സംസ്ഥാനത്ത് രേഖകളില്ലാതെ ഭൂമി കൈവശം വച്ചിരിക്കുന്നവർക്കും അർഹരായ ഭൂരഹിതർക്കും ഭൂമി നൽകുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പട്ടയ മിഷന്റെ ഭാഗമായി സംസ്ഥാനത്ത് എല്ലാ നിയോജക മണ്