'Bhoomi' National Survey Conclave

ഭൂമി’ ദേശീയ സർവെ കോൺക്ലേവ്
…………………………………………………….

ഭൂപരിഷ്കരണ നിയമത്തിൽ കാതലായ മാറ്റം വരുത്തേണ്ട സാഹചര്യമില്ല

ഭൂപരിഷ്ക്കരണ നിയമത്തിൽ കാതലായ മാറ്റങ്ങൾ വരുത്തേണ്ട സാഹചര്യമില്ലെന്ന് റവന്യൂ, ഭവന നിർമ്മാണ വകുപ്പ് മന്ത്രി കെ രാജൻ.
സംസ്ഥാന റവന്യൂ, സർവെ – ഭൂരേഖാ വകുപ്പ് സംഘടിപ്പിക്കുന്ന നാല് ദിവസത്തെ ഡിജിറ്റൽ റീസർവെ ‘ഭൂമി’ ദേശീയ കോൺക്ലേവിൻ്റെ പ്രതിനിധി സെഷൻ കോവളം ഉദയ സമുദ്ര ഹോട്ടലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കേരളത്തിൻ്റെ സാമൂഹിക മാറ്റത്തിന് അടിത്തറ പാകിയത് ഭൂപരിഷ്കരണ നിയമമാണ്. അനിവാര്യമായ ഭേദഗതി അടക്കം, കാലോചിതമായ മാറ്റങ്ങൾ നേരത്തേ നിയമത്തിൽ വരുത്തിയിട്ടുണ്ട്. നമ്മളെ മാതൃകയാക്കി മറ്റു പല സംസ്ഥാനങ്ങളും സദൃശ്യമായ ഭൂപരിഷ്കരണം നടപ്പിലാക്കിയെങ്കിലും കേരളത്തിൻ്റെ ഭൂപരിഷ്കരണ നിയമത്തോളം കരുത്തും വിശാലവും ആയിരുന്നില്ല ഇവയൊന്നും. സാമൂഹിക മാറ്റത്തിന് അധിഷ്ടിതമായ ഭൂ വിതരണത്തിനാണ് ഭൂപരിഷ്കരണ നിയമം നേതൃത്വം നൽകിയത്. ജന്മിത്തം അവസാനിപ്പിച്ച്, ഭൂമി കൈവശം വച്ച് കൃഷി ചെയ്ത് വന്നവരെ ഭൂ ഉടമകളാക്കുവാൻ നിയമം അവസരം ഉണ്ടാക്കുന്നുണ്ട്. വ്യാവസായ, വാണിജ്യ, വിദ്യാഭ്യാസ, ചാരിറ്റബിൾ ആവശ്യങ്ങൾക്കുൾപ്പടെയുള്ള വികസന ആവശ്യങ്ങൾക്ക് സർക്കാരിന് അധികാരം നൽകുന്ന വ്യവസ്ഥകളും ഭൂപരിഷ്കരണ നിയമത്തിലുണ്ട്.

എന്നാൽ, കേരളം ഭൂ പരിധിയിൽ മാറ്റം വരുത്താൻ പോകുന്നു എന്ന വിധത്തിൽ വരുന്ന വാർത്തകൾ ശരിയല്ല. ഭൂപരിഷ്കരണ നിയമത്തിൻ്റെ അന്തഃസത്ത മനസിലാക്കിയുള്ള ശരിയായ വായനയാണ് ആവശ്യമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തിൻ്റെ വിവിധ മേഖലകളിലും ഭൗതിക സാഹചര്യങ്ങളിലും വലിയ മാറ്റങ്ങൾ വരുമ്പോഴും ഭൂപരിപാലന രംഗത്ത് വേണ്ടതുപോലെ മാറ്റം ഉണ്ടാവുന്നില്ല. ഭൂപരിപാലന രംഗത്തെ മാറ്റങ്ങൾക്കുള്ള വഴികാട്ടിയായാണ് രണ്ടാം ഭൂപരിഷ്കരണം എന്ന വിധത്തിലാണ് ഭൂ സർവെയും ഭൂ ഭരണത്തിലെ നവീകരണവും കേരളം മുന്നോട്ടു കൊണ്ടു പോകുന്നതെന്നും മന്ത്രി പറഞ്ഞു.

