സമൂഹത്തിന്റെ നാനാതട്ടിലുള്ള ജനങ്ങൾക്ക് പരാതിപരിഹാരം ഉറപ്പാക്കി ആശ്വാസമെത്തിക്കാൻ ബൃഹത് കർമപരിപാടിയുമായി സർക്കാർ. വിവിധ കാരണങ്ങളാൽ പരിഹരിക്കപ്പെടാത്ത പരാതികളും വിഷയങ്ങളും അതിവേഗം പരിഹരിക്കാൻ ‘കരുതലും കൈത്താങ്ങും’മായി സംസ്ഥാനമൊട്ടാകെ നടന്നുവരുന്ന വിപുലമായ താലൂക്ക് അദാലത്തുകളാണ് ജനങ്ങൾക്ക് ആശ്വാസമാകുന്നത്. ഏപ്രിൽ 30 മുതൽ ജൂൺ 4 വരെ വിവിധ താലൂക്ക് കേന്ദ്രങ്ങളിലാണ് അദാലത്തുകൾ സംഘടിപ്പിക്കുന്നത്. പൊതുജനക്ഷേമം ഉറപ്പാക്കി പരാതിരഹിത കേരളം സൃഷ്ടിക്കുന്നതിനുള്ള സമഗ്രവും ശാസ്ത്രീയവുമായ ചുവടുവെയ്പിന്റെ ഭാഗമായി 2023 മെയ് -ജൂൺ മാസങ്ങളിലായി താലൂക്ക് ആസ്ഥാനങ്ങളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ നടക്കുന്ന അദാലത്തുകളിലേക്കുള്ള പരാതികളും അപേക്ഷകളും ഏപ്രിൽ ഒന്നു മുതൽ 10 വരെ താലൂക്ക് ഓഫീസുകളിലും, അക്ഷയ കേന്ദ്രങ്ങളിലും ഓൺലൈനായും സ്വീകരിച്ചിരുന്നു. വിപുലമായ പരാതി പരിഹാര സൗകര്യങ്ങളുണ്ടെങ്കിലും ഫയലുകൾ നീങ്ങാത്തതും ഉദ്യോഗസ്ഥതലത്തിൽ പരാതികൾ പലതും പരിഹരിക്കാതെ നീണ്ടുപോകുന്നതും നിരവധി സാമൂഹ്യ പ്രതിസന്ധികൾക്ക് കാരണമാവുന്ന പശ്ചാത്തലത്തിലാണ് വിപുലമായ പരാതിപരിഹാര സംവിധാനം സംഘടിപ്പിക്കുന്നത്.
വിവിധ മേഖലകളിലായി 27 വിഷയങ്ങളാണ് അദാലത്തിൽ പരിഗണിച്ചത്. ഭൂമി സംബന്ധമായ വിഷയങ്ങളായ അതിർത്തി നിർണ്ണയം, അനധികൃത നിർമ്മാണം, ഭൂമി കയ്യേറ്റം,സർട്ടിഫിക്കറ്റുകൾ/ലൈസൻസുകൾ നൽകുന്നതിലെ കാലതാമസം/നിരസിക്കൽ,തണ്ണീർത്തട സംരക്ഷണം,വിവാഹ/പഠന ധനസഹായം, ക്ഷേമ പെൻഷൻ തുടങ്ങിയ ക്ഷേമ പദ്ധതികൾ, പ്രകൃതി ദുരന്തങ്ങൾക്കുള്ള നഷ്ടപരിഹാരം, സാമൂഹ്യ സുരക്ഷ പെൻഷൻ-കുടിശ്ശിക ലഭിക്കുക, പെൻഷൻ അനുവദിക്കുക, പരിസ്ഥിതി മലിനീകരണം/ മാലിന്യ സംസ്കരണം,തെരുവ്നായ സംരക്ഷണം/ശല്യം, അപകടകരങ്ങളായ മരങ്ങൾ മുറിച്ചുമാറ്റുന്നത്, തെരുവുവിളക്കുകൾ, അതിർത്തി തർക്കങ്ങളും വഴി തടസ്സപ്പെടുത്തലും, വയോജന സംരക്ഷണം, കെട്ടിട നിർമ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പർ, നികുതി), പൊതു ജല സ്രോതസ്സുകളുടെ സംരക്ഷണവും കുടിവെള്ളവും, റേഷൻകാർഡ് (എ.പി.എൽ/ബി.പി.എൽ) (ചികിത്സ ആവശ്യങ്ങൾക്ക്), വന്യജീവി ആക്രമണങ്ങളിൽ നിന്നുള്ള സംരക്ഷണം/നഷ്ടപരിഹാരം, വിവിധ സ്കോളർഷിപ്പുകൾ സംബന്ധിച്ചുള്ള പരാതികൾ/ അപേക്ഷകൾ, വളർത്ത് മൃഗങ്ങൾക്കുള്ള നഷ്ടപരിഹാരം/സഹായം, കൃഷിനാശത്തിനുള്ള സഹായങ്ങൾ, കാർഷിക വിളകളുടെ സംഭരണവും വിതരണവും, വിള ഇൻഷുറൻസ്, ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ടവ, മത്സ്യ ബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ, ശാരീരിക/ബുദ്ധി/മാനസിക വൈകല്യമുള്ളവരുടെ പുനരധിവാസം, ധനസഹായം, പെൻഷൻ, വിവിധ ക്ഷേമനിധി ബോർഡുകളിൽ നിന്നുള്ള ആനുകൂല്യങ്ങൾ, എൻഡോസൾഫാൻ ദുരിതബാധിതരുടെ വിഷയങ്ങൾ, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗങ്ങൾക്കുള്ള വിവിധ ആനുകൂല്യങ്ങൾ, വ്യവസായ സംരംഭങ്ങൾക്കുള്ള അനുമതി എന്നിവയാണ് പ്രധാനമായി പരിഗണിച്ച മേഖലകൾ.
