റവന്യു സേവനങ്ങൾ ജനങ്ങൾക്ക് സ്വന്തം ഡിജിറ്റൽ ഉപകരണങ്ങൾ മുഖേന നേരിട്ട് ലഭ്യമാകുന്നതിന് അവരെ പ്രാപ്തരാക്കുന്ന വിധം സമഗ്രമായ റവന്യു ഇ സാക്ഷരതാ പദ്ധതി നടപ്പാക്കും.
കേരളത്തിലെ 94 ലക്ഷം കുടുംബങ്ങളിൽ ഓരോ കുടുംബത്തിലും കുറഞ്ഞത് ഒരാളെ വീതം റവന്യൂ സേവനങ്ങൾ ആവശ്യമാകുന്ന ഘട്ടങ്ങളിൽ നേരിട്ട് ഓൺ ലൈനായി പ്രാപ്തമാക്കാൻ കഴിയുന്ന വിധം ബഹുജനപങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കും. ഇതിനായി വിവിധ തലങ്ങളിലുള്ള പരിശീലനങ്ങൾ പൂർത്തിയാക്കി കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് റവന്യൂ ഇ-സാക്ഷരത പദ്ധതിക്ക് തുടക്കം കുറിക്കും.
സർക്കാരിൽ നിന്നും ലഭ്യമാവുന്ന സേവനങ്ങൾ ഡിജിറ്റലാകുന്ന ഈ കാലഘട്ടത്ത് സാധാരണ ജനങ്ങൾ പ്രാപ്യമാക്കുന്ന രീതിയിൽ റവന്യൂ ഇ-സാക്ഷരത ക്രമീകരിക്കും. സർക്കാർ സേവനങ്ങൾ ജനങ്ങളുടെ വിരൽ തുമ്പിൽ ലഭ്യമാക്കുന്നതിനുള്ള സർക്കാർ നയത്തിന്റെ ഭാഗമായാണ് റവന്യൂ വകുപ്പ് സമഗ്രമായ ഡിജിറ്റൈസേഷൻ നടപടികളുമായി മുന്നോട്ട് പോകുന്നത്. വകുപ്പിൽ നിന്നും നൽകി വരുന്ന ഏതാണ്ടെല്ലാ സേവനങ്ങളും ഇന്ന് ഓൺലൈനായി ലഭ്യമാകും. എന്നാൽ ഈ സേവനം പൊതുജനങ്ങൾക്ക് അനുഭവവേദ്യമാകുന്നില്ല എന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞു കൊണ്ടാണ് ഈ നടപടിയിലേക്ക് റവന്യൂ വകുപ്പ് കടക്കുന്നത് . ഇതിന്റെ പ്രധാന കാരണം റവന്യൂ സംബന്ധമായ വിഷയങ്ങളിലും ഓൺലൈൻ സേവനങ്ങൾ സംബന്ധിച്ചും പൊതുജനങ്ങൾക്ക് വേണ്ടത്ര അവഗാഹമില്ലാത്തതാണ് . ഇത് മുതലെടുക്കുന്ന ഇടനിലക്കാരും ഇന്ന് ധാരാളമായുണ്ട് എന്നതിന് ഉദാഹരണമാണ് നാം വഴിവക്കിൽ കാണുന്ന ‘ നിലം തരം മാറ്റിക്കൊടുക്കും ‘ എന്ന തരത്തിലുള്ള ബോർഡുകൾ . അപേക്ഷാ ഫീസ് മാത്രം നൽകി സ്വന്തം മൊബൈൽ ഫോൺ വഴിയോ കമ്പ്യൂട്ടർ വഴിയോ അപേക്ഷ സമർപ്പിച്ച് നേടേണ്ട സേവനങ്ങൾക്ക് പതിനായിരങ്ങൾ ഇടനിലക്കാരൻ കൈക്കലാക്കുന്നു. ഇത്തരത്തിലാണ് മറ്റ് സേവനങ്ങളുടെ കാര്യവും.
ഇതിന് പരിഹാരമെന്ന നിലയിലാണ് റവന്യൂ സാക്ഷരത എന്ന ബ്രഹത്തായ പദ്ധതിക്ക് റവന്യു വകുപ്പ് തുടക്കം കുറിക്കുന്നത്. റവന്യൂ സംബന്ധമായ വിവിധ സേവനങ്ങൾ , അവ ലഭ്യമാകുന്നതിനുള്ള യോഗ്യതകൾ, സമർപ്പിക്കേണ്ട രേഖകൾ, അപേക്ഷ സമർപ്പിക്കുന്ന വിധം , നിരസിച്ചാൽ അപ്പീൽ സമർപ്പിക്കേണ്ട വിധം , എന്നിങ്ങനെയുള്ള വിവിധ കാര്യങ്ങളിൽ പൊതുജനങ്ങളെ ബോധവൽക്കരിക്കുകയാണ് ലക്ഷ്യം. ആയതിലേക്കായി നിലവിലുള്ള വില്ലേജ് തല ജനകീയ സമിതി അംഗങ്ങൾ, കുടുംബശ്രീ, സന്നദ്ധ സംഘടനാ പ്രതിനിധികൾ, റസിഡന്റ് സ് അസോസിയേഷൻ പ്രതിനിധികൾ, സർവ്വീസ് സംഘടനാ പ്രതിനിധികൾ എന്നിവരെ മാസ്റ്റർ ട്രെയ്നി മാരായി നിശ്ചയിച്ച് ഐഎൽഡിഎം മുഖേന പരിശീലനം നൽകാനും മാസ്റ്റർ ടെയ്നി മാരെ ഉപയോഗിച്ച് വിവിധ റസിഡന്റ്സ് അസോസിയേഷനുകൾ , കുടുംബശ്രീ യൂണിറ്റുകൾ, ക്ലബ്ബുകൾ എന്നിവ മുഖേ എല്ലാ ജനങ്ങളിലും റവന്യൂ സാക്ഷരത എത്തിക്കുന്നതിനുമാണ് പദ്ധതി. ഇത് കൂടാതെ വിവിധ വിഷയങ്ങൾ സംബന്ധിച്ച് ഐഎൽഡിഎം മുഖേന ചെറിയ വീഡിയോകളും നിർമ്മിച്ച് പ്രചരിപ്പിക്കും.