സംസ്ഥാന സർക്കാരിന്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി നടന്ന പട്ടയമേളയിൽ 1203 പട്ടയങ്ങളാണ് വിതരണം ചെയ്തത്. 305 എൽ.എ പട്ടയം, 508 മിച്ചഭൂമി പട്ടയം, മുത്തങ്ങ ഭൂസമരത്തിൽ പങ്കെടുത്തവർക്കുള്ള 37 കൈവശരേഖകൾ, 353 ലാൻഡ് ട്രീബ്യൂണൽ ക്രയ സർട്ടിഫിക്കറ്റ് എന്നിവയാണ് ചടങ്ങിൽ വിതരണം ചെയ്തത്. ഈരംകൊല്ലി കോളനിയിൽ നിന്നും കറുത്തയും ആമയും പട്ടയം വാങ്ങാനെത്തി. മുത്തങ്ങയുടെ പ്രതിനിധികളായി നഞ്ഞിയും കൂട്ടരുമാണ് പട്ടയം വാങ്ങാനെത്തിയത്. മുത്തങ്ങ സമരത്തിൽ പങ്കെടുത്ത 37 പേർക്ക് കൂടി ഭൂമിക്ക് കൈവശ രേഖകൾ സ്വന്തമായി. തലപ്പുഴ പാരിസൺ എസ്റ്റേറ്റിലെ മിച്ചഭൂമിക്ക് പട്ടയം ലഭിച്ചവരും കൂട്ടത്തോടെയാണ് പട്ടയമേളയിലെത്തിയത്. വിവിധ കാരണങ്ങളാൽ പട്ടയവും കൈവശ രേഖകളും ഇതുവരെ കിട്ടാൻ വൈകിയവർക്ക് ഇതെല്ലാം ചരിത്ര നിമിഷമായി. പട്ടയ വിതരണത്തിനായി പ്രത്യേക കൗണ്ടർ മേളയിൽ സജ്ജീകരിച്ചിരുന്നു. വില്ലേജ് അടിസ്ഥാനത്തിലുള്ള പട്ടയ വിതരണം കാര്യക്ഷമമാക്കാൻ റവന്യു ജീവനക്കാരെയും വിന്യസിച്ചിരുന്നു.