റവന്യൂ വകുപ്പിന് അഭിമാന നിമിഷം – രണ്ടര വർഷത്തിനുള്ളിൽ ഒന്നരലക്ഷം പട്ടയങ്ങൾ എന്ന നാഴികക്കല്ല് തീർത്ത് റവന്യൂ വകുപ്പ്
സാംസ്കാരിക നഗരമായ തൃശൂരിൽ റവന്യൂ വകുപ്പ് സംസ്ഥാനതല പട്ടയമേളയിലൂടെ രണ്ടര വർഷത്തിനുള്ളിൽ 1,53,103 പട്ടയങ്ങൾ വിതരണം ചെയ്തുകൊണ്ട് ചരിത്രം രചിക്കുമ്പോൾ അടുക്കും ചിട്ടയുമാർന്ന പരിശ്രമത്തിന്റെ വിജയഗാഥകൾ പിന്നാമ്പുറത്തുണ്ട്. പട്ടയ പ്രശ്നങ്ങൾ പരിഹരിക്കാനായി പട്ടയമിഷൻ എന്ന ആശയത്തോടെയാണ് സർക്കാർ പ്രവർത്തനം ആരംഭിച്ചത്.
നാൾ വഴികൾ
* ഭൂരഹിതരെ സംബന്ധിച്ച വിവര ശേഖരണമായിരുന്നു ആദ്യ പടി.
* വില്ലേജ് തല ജനകീയ സമിതികളികളിലൂടെയും എംഎൽഎമാരുടെ നേതൃത്വത്തിൽ മണ്ഡലങ്ങളിൽ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് പട്ടയം അസംബ്ലികൾ നടത്തി വിപുലമായ വിവര ശേഖരണം നടത്തി.
* തഹസിൽദാർ പദവിയിൽ കുറയാത്ത ഉദ്യോഗസ്ഥന് നോഡൽ ഓഫീസർ ചുമതല ഓരോ നിയോജക മണ്ഡലത്തിലും നൽകി.
* നോഡൽ ഓഫീസറിന്റെ നേതൃത്വത്തിൽ മണ്ഡലത്തിൽ ജില്ലാതല ദൗത്യ സംഘങ്ങൾക്ക് പരിഹരിക്കാൻ സാധിക്കുന്നത്ര സമയബന്ധിതമായി പരിഹരിച്ചു.
* ബാക്കിയുള്ളവ സംസ്ഥാനതല ദൗത്യ സംഘത്തിന് കൈമാറി.
* പട്ടയ പ്രശ്നങ്ങൾ പട്ടയ ഡാഷ് ബോർഡിൽ ഉൾപ്പെടുത്തി റവന്യൂ മന്ത്രിയുടെ നേതൃത്വത്തിൽ നേരിട്ട് പരിശോധിച്ചു പരിഹാരങ്ങൾ കണ്ടെത്തി.
* കുളം പുറംമ്പോക്ക്, മേച്ചിൽപുറം, കന്നുകാലിച്ചാൽ, വനാതിർത്തി പ്രദേശങ്ങൾ, തദ്ദേശസ്വയം ഭരണ വകുപ്പിൻ്റെ കീഴിലുള്ള ഭൂമി, പൊതുമരാമത്ത് റോഡിൻ്റെ വശങ്ങളിലുള്ള ഭൂമി, ഇറിഗേഷൻ വകുപ്പിൻ്റെ കീഴിലുള്ള ഭൂമി തുടങ്ങിയ വിവിധ വകുപ്പുകളുടെ കീഴിലുള്ള ഭൂമികൾ ലഭ്യമാക്കുന്നതിന് വേണ്ടി ബന്ധപ്പെട്ട വകുപ്പുകളെയല്ലാം ഏകോപിപ്പിച്ച് ചീഫ് സെക്രട്ടറി ചെയർമാനായി സംസ്ഥാനതല നിരീക്ഷണ സമിതി രൂപീകരിച്ചും പട്ടയ മിഷൻ പ്രവർത്തനങ്ങളിൽ മുന്നേറ്റം സൃഷ്ടിച്ചു.
* താലൂക്ക് ലാൻ്റ് ബോർഡുകളെ നാല് സോണൽ ബോർഡുകളാക്കി ഡെപ്യൂട്ടി കലക്ടർമാർക്ക് പൂർണ്ണമായി ഈ രംഗത്തെ ചുമതല നൽകി.
* ഇതിലൂടെ 101 കേസുകൾ പതിനൊന്ന് മാസം കൊണ്ട് തീർപ്പാക്കി 1622 ഏക്കറോളം ഭൂമിയും കരസ്ഥമാക്കി. ഇതെല്ലാം ഭൂരഹിതരിലേക്കെത്തും.