പാലക്കാട് ജില്ലയിലെ മരുത്വാ റോഡ് (ch 0.000) മുതൽ കോഴിക്കോട് ജില്ലയിലെ ഒളവണ്ണ വരെ (ch 121.006) 121 കിലോമീറ്റർ ദൈർഘ്യമുള്ള പാലക്കാട് – കോഴിക്കോട് ദേശീയപാത-966 (ഗ്രീൻഫീൽഡ് ഹൈവേ) പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ മൂന്ന് ജില്ലകളിലൂടെയാണ് കടന്നു പോകുന്നത്. ഗ്രീൻഫീൽഡ് ഹൈവേക്കായി മൂന്ന് ജില്ലകളിലായി ആകെ 545.527 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടതായിട്ടുണ്ട്.

NH Act 1956 പ്രകാരം പ്രസ്തുത ഹൈവേക്കു വേണ്ടി ഏറ്റെടുക്കുന്ന ഭൂമിക്ക് 2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമം പട്ടിക-1 പ്രകാരമുള്ള നഷ്ടപരിഹാരവും ആ ഭൂമിയിൽ താമസിക്കുന്നവർക്ക് പട്ടിക-2 പ്രകാരമുള്ള പുനരധിവാസവും നൽകുന്നതാണ്. ഭൂമിയുടെ വില 2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമം വകുപ്പ് 26 പ്രകാരമാണ് മാർക്കറ്റ് വില (BVR) കണക്കാക്കുന്നത്.

3A നോട്ടിഫിക്കേഷൻ തീയതിക്ക് പുറകിലേക്ക് 3 വർഷക്കാലയളവിൽ, ഭൂമി ഏറ്റെടുക്കുന്ന വില്ലേജിലോ സമീപ വില്ലേജുകളിലോ നടന്ന സമവും സമാനമായ ഭൂമികളുടെ മുഴുവൻ ആധാരങ്ങളും പരിശോധിച്ച് ഏറ്റവും കൂടിയ വില കാണിച്ച പകുതി ആധാരങ്ങളുടെ ശരാശരി വിലയാണ് മാർക്കറ്റ് വിലയായി (BVR) കണക്കാക്കുന്നത്. ഇത്തരത്തിൽ കണക്കാക്കിയ മാർക്കറ്റ് വിലയുടെ (BVR)-(a) ഗുണന ഘടകവും (നഗര പ്രദേശത്ത് നിന്നും 10 കി.മീ ഉള്ളിൽ ഗുണന ഘടകം 1.2, 10-20 കി.മീ ഉള്ളിൽ ഗുണന ഘടകം 1.4, 20-30 കി.മീ ഉള്ളിൽ ഗുണന ഘടകം 1.6 അപ്രകാരം) -(b), ഏറ്റെടുക്കുന്ന ഭൂമിയിലെ എല്ലാവിധ നിർമ്മിതികൾക്കും പ്ലിന്ത് ഏരിയ (തറ വിസ്തീർണ്ണം) അടിസ്ഥാനത്തിൽ (പൊതുമരാമത്ത് വകുപ്പ്) കണക്കാക്കുന്ന വില (6% സാൽവേജ് വാല്യൂ കുറച്ച്), മരങ്ങളുടെ വില നിർണ്ണയം (സോഷ്യൽ ഫോറസ്ട്രി ഡിപ്പാർട്ട്‌മെന്റ്), കാർഷിക വിളകളുടെ വില നിർണ്ണയം (അഗ്രികൾച്ചറൽ ഡിപ്പാർട്ട്‌മെന്റ് )-(C) എന്നിവ കൂട്ടി കിട്ടുന്ന (a x b+c) വിലയും ആയതിന്റെ 100% സൊലേഷ്യവും അടക്കം കണക്കാക്കുന്ന വിലയും (a x b+c) * 100 =(d), അതോടൊപ്പം 3A വിജ്ഞാപന തീയതി മുതൽ അവാർഡ് തീയതി വരെ 12% നിരക്കിൽ മാർക്കറ്റ് വിലയുടെ അധിക വർദ്ധനവും നൽകുന്നതാണ്. ഭൂമി ഏറ്റെടുക്കൽ മൂലം ഭൂമിയും വീടും നഷ്ടപ്പെടുന്നവർക്ക് പട്ടിക-2 പ്രകാരമുള്ള പുനരധിവാസത്തിനും അർഹത ഉണ്ടായിരിക്കുന്നതാണ്.