ഉദ്യോഗസ്ഥ തലത്തിൽ പരിഹരിക്കാൻ കഴിയാത്ത വിഷയങ്ങളിൽ അദാലത്തിൽ മന്ത്രിമാർ തീരുമാനം എടുക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഏകദേശം മുപ്പതിലേറെ താലൂക്കുകളിൽ മന്ത്രിമാരുടെ നേതൃത്വത്തിൽ അദാലത്തുകളിൽ പൂർത്തീകരിച്ചുകഴിഞ്ഞു. പരാതികളുടെ പരിശോധനയ്ക്കും തുടർ നടപടികൾക്കുമായി സമഗ്രമായ ശാസ്ത്രീയ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. താലൂക്ക്തലത്തിൽ ലഭിക്കുന്ന പരാതികൾ താലൂക്ക് അദാലത്ത് സെല്ലുകൾ സ്വീകരിച്ച് നേരിട്ട് ജില്ലാതല മോണിറ്ററിംഗ് സെല്ലിന് കൈമാറുന്നു. ലഭിക്കുന്ന പരാതികൾ അതത് ദിവസം വകുപ്പ് തല അദാലത്ത് സെല്ലുകൾ പരിശോധിച്ച് പരിഹാരം കാണും. അദാലത്ത് നടത്തിപ്പും പരാതികളിലുള്ള തുടർനടപടികളുടെ നിരീക്ഷണവും കളക്ട്രേറ്റിലുള്ള ജില്ലാതല മോണിറ്ററിംഗ് സെല്ലുകൾക്കാണ്. മന്ത്രിമാർ പങ്കെടുക്കുന്ന അദാലത്തുകളിൽ ആ താലൂക്കിൽ നിന്ന് ലഭിച്ചതും തീർപ്പ് കൽപ്പിക്കാനാകുമെന്ന് കണ്ടെത്തിയതുമായി പരാതിക്കാരെയാണ് പങ്കെടുപ്പിക്കുന്നത്. മന്ത്രിമാർ പരാതിക്കാരെ നേരിട്ട് കണ്ട് പരാതി കേട്ട്, അവർ നേരത്തെ സമർപ്പിച്ച പരാതിയും അതിന്മേലുള്ള റിപ്പോർട്ടും പരിശോധിച്ച ശേഷം തീരുമാനം കൈക്കൊള്ളുന്നു.
ക്ഷേമ പെൻഷൻ, മുൻഗണന റേഷൻ കാർഡ്, ധനസഹായം, ലൈഫ് ഭവന പദ്ധതി തുടങ്ങിയ പരാതികളും അപേക്ഷകളുമാണ് ഇതുവരെ ലഭിച്ചതിലേറെയും. അദാലത്തുകൾ പൂർത്തിയാക്കിയ ജില്ലകളിലെ കണക്കുകൾ പ്രകാരം കേരളത്തിൽ വേഗത്തിൽ നടപ്പിലാക്കുന്ന ഏറ്റവും വലിയ ജനകീയ പരാതി പരിഹാര സംവിധാനമാണ് കരുതലും കൈത്താങ്ങും താലൂക്ക്തല അദാലത്തുകൾ.
