കുട്ടികളുടെ മാനസിക- ശാരീരിക ആരോഗ്യം പ്രധാനം
അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനു പുറമേ വിദ്യാർഥികളുടെ മാനസിക- ശാരീരിക ആരോഗ്യത്തിലും ശ്രദ്ധ ചെലുത്തി പുതിയ കാലത്തിന് ചേരുന്ന നല്ല മനുഷ്യരായി കുട്ടികളെ വളർത്തുകയാണ് ലക്ഷ്യം. പ്രൈമറി വിദ്യാർഥികൾക്കുള്ള സമഗ്ര ആരോഗ്യ കായിക വിദ്യാഭ്യാസ പരിപോഷണ പരിപാടിയായ ഹെൽത്തി കിഡ്സ് പദ്ധതി പട്ടിക്കാട് ഗവ. എൽ.പി. സ്കൂളിൽ ഉദ്ഘാടനം നിർവഹിച്ചു.
പൊതുവിദ്യാഭ്യാസ മേഖലയിൽ ചിലവാക്കുന്ന തുക ശക്തരായ വ്യക്തിത്വങ്ങളെ സൃഷ്ടിക്കാൻ ഉള്ള മൂലധനമാണ്. വിദ്യാഭ്യാസരംഗത്ത് നവ കാഴ്ചപ്പാടുകളിൽ പിന്തുടർന്നാണ് സംസ്ഥാനത്ത് വിവിധ പദ്ധതികൾ നടപ്പാക്കുന്നത്. കുട്ടികളെ ലഹരി വസ്തുക്കളുടെ ഉപയോഗത്തിൽ നിന്ന് മോചിപ്പിക്കാൻ ഇത്തരം പ്രവർത്തനങ്ങൾ ആവശ്യമാണ്. പട്ടിക്കാട് ഗവ. എൽ പി സ്കൂളിനെ മാതൃകാ വിദ്യാലയമാക്കി മാറ്റുന്നതിന് അധ്യാപകരെയും രക്ഷിതാക്കളെയും പൂർവ്വ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി വിപുലമായ യോഗം ഈ മാസം ചേരും.
പരിപാടിയോട് അനുബന്ധിച്ച് സ്കൂളിലെ ഒന്ന്, രണ്ട് ക്ലാസ്സുകളിലെ വിദ്യാർഥികൾ തയ്യാറാക്കിയ ഡയറി പ്രകാശനം ചെയ്തു. നവകേരള സദസ്സിൽ പ്രകാശനം ചെയ്ത കലണ്ടർ തയ്യാറാക്കാൻ നേതൃത്വം നൽകിയ എച്ച്.എം. പി എസ് ഷിനിയെ സ്കൂൾ പി ടി എക്ക് വേണ്ടി ആദരിച്ചു.
പൂർണ കായിക ക്ഷമതയുള്ള തലമുറയെ വളർത്തിയെടുക്കുന്നതിനോടൊപ്പം ശരിയായ ശരീര വളർച്ചയ്ക്ക് അഭികാമ്യമായ കായിക പ്രവർത്തനങ്ങൾ എൽ പി തലം മുതൽ തുടങ്ങുകയാണ് പദ്ധതി ലക്ഷ്യം. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 30 വിദ്യാലയങ്ങളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പിലാക്കുന്നത്. ഓൺലൈൻ കളിയുടെ ചാരുതയോടുകൂടി കായിക പ്രവർത്തനങ്ങളിലൂടെ മാത്രം ഫലം പ്രാപ്യമാക്കുന്ന രീതിയിലുള്ള ഉപകരണങ്ങൾ ഉൾപ്പെടുന്ന സ്മാർട്ട് ഗെയിം റൂം, കുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസത്തിന് കൂടുതൽ ഉത്സാഹവും ഉണർവും വിനോദങ്ങളിലൂടെ ലഭിക്കുന്ന പരിപാടികൾ, ഓരോ അധ്യാപകർക്കും ഓൺലൈൻ പരിശീലനം, കുട്ടികളുടെ ദിവസേനയുള്ള പ്രവർത്തന മികവ് അറിയാനായി റിയൽ ടൈം ഓൺലൈൻ പരിശീലനം തുടങ്ങിയവ പദ്ധതിയുടെ പ്രത്യേകതയാണ്. കായിക യുവജനകാര്യ വകുപ്പിന്റെ സഹകരണത്തോടെ പൊതു വിദ്യാഭ്യാസ വകുപ്പിനുവേണ്ടി എസ്.സി.ഇ.ആർ.ടി. വികസിപ്പിച്ച പദ്ധതിയാണ് ഹെൽത്തി കിഡ്സ്.