ഡിജിറ്റൽ സർവ്വെ പൂർത്തീകരിക്കുന്ന വില്ലേജുകളിലെ ആധാരങ്ങളുടെ രജിസ്ട്രേഷനും പോക്കുവരവും വസ്തുവിന്റെ സ്കെച്ചും ROR ഉം അടക്കം വിവിധ ഓഫീസുകളിൽ അലയാതെ ഒറ്റ പോർട്ടൽ വഴി ലഭ്യമാക്കുന്നതിനുള്ള ഇന്റഗ്രേറ്റഡ് ലാന്റ് ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം നടപ്പിലാവുകയാണ്. ഇന്റഗ്രേറ്റഡ് പോർട്ടൽ യാഥാർത്ഥ്യമാവുന്നതോടെ വസ്തു വിൽപ്പന നടത്തുന്ന ഭൂ ഉടമസ്ഥന് ഭൂരേഖകൾ എളുപ്പത്തിൽ ലഭ്യമാവും. അപേക്ഷകന് നേരിട്ട് എന്റെ ഭൂമി എന്ന പോർട്ടലിൽ പ്രവേശിച്ച് രജിസ്ട്രേഷനായുള്ള ഭൂമിയുടെ ROR പരിശോധിച്ച് ഉറപ്പ് വരുത്താവുന്നതാണ്. ഭൂ വിവരങ്ങൾ ശരിയാണെന്ന് ഉറപ്പാക്കിയ ശേഷം വസ്തു രജിസ്ട്രേഷനായുള്ള വിവരങ്ങൾ നിർദ്ദിഷ്ട ടെംപ്ലേറ്റിൽ എന്റെ ഭൂമി പോർട്ടൽ മുഖേന തന്നെ സമർപ്പിക്കാനാകും. സബ് ഡിവിഷൻ ആവശ്യമുള്ള കേസുകളിൽ സർവ്വെ വകുപ്പ് പ്രീമ്യൂട്ടേഷൻ സ്കെച്ച് തയ്യാറാക്കുകയും അതു പ്രകാരം അപേക്ഷകന്റെ സമ്മതത്തോടെ രജിസ്ട്രേഷൻ നടത്തുന്നതിനായി പേൾ പോർട്ടലിലേക്ക് അയക്കുകയും ചെയ്യും. രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി പ്രീ മ്യൂട്ടേഷൻ സ്കെച്ച് ഉൾപ്പെടെയുള്ള വിവരങ്ങൾ പോക്കുവരവിനായി റവന്യൂ വകുപ്പിന്റെ റെലീസ് പോർട്ടലിലേക്ക് അയക്കുകയും റെലീസ് പോർട്ടൽ പോക്കുവരവ് നടപടികൾ പൂർത്തിയാക്കുകയും ചെയ്യുന്നു. പോക്കുവരവിന് ശേഷം അന്തിമമാക്കിയ മാറ്റം രജിസ്ട്രേഷൻ വിവരങ്ങളും ഉൾപ്പെട്ട ആർ ഒ ആർ എന്റെ ഭൂമി പോർട്ടലിൽ നിന്നും അപേക്ഷന് ഡൗൺലോഡ് ചെയ്യാനാകും. ഇത്തരത്തിലുള്ള പ്രോസസിനിടയിലെ ഓരോ ഘട്ടങ്ങളിലും അപേക്ഷകന് പോർട്ടൽ സന്ദർശിച്ച് പുരോഗതി പരിശോധിക്കാനാകും. മാത്രമല്ല അപേക്ഷയുടെ പുരോഗതി മൊബൈൽ നമ്പറിലേക്ക് സന്ദേശമായി ലഭിക്കുന്നതിനുള്ള സൗകര്യവും ഉറപ്പാക്കും. ഇത്തരത്തിൽ വളരെ ബൃഹത്തായ ഒരു പദ്ധതിക്കാണ് റവന്യൂ – സർവ്വെ- രജിസ്ട്രേഷൻ വകുപ്പുകൾ രൂപം നൽകിയിരിക്കുന്നത്.