*അപകടകരമായ മരച്ചില്ലകൾ വെട്ടിമാറ്റാൻ കളക്ടറുടെ അനുമതി ആവശ്യമില്ല
*ഇടുക്കിയിലെ മലയോര പ്രദേശത്തേക്ക് നാളെ മുതൽ സഞ്ചാര നിയന്ത്രണം
*കണ്ണൂർ, കാസർകോട്, തൃശൂർ, കോട്ടയം ജില്ലകളിൽ ബുധനാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
*ക്യാമ്പുകളിൽ പനിബാധിതർ, അതിഥി തൊഴിലാളികൾ. ഭിന്നശേഷിക്കാർ എന്നിവർക്ക് പ്രത്യേക സൗകര്യം
*അവധിയിലുള്ള റവന്യു ഉദ്യോഗസ്ഥർ 36 മണിക്കൂറിനുള്ളിൽ ജോലിക്ക് ഹാജരാകണം
സംസ്ഥാനത്ത് കാലവർഷം ശക്തി പ്രാപിച്ച സാഹചര്യത്തിൽ മഴക്കാലക്കെടുതിക്ക് തടയിടാനും നേരിടാനുമായി സംസ്ഥാനം സുസജ്ജമായി. എല്ലാ ജില്ലകളിലെയും കളക്ടർമാർ, ഡെപ്യൂട്ടി കലക്ടർമാർ, തഹസിൽദാർമാർ എന്നിവർ പങ്കെടുത്ത അവലോകന നടന്നു. ജൂലൈ 4, 5 തീയ്യതികളിൽ കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. മഴയോടൊപ്പം ശക്തമായ കാറ്റുമുള്ളതിനാൽ ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പ്രധാന സ്ഥലങ്ങളിൽ പ്രത്യേക ശ്രദ്ധ വേണം. പീരുമേട് ചൊവ്വാഴ്ച 100 മില്ലിമീറ്റർ മഴ ലഭിച്ചതായാണ് കണക്കുകൾ കാണിക്കുന്നത്.
എല്ലാ താലൂക്കുകളിലും ഇൻസിഡൻസ് റെസ്പോൺസ് സിസ്റ്റം തയാറായിട്ടുണ്ട്. കാലവർഷക്കെടുതി നേരിടുന്ന പ്രദേശങ്ങളായി നേരത്തെ കണ്ടെത്തിയ ഇടങ്ങളിലെ റവന്യു ഉദ്യോഗസ്ഥരിൽ അവധിയിലുള്ളവർ 36 മണിക്കൂറിനുള്ളിൽ ഡ്യൂട്ടിക്ക് ഹാജരാകണമെന്ന് നിർദ്ദേശം നൽകി. എല്ലാ വില്ലേജുകളിലെയും താലൂക്കുകളിലെയും ഉദ്യോഗസ്ഥർ അവരുടെ ഓഫീസിനടുത്ത് തന്നെ ഏത് സമയത്തും ലഭ്യമാകുന്ന വിധത്തിൽ താമസം കണ്ടെത്തണം. എല്ലാ താലൂക്കുകളിലും ക്യാമ്പുകൾ തുറക്കാനുള്ള സജ്ജീകരണങ്ങൾ പൂർത്തിയായി. ഈ ക്യാമ്പുകളിൽ പനിബാധിതർ, അതിഥി തൊഴിലാളികൾ, ഭിന്നശേഷിക്കാർ എന്നിവർക്കു വേണ്ടി പ്രത്യേക സൗകര്യങ്ങൾ ഉണ്ടാകും. ക്യാമ്പുകളിലേക്ക് വേണ്ട ശുചിമുറി, വെളിച്ചം, ഡോക്ടർ, മരുന്നുകൾ, റേഷൻ സാധനങ്ങൾ എന്നിവയെല്ലാം ലഭ്യമാക്കണം.