ഉദാഹരണമായി, മെയ് 2ന് അദാലത്തുകൾ ആരംഭിച്ച തിരുവനന്തപുരം ജില്ലയിൽ ഇതുവരെ ഏകദേശം എണ്ണായിരത്തിലേറെ പരാതികളാണ് ലഭിച്ചിട്ടുള്ളത്. തിരുവനന്തപുരം താലൂക്കിൽ ആകെ ലഭിച്ച 2847 അപേക്ഷകളിൽ 1012 എണ്ണം തീർപ്പാക്കി. നെടുമങ്ങാട് താലൂക്കിൽ 1692 അപേക്ഷകളാണ് തീർപ്പാക്കിയത്. ഓൺലൈനായി 3101 അപേക്ഷകൾ ലഭിച്ചു. നെയ്യാറ്റിൻകര താലൂക്കിൽ ആകെ 2401 അപേക്ഷകൾ ഓൺലൈനായും 773 പരാതികൾ നേരിട്ടും ലഭിച്ചു. 975 അപേക്ഷകൾ തീർപ്പാക്കി. വർക്കല താലൂക്കിൽ 2053 അപേക്ഷകളാണ് ലഭിച്ചത്. കൊല്ലം ജില്ലയിൽ ആകെ 3413 അപേക്ഷകൾ ആണ് ലഭിച്ചത്. കൊല്ലം താലൂക്കിൽ 1176 അപേക്ഷകളും, കരുനാഗപ്പള്ളി 626, കുന്നത്തൂർ 336, പത്തനാപുരം 274, പുനലൂർ 309, കൊട്ടാരക്കര 692 അപേക്ഷകളുമാണ് ലഭിച്ചത്. പത്തനംതിട്ട ജില്ലയിൽ കോഴഞ്ചേരി താലൂക്കിൽ 375 പരാതികളാണ് അദാലത്തിലെത്തിയത്. ഇതിൽ പരിഗണിച്ച 265 പരാതികൾ തീർപ്പാക്കി.
കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരി താലൂക്കിൽ പരിഗണിച്ച 168 പരാതികളിൽ 143 എണ്ണം തീർപ്പാക്കി. കോഴിക്കോട് 4207 അപേക്ഷകൾ ലഭിച്ചു. കോഴിക്കോട് താലൂക്കിൽ 1451, കൊയിലാണ്ടി താലൂക്കിൽ ഓൺലൈനായി ലഭിച്ച 118 പരാതികളിൽ 450 എണ്ണം തീർപ്പാക്കി. വടകര 1039, താമരശ്ശേരി 600 അപേക്ഷകളും അദാലത്തിലെത്തി. കണ്ണൂർ ജില്ലയിൽ ഇതുവരെ 3553 പരാതികൾ ലഭിച്ചു. തലശ്ശേരി താലൂക്കിൽ ലഭിച്ച 621 പരാതികളിൽ 252 പരാതികൾ തീർപ്പാക്കി. പാലക്കാട് ഏഴ് താലൂക്കുകളിലായി മെയ് 16 മുതൽ 26 വരെ നടക്കുന്ന അദാലത്തിലേക്കായി 3813 പരാതികളാണ് ഇതുവരെ ലഭിച്ചത്. ഇവയിലേറെയും സിവിൽ സപ്ലൈസ്, റവന്യു വകുപ്പുകളിൽപ്പെടുന്നവയാണ്. മറ്റു ജില്ലകളിൽ അദാലത്തുകൾ തുടരുകയാണ്.
എല്ലാ വകുപ്പുകളുടെയും ജില്ലാതല ഉദ്യോഗസ്ഥരും അദാലത്തുകളിൽ പങ്കെടുക്കുന്നു. ഹരിത ചട്ടം പാലിച്ചുകൊണ്ട് സംഘടിപ്പിക്കുന്ന അദാലത്തിൽ കുടിവെള്ളം, ഇരിപ്പിടങ്ങൾ, കുട്ടികളുമായെത്തുന്ന അമ്മമാർക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ മുറികൾ, ലഘുഭക്ഷണം, വിശ്രമിക്കാനുള്ള സൗകര്യം, വൈദ്യസഹായം എന്നിവയൊരുക്കിയിട്ടുണ്ട്. കാലതാമസം നേരിടുന്ന അപേക്ഷകളിന്മേൽ ഉടനടി തീർപ്പുണ്ടാകുന്നു എന്നതാണ് കരുതലും കൈത്താങ്ങും അദാലത്തുകളുടെ വലിയ നേട്ടം. ഗുരുതര രോഗബാധയെ തുടർന്ന് ജീവിത പ്രയാസം നേരിടുന്ന രോഗികൾക്ക് മുൻഗണന റേഷൻ കാർഡുകൾ അനുവദിക്കുന്നത്, ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ടവ, വിദ്യാഭ്യാസ ധനസഹായം തുടങ്ങിയ അടിയന്തര പ്രശ്നങ്ങളിൽ മന്ത്രിമാരോട് നേരിട്ട് പരാതികളും ആവശ്യങ്ങളും അറിയിക്കാൻ സാധിക്കുന്നത് പൊതുജനങ്ങൾക്ക് നൽകുന്ന ആശ്വാസം ചെറുതല്ല. പല കാരണങ്ങൾ കൊണ്ട് പരിഹരിക്കപ്പെടാതെ കിടക്കുന്ന വിവിധ പ്രശ്നങ്ങളുടെ കുരുക്കുകളഴിച്ച് പരിഹാരം കാണുന്നതിലൂടെ സാധാരണ ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിതസാഹചര്യം ഒരുക്കി നൽകി കരുതലും കൈത്താങ്ങുമാകുകയാണ് സർക്കാർ.