ഭൂപ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കാണും
പട്ടയ വിതരണം, ഭൂമി തരം മാറ്റൽ, വിവിധ പദ്ധതികൾക്കായുള്ള ഭൂമി ഏറ്റെടുക്കൽ, കൈയേറ്റം ഒഴിപ്പിക്കൽ തുടങ്ങിയ ഭൂസംബന്ധമായ പ്രശ്നങ്ങളിൽ അടിയന്തര പരിഹാരങ്ങൾ കാണുന്നതിനുള്ള ശക്തമായ നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നത്.
ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ട് നേരിട്ടും ഓൺലൈനായും ലഭിച്ച 54122 അപേക്ഷകളിൽ 27043 എണ്ണം തീർപ്പാക്കി, ബാക്കിയുള്ളവയിൽ നടപടികൾ തുടരുകയാണ്. നിലവിൽ ഒരു സബ് കലക്ടറും ഒരു ആർഡിഒയും മാത്രമാണ് ഭൂമി തരം മാറ്റലുമായി ബന്ധപ്പെട്ട അപേക്ഷകളിൽ തീരുമാനം എടുക്കുന്നത്. ഇത് വേഗത്തിലാക്കുന്നതിന് ഓരോ താലൂക്കിലും ഒരു ഡെപ്യൂട്ടി കലക്ടർക്ക് പ്രത്യേക ചുമതല നൽകുന്ന കാര്യം പരിഗണനയിലാണ്.
4673 വനഭൂമി പട്ടയ അപേക്ഷകളിലുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്. ഇവയിൽ 2777 എണ്ണത്തിൽ സർവേ നടപടികൾ പൂർത്തിയാക്കി. ബാക്കിയുള്ളവയിൽ സർവേ നടപടികൾ പുരോഗമിക്കുകയാണ്. ഇത് കൂടി പൂർത്തീകരിക്കുന്ന മുറയ്ക്ക് അപേക്ഷകൾ കേന്ദ്ര സർക്കാരിന്റെ അനുമതിക്കായി സമർപ്പിക്കാൻ കഴിയും. കന്നുകാലി മേച്ചിൽ പുറം, കളിസ്ഥലം, കടൽ പുറമ്പോക്ക്, ഇറിഗേഷൻ പുറമ്പോക്ക് തുടങ്ങിയ വിവിധങ്ങളായ സ്ഥലങ്ങൾ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നടപടികൾ ഒക്ടോബർ മുതൽ നാല് ഘട്ടങ്ങളിലായി പൂർത്തീകരിക്കും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുമായി (സിഎംഡിആർഎഫ്) ബന്ധപ്പെട്ട് ലഭിക്കുന്ന അപേക്ഷകളിന്മേൽ ആവശ്യമായ അന്വേഷണം നടത്തിയ 48 മണിക്കൂറിനുള്ളിൽ അവ തുടർനടപടികൾക്കായി സമർപ്പിക്കണമെന്ന് വില്ലേജ് ഓഫീസർമാർക്ക് നിർദ്ദേശം നൽകി. ഇക്കാര്യത്തിൽ വീഴ്ച വരുത്തുന്നവർക്കെതിരേ കർശന നടപടി സ്വീകരിക്കും. പട്ടയ അസംബ്ലികളിൽ എംഎൽഎമാർ ഉന്നയിക്കുന്ന വിഷയങ്ങളിൽ സ്വീകരിക്കുന്ന നടപടികളെ കുറിച്ച് മൂന്നു മാസത്തിലൊരിക്കൽ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ അവലോകനം ചെയ്യണമെന്നും നിർദ്ദേശിച്ചു.
പട്ടയ വിതരണം, വിവിധ പദ്ധതികൾക്കായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ, ദുരന്ത നഷ്ടപരിഹാരം, സർവേ നടപടികൾ വേഗത്തിലാക്കൽ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങൾ എംഎൽഎമാർ റവന്യൂ അസംബ്ലിയിൽ ഉന്നയിച്ചു. താലൂക്ക് തലങ്ങളിൽ നടന്ന കരുതലും കൈത്താങ്ങും അദാലത്തുകളിൽ ലഭിച്ച 3447 അപേക്ഷകളിൽ 92.63 ശതമാനത്തിലും തീർപ്പുകൾ കൽപ്പിക്കാനയാതായി ജില്ലാ കലക്ടർ വി ആർ കൃഷ്ണ തേജ അറിയിച്ചു.