റവന്യൂ, സർവെ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കാണ് കേരളം ഈ സർക്കാരിൻ്റെ കാലത്ത് തുടക്കമിട്ടത്. അതിൽ ഏറ്റവും സുപ്രധാനമാണ് ഡിജിറ്റൽ റീ സർവെ നടപടികൾ. ഇതിലൂടെ കൃത്യതയും സുതാര്യവുമായ ഭൂരേഖ തയ്യാറാക്കുവാനും അതിർത്തി തർക്ക കേസുകൾക്ക് വിരാമമിടാനും കഴിഞ്ഞു. സർവെ പൂർത്തിയാക്കിയ വില്ലേജുകളിൽ, രാജ്യത്തു തന്നെ ആദ്യമായി യൂണിക് തണ്ടപ്പേര് സമ്പ്രദായം നടക്കാനും സാധിച്ചു.

ഭൂ സംബന്ധമായ മുഴുവൻ നടപടികൾക്കും രേഖകൾക്കും സഹായകരമായ റവന്യൂ, സർവെ, രജിസ്ട്രേഷൻ വകുപ്പുകളുടെ പോർട്ടലുകൾ ഏകോപിപ്പിച്ച് ‘എൻ്റെ ഭൂമി’ എന്ന ഒറ്റ പോർട്ടൽ രൂപീകരിച്ച് ഇ-ഗവേണൻസിൽ കേരളം ലോകത്തിനു മുന്നിൽ വലിയ മാതൃക സൃഷ്ടിച്ചു എന്നും മന്ത്രി കെ രാജൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. സിജിറ്റൽ റീ സർവെ പൂർത്തിയ വില്ലേജുകളിൽ ഇനി മുതൽ ഭൂമി രജിസ്ട്രേഷനു മുൻപു തന്നെ ഭൂമിയുടെ അംഗീകൃത സ്കെച്ചും രേഖകളും ലഭ്യമാക്കുന്നതിലൂടെ ഇവ ആധാരത്തിൻ്റെ ഭാഗമാകും. ഇതുവഴി ഭൂമി കൈമാറ്റത്തിലെ കബളിപ്പിക്കലുകൾ പൂർണ്ണമായും ഇല്ലാതാക്കാനാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേന്ദ്ര ലാൻഡ് ആൻ്റ് റിസോഴ്സ് വകുപ്പ് സെക്രട്ടറി മനോജ് ജോഷി അധ്യക്ഷത വഹിച്ചു. ഹിമാചൽ പ്രദേശ് റവന്യൂ വകുപ്പ് മന്ത്രി ജയ്സിങ് നേഹി ആശംസകൾ അർപ്പിച്ചു. ലാൻസ് റവന്യൂ കമ്മിഷണർ കെ മുഹമ്മദ് വൈ സെയ്ഫുള്ള സ്വാഗതവും റവന്യൂ ദുരന്ത നിവാരണ വകുപ്പ് സെക്രട്ടറി എം ജി രാജമാണിക്യം നന്ദിയും പറഞ്ഞു.

രാജ്യത്തെ 23 സംസ്ഥാനങ്ങളിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പടെ 120 പ്രതിനിധികളാണ് പങ്കെടുക്കുന്നത്. ഇന്ന് (ജൂൺ 27) വൈകുന്നേരം പ്രതിനിധി സെഷനുകൾ സമാപിക്കും. നാളെ (ജൂൺ 28) ആറ് ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട വില്ലേജുകളിൽ ഡിജിറ്റൽ റീ സർവെ നടപടികൾ ഹിമാചൽ റവന്യൂ മന്ത്രിയടക്കമുള്ള പ്രതിനിധി സംഘങ്ങൾ സന്ദർശിക്കും.