ഭൂമി തരംമാറ്റ അപേക്ഷകൾ തീർപ്പാക്കാൻ അദലത്തുകൾ സംഘടിപ്പിക്കും
സംസ്ഥാനത്തെ വിവിധ റവന്യു ഡിവിഷണൽ ഓഫീസുകളിലും ഡെപ്യുട്ടി കലക്ടർ ഓഫീസുകളിലും കുടിശികയായുള്ള 25 സെൻ്റുവരെയുള്ള ഭൂമി തരമാറ്റ അപേക്ഷകൾ അടിയന്തരമായി തീർപ്പാക്കുന്നതിന് അദാലത്തുകൾ സംഘടിപ്പിക്കും.
റവന്യൂ മന്ത്രിയുടെ മേൽനോട്ടത്തിൽ അതത് ജില്ലാ കലക്ടർമാരായിരിക്കും അദാലത്തുകൾ സംഘടിപ്പിക്കുക. ഓരോ താലൂക്കിൻ്റെയും പരിധിയിൽ വരുന്ന അപേക്ഷകൾ നിശ്ചിത ദിവസങ്ങളിൽ നടക്കുന്ന അദാലത്തിൽ പരിഗണിക്കും. എറണാകുളത്ത് നടക്കുന്ന ജില്ലാ കലക്ടർമാരുടെ യോഗത്തിലാണ് തീരുമാനം എടുത്തത്. നിലവിൽ 2,83,097 അപേക്ഷകളാണ് കുടിശികയായുള്ളത്.
സംസ്ഥാനത്ത് തരംമാറ്റ അപേക്ഷകളുടെ ഗണ്യമായ വർദ്ധന കണക്കിലെടുത്താണ് 27 റവന്യൂ ഡിവിഷണൽ ഓഫീസർമാർക്കുണ്ടായിരുന്ന തരമാറ്റത്തിനുള്ള അധികാരം ഡെപ്യുട്ടി കലക്ടർമാർക്കു കൂടി നൽകി നിയമ ഭേദഗതി വരുത്തിയതിൻ്റെ അടിസ്ഥാനത്തിൽ നിലവിൽ 71 ഓഫീസുകളിലാണ് തരമാറ്റ അപേക്ഷകൾ കൈകാര്യം ചെയ്തു വരുന്നത്. സംസ്ഥാനത്ത് ഏറ്റവും കുടുതൽ അപേക്ഷകൾ കുടിശികയായിരുന്നത് ഫോർട്ടു കൊച്ചി, മൂവാറ്റുപുഴ റവന്യു ഡിവിഷണൽ ഓഫീസുകളിലായിരുന്നു. ഇപ്പോൾ ജില്ലയിൽ രണ്ടു റവന്യൂ ഡിവിഷനുകൾക്ക് പുറമെ അധികമായി നാല് ഡെപ്യുട്ടി കലക്ടർമാർക്കു കൂടി ചുമതല നൽകിയിട്ടുണ്ട്.
പട്ടയ സംബന്ധമായ വിഷയങ്ങൾ, ഭൂമി തരമാറ്റ പുരോഗതി, വിഷൻ ആൻഡ് മിഷൻ പുരോഗതി അവലോകനം, നൂറുദിന പരിപാടി, ഓൺലൈൻ പോക്കുവരവ്, സർക്കാർ ഭൂമി സംരക്ഷണം, മണൽ ഖനനം, ഡിജിറ്റൽ സർവെ പുരോഗതി തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ അവലോകനം ചെയ്തു.