ഭൂപരിപാലന പ്രക്രിയകളിൽ കേരളം ലോകത്തിനൊപ്പം സഞ്ചരിക്കുന്ന നാടായി മാറി
1970 ജനുവരി ഒന്നിന് അന്നത്തെ മുഖ്യമന്ത്രി സി അച്യുതമേനോൻ മൂപരിഷ്കരണം നടപ്പാക്കി കേരളത്തെ ലോകത്തിന് മാതൃകയായി അവതരിപ്പിച്ചു. ഇപ്പോൾ ഡിജിറ്റൽ റീ സർവെ എന്ന രണ്ടാം ഭൂപരിഷ്കരണത്തിലൂടെയും കേരളം ലോകത്തിനൊരു മാതൃകയായി മാറുകയാണ് എന്നും മന്ത്രി പറഞ്ഞു.
ഡിജിറ്റൽ ഇന്ത്യ ലാൻഡ് റെക്കോർഡ്സ് മോഡണൈസേഷൻ പ്രോഗ്രാമിനു കീഴിൽ സാങ്കേതിക പങ്കാളിയായ സർവെ ഓഫ് ഇന്ത്യയുമായി ചേർന്ന് റവന്യൂ വകുപ്പ് നടപ്പാക്കുന്ന ‘നക്ഷ’ (നാഷണൽ ജില്ലാ സ്പേഷ്യൽ നോളജ് ബേസ്ഡ് ലാൻഡ് സർവെ ഓഫ് അർബൻ ഹാബിറ്റേഷൻ) പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നെയ്യാറ്റിൻകരയിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.
രാജ്യത്തെ 100 നഗരങ്ങളിലാണ് സർവെ ഓഫ് ഇന്ത്യ നക്ഷ പദ്ധതി നടപ്പാക്കുന്നത്. കേരളത്തിലെ 10 നഗരങ്ങളെയാണ് അതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നെയ്യാറ്റിൻകര നഗരസഭയിൽ പദ്ധതിയുടെ ഉദ്ഘാടനം ചെയ്യുന്ന ഈ സമയത്ത് തന്നെ വൈക്കം, പുനലൂർ, കാസർക്കോട് നഗരസഭയിൽ നേരത്തേ സംസ്ഥാന റവന്യൂ വകുപ്പ് ആരംഭിച്ച ഡിജിറ്റൽ റീസർവെ പൂർത്തിയാക്കി, 9 (2) വിജ്ഞാപനം പുറപ്പെടുവിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് മന്ത്രി പറഞ്ഞു.
നക്ഷ പദ്ധതി വേഗത്തിൽ പൂർത്തിയാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡിജിറ്റൽ റീ സർവെ ഒന്നാംഘട്ടം പൂർത്തിയാക്കി രണ്ടാം ഘട്ടം പുരോഗമിക്കുന്നതിനിടെ തന്നെ മൂന്നം ഘട്ടത്തിന് തുടക്കമിട്ടു കഴിഞ്ഞു. കയ്യൂക്കു കൊണ്ടും പണാധിപത്യം കൊണ്ടും ആർക്കും പിഴുതു മാറ്റുവാൻ കഴിയാത്ത ഡിജിറ്റൽ വേലിയായി ദൂരേഖകൾ മാറും.
ഡിജിറ്റൽ സർവെ മൂന്നാംഘട്ടം പൂർത്തിയാകും മുമ്പ് ഈ സർക്കാരിൻ്റെ കാലത്തു തന്നെ സെറ്റിൽമെൻ്റ് ആക്ട് നടപ്പാക്കുന്ന സംസ്ഥാനമായും കേരളം മാറുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൻ്റെ ഭൂപരിപാലനവും ഡിജിറ്റൽ റീ സർവെ നടപടികളും പഠിക്കാൻ വിവിധ സംസ്ഥാനങ്ങൾ മുന്നോട്ടു വരുന്നുണ്ട്. അസം സർവെ സംഘം പരിശീലനം പൂർത്തിയാക്കി. നിലവിൽ പോണ്ടിച്ചേരി റവന്യൂ സർവെ ഉദ്യോഗസ്ഥർ പരിശീലനം തുടരുകയാണ്.
രാജ്യത്തെ മുഴുവൻ സംസ്ഥാനങ്ങളുടെയും റവന്യൂ സർവെ വകുപ്പ് മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് ഏപ്രിൽ മാസത്തിൽ നാഷ്ണൽ കോൺക്ലേവ് സംഘടിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണെന്നും റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു.