സംസ്ഥാനത്തെ നെല്‍വയലുകളുടെ ഡേറ്റാബാങ്ക് സംശുദ്ധീകരിച്ച് അന്തിമമാക്കാന്‍ നടപടിയായി അതിനായി ഉന്നത തല യോഗം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്, കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് എന്നിവര്‍ പങ്കെടുത്തു കൊണ്ട് തിരുവനന്തപുരത്ത് ചേര്‍ന്നു. പ്രസ്സുത യോഗത്തിലാണ് സംസ്ഥാനത്തെ ഡേറ്റാബാങ്ക് സംശുദ്ധീകരിച്ച് അന്തിമമാക്കുന്നതിനുള്ള നടപടി സ്വീകരിക്കുവാന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. 2008 ലെ ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയാണ് ഡേറ്റാബാങ്ക് പ്യൂരിഫിക്കേഷനുള്ള നടപടികള്‍ പൂര്‍ത്തീകരിക്കുക. KSREC (കേരള സ്റ്റേറ്റ് റിമോട്ട് സെന്‍സിംഗ് & എന്‍വയോണ്‍മെന്‍റ് സെന്‍റര്‍ ) നെയാണ് നിര്‍വ്വഹണ ചുമതല ഏല്‍പ്പിച്ചിട്ടുള്ളത്. നിലവില്‍ തദ്ദേശസ്വയംഭരണ വകുപ്പ് നല്‍കിയ 500 ഡേറ്റാ ബാങ്കുകളില്‍ നിന്നും 486 എണ്ണവും സംശുദ്ധീകരിച്ച് ബന്ധപ്പെട്ട കൃഷിഭവനുകള്‍ക്ക് നല്കിയിട്ടുണ്ട്. ശേഷിക്കുന്ന ഡേറ്റാ ബാങ്കുകളുെ സംശുദ്ധീകരണമാണ് 3 മാസം കൊണ്ട് പൂര്‍ത്തീകരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇതിനായി കാര്‍ഷിക അഭിവൃദ്ധി ഫണ്ടില്‍ നിന്നും 230.80 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായിട്ടുണ്ട്. ഡേറ്റാ ബാങ്കുകളുടെ സംശുദ്ധീകരണം പൂര്‍ത്തിയാക്കിയായാല്‍ തെറ്റായി ഡേറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമി ഒഴിവാക്കപ്പെടും. ഈ ഭൂമികള്‍ക്ക് തരം മാറ്റുന്നതിനായി ഫോം നമ്പര്‍ 5 ല്‍ അപേക്ഷിക്കേണ്ട സാഹചര്യം ഒഴിവാക്കപ്പെടുകയും ചെയ്യും. ഇതിലൂടെ ഭൂമി തരം മാറ്റാനായി അപേക്ഷ നല്‍കിയിട്ടുള്ള ആയിര കണക്കിന് ആളുകള്‍ക്ക് ആശ്വാസമാകുന്നത്. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം നിലവില്‍ വന്ന 2008 വര്‍ഷം അടിസ്ഥാനമാക്കിയാണ് ഡേറ്റാ ബാങ്ക് തയ്യാറാക്കുന്നത്. 2008 ല്‍ നിലമായി കിടന്ന ഭൂമി അതിനു ശേഷം നികത്താന്‍ പാടില്ല എന്നതാണ് വ്യവസ്ഥ. ആയതിനാല്‍ 2008 ല്‍ നിലമായി കിടന്ന ഭൂമിയുടെ പട്ടികയാണ് തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ തയ്യാറാക്കി ഡേറ്റാ ബാങ്കായി വിജ്ഞാപനം ചെയ്യുന്നത്. 2008 ല്‍ തിടുക്കപ്പെട്ട് തയ്യാറാക്കിയത് മൂലം ധാരാളം അപാകതകള്‍ കടന്നു കൂടിയിട്ടുണ്ട്. ഇത് പരിഹരിക്കുന്നതിനായാണ് സാങ്കേതിക വിദ്യയുടെയും സാറ്റലൈറ്റ് ഇമേജിന്‍റേയും സഹായത്തോടെ ഡാറ്റാ ബാങ്കുകള്‍ സംശുദ്ധീകരിക്കുന്നത്. ഡാറ്റാ ബാങ്കുകള്‍ അന്തിമമാകുന്നതോടു കൂടി സംസ്ഥാനത്ത് അനധികൃത നെല്‍വയല്‍ നികത്തലിന് ശാശ്വത പരിഹാരമാകും. അതേ സമയം തെറ്റായി ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ട ഭൂമി പ്രത്യേക അപേക്ഷ കൂടാതെ തന്നെ ഡാറ്റാ ബാങ്കില്‍ നിന്നും ഒഴിവാക്കപ്പെടും.