്രിൽ 3) കൂടെ സമ്മതപത്രം സമർപ്പിക്കാം. ഇതുവരെ ഒന്നാം ഘട്ടം, രണ്ടാംഘട്ടം 2- എ, 2-ബി യിൽ ഉൾപ്പെട്ട 402 ഗുണഭോക്താക്കളിൽ 378 പേർ സമ്മതപത്രം കൈമാറിയിട്ടുണ്ട്. ഇതിൽ 279 പേർ വീടിനായും 99 പേർ സാമ്പത്തിക സഹായത്തിനുമാണ് സമ്മതപത്രം നൽകിയിരിക്കുന്നത്. ഗുണഭോക്താക്കളുടെ അന്തിമ പട്ടിക ഏപ്രിൽ 20 ന് പ്രസിദ്ധീകരിക്കും.