അപകടാവസ്ഥയിലുള്ള മരങ്ങളുടെ ചില്ലകൾ മുറിച്ചുമാറ്റാൻ ജില്ലാ കളക്ടർക്ക് മാത്രമേ അധികാരമുള്ളൂ എന്ന തെറ്റിദ്ധാരണ ജനങ്ങൾക്കിടയിൽ ഉണ്ട്. ദുരന്തനിവാരണ നിയമമനുസരിച്ച് ബന്ധപ്പെട്ട വകുപ്പുകൾക്കും പഞ്ചായത്ത് രാജ് ആക്ട് അനുസരിച്ച് പഞ്ചായത്ത് സെക്രട്ടറിക്കും അപകടാവസ്ഥയിലുള്ള മരത്തിന്റെ ചില്ലകൾ മുറിച്ചു മാറ്റാം. സ്വകാര്യ വ്യക്തികളുടെ വളപ്പിലും റോഡിന്റെ ഇരുവശങ്ങളിലുമുള്ള അപകടഭീഷണി ഉയർത്തുന്ന ചില്ലകൾ മുറിക്കാൻ അതാത് വ്യക്തികൾ മുൻകൈയെടുക്കണം. ദുരന്തനിവാരണത്തിന് 25,000 രൂപ വരെ അനുവദിക്കാൻ വില്ലേജ് ഓഫീസർക്ക് സർക്കാർ അധികാരം നൽകിയിട്ടുണ്ട്. താലൂക്ക്, ജില്ലാതല ടോൾഫ്രീ നമ്പറുകൾ എല്ലാവരിലേക്കും എത്തിക്കാൻ നടപടി സ്വീകരിക്കും. കാലാവസ്ഥയുടെ അടിസ്ഥാനത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർമാർ അവധി പ്രഖ്യാപിക്കുമ്പോൾ കഴിവതും തലേദിവസം തന്നെ അറിയിപ്പുണ്ടാകണമെന്ന് നിർദേശിച്ചു. കാലാവസ്ഥാ മുന്നറിയിപ്പിനെക്കുറിച്ച് ഓരോ മണിക്കൂറും ഇടവിട്ട് കലക്ടർമാർ ഫേസ്ബുക്ക് ഉൾപ്പെടെ സാമൂഹ്യ മാധ്യമങ്ങൾ വഴി വിവരം ജനങ്ങളിൽ എത്തിക്കണം. അനാവശ്യവും ഭീതിപരത്തുന്നതുമായ വ്യാജ വാർത്തകൾ ഒഴിവാക്കാനാണിത്.
മഴക്കാല വിനോദങ്ങൾ അപകടകരമായ രീതിയിലേക്ക് പോകരുതെന്നും മഴക്കാലത്ത് ഏറ്റവും കൂടുതൽ മരണങ്ങൾ സംഭവിച്ചിട്ടുള്ളത് മുങ്ങി മരണങ്ങൾ മൂലമാണ്. നിലവിൽ സംസ്ഥാനത്ത് അനാവശ്യമായ ആശങ്കയുടെ കാര്യമില്ല, എങ്കിലും നല്ല ജാഗ്രത പുലർത്തേണ്ടതുണ്ട്. നിലവിൽ ഏഴ് ജില്ലകളിൽ എൻ.ഡി.ആർ.എഫ് സംഘം ക്യാമ്പ് ചെയ്യുന്നു. വയനാട്, കോഴിക്കോട്, മലപ്പുറം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, തൃശൂർ ജില്ലകൾ ആണിവ. ജില്ലാതല, താലൂക്ക്തല കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുവെന്നും അവിടങ്ങളിൽ എല്ലാ വകുപ്പുകളുടെയും സേവനം മുഴുവൻ സമയം ലഭ്യമാക്കും.
എല്ലാ വില്ലേജ് ഓഫീസർമാരുടെയും മൊബൈൽ നമ്പറുകൾ പ്രസിദ്ധപ്പെടുത്തും. ജില്ലാ കളക്ടർമാർ കാലാവസ്ഥാ അലർട്ടുകൾ മാത്രം ആശ്രയിക്കരുതെന്നും അലർട്ടുകൾ മണിക്കൂറുകൾക്കുള്ളിൽ മാറിമറിയുമെന്നും ഓർമിപ്പിച്ചു. വില്ലേജ് തല ജനകീയ കമ്മിറ്റികളെ ദുരന്ത പ്രതിരോധ വേളയിൽ ഉപയോഗിക്കാൻ സാധിക്കണം. സ്ഥലം മാറ്റത്തിനു ശേഷം പല ഡോക്ടർമാരും ചിലയിടങ്ങളിൽ ജോലിയിൽ പ്രവേശിച്ചിട്ടില്ല. ഇക്കാര്യം ആരോഗ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തും. അവലോകന യോഗത്തിൽ കളക്ടർമാർ അതാത് ജില്ലകളിലെ സ്ഥിതി അവതരിപ്പിച്ചു. ദേശീയ പാത വീതികൂട്ടൽ പ്രവൃത്തിയുടെ ഭാഗമായി പലയിടങ്ങളിലും ഓവുചാൽ തടസ്സപ്പെട്ടു വെള്ളക്കെട്ട് രൂപപ്പെട്ട വിഷയം പല കളക്ടർമാരും ഉന്നയിച്ചു.
ദേശീയപാതയിൽ പ്രവൃത്തി നടക്കുന്ന ഇടങ്ങളിൽ വെള്ളക്കെട്ട് ഉണ്ടാകരുതെന്നും രാത്രിയിൽ ആവശ്യത്തിന് വെളിച്ചം ഒരുക്കണമെന്നും നിർദേശിച്ചു. കോട്ടയം ജില്ലയിലും മലയോര മേഖലയിലേക്കും വെള്ളച്ചാട്ട സഞ്ചാര കേന്ദ്രങ്ങളിലേക്കും പ്രവേശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ഒരു അണക്കെട്ടിലും നിലവിൽ അപകടകരമായ അവസ്ഥയിൽ ജലനിരപ്പ് ഉയർന്നിട്ടില്ല.