ഏറ്റെടുക്കുന്ന ഭൂമിയിലെ എല്ലാവിധ നിർമ്മിതികൾക്കും (പൊതുമരാമത്ത് വകുപ്പ്) നഷ്ടപരിഹാരം നിർണ്ണയിക്കുന്നത് പ്ലിന്ത് ഏരിയ (തറ വിസ്തീർണ്ണം) അടിസ്ഥാനത്തിലാണ്. NH Manual പ്രകാരം പ്ലിന്ത് ഏരിയ അടിസ്ഥാനത്തിൽ കണക്കാക്കുന്ന നഷ്ടപരിഹാരം കെട്ടിട ഉടമയ്ക്കാണ് അനുവദിക്കുന്നത്. കെട്ടിടങ്ങൾ വാടകയ്ക്ക് എടുത്ത് ഫർണിഷിംഗ് നടത്തി കച്ചടവടം ചെയ്യുന്നവർക്ക് NH Manual പ്രകാരം പുനഃസ്ഥാപനത്തിനുള്ള ഒറ്റത്തവണ അലവൻസായി 25,000/- രൂപയും ഒറ്റത്തവണ സാമ്പത്തിക സഹായമായി 50,000/- രൂപയും നല്കാനേ വ്യവസ്ഥയുള്ളു. എന്നാൽ ഫർണിഷിംഗ് നടത്തി കച്ചടവടം ചെയ്യുന്നവർക്ക് ഫർണിഷിംഗ് (interior) ഉള്ള പ്രത്യക ക്ലെയിം സമർപ്പിക്കുന്ന മുറയ്ക്ക് ആയത് പരിശോധിച്ച് നഷ്ടപരിഹാരം നിർണ്ണയിക്കുന്നതാണ്. കോംപീറ്റന്റ് അതോറിറ്റി ക്ലെയിം നിരസിക്കുന്ന പക്ഷം Arbitration & Reconciliation Act പ്രകാരം ആർബിട്രേറ്ററായ ജില്ലാ കളക്ടറെ സമീപിച്ച് പരാതി പരിഹാരം തേടാവുന്നതാണ്.

ലക്ഷം വീട് കോളനിയിൽ പതിറ്റാണ്ടുകളായി തർക്കരഹിതമായി താമസിച്ചുവരുന്നവർക്ക് പട്ടയം ലഭ്യമാക്കി നഷ്ടപരിഹാരം 2013 RFCLTLARR Act പ്രകാരമുള്ള നഷ്ടപരിഹാരവും നിലവിലെ പുനരധിവാസ പാക്കേജ് പ്രകാരവും നഷ്ടപരിഹാരം അനുവദിക്കുന്നതാണ്.

ബഹു. അംഗം ഉന്നയിച്ച വിഷയം അംഗം ഉൾപ്പെടെയുള്ല ജനപ്രതിനിധികൾ നേരത്തെ തന്നെ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുള്ള വിഷയമാണ്. ഗ്രീൻഫിൽഡ് ഹൈവെയുടെ ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട ജനങ്ങൾക്കുണ്ടായ ആശങ്ക പരിഹരിക്കുന്നതിനു വേണ്ടി എംഎൽഎ മാരും റവന്യൂ, എൽഎ (എൻഎച്ച്) എന്നിവയിലെ ഉദ്യോഗസ്ഥൻമാരുമായും ഒരു യോഗം 2022 ഡിസംബർ 23-ാം തിയ്യതി അഴീക്കോട് വെച്ച് ചേരുകയുണ്ടായി. പ്രസ്തുത യോഗത്തിൽ ഉയർന്ന് വന്ന ആവശ്യങ്ഹളുടെ അടിസ്ഥാനത്തിൽ ഭൂമി വില നിർണ്ണയിക്കുന്ന അവസരത്തിൽ കെട്ടിടങ്ങളുടെ ഡിപ്രീസിയേഷൻ ഫാക്ടർ ഒഴിവാക്കണമെന്ന വിഷയത്തിൽ ദേശീയപാത അതോറിറ്റിക്ക് കത്ത് നൽകുകയും ചെയ്തിട്ടുണ്ട്. ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനത്തിൽ ഉൾപ്പെട്ടവർ അപേക്ഷിച്ചിട്ടുള്ള പട്ടയങ്ങൾ അനുവദിക്കുന്ന കാര്യത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുന്നതിനും പ്രസ്തുത സർവ്വെ നമ്പറിൽ ഉൾപ്പെട്ട നെൽവയൽ തണ്ണീർത്തട സംരക്ഷണ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമപ്രകാരമുള്ള തരം മാറ്റ അപേക്ഷകൾ മുൻഗണന നൽകി തീർപ്പാക്കുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് ജനങ്ങൾക്കുള്ള ഏത് ആശങ്കയും പരിഹരിക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ് എന്ന് ബഹു. അംഗത്തെ അറിയിക്കുന്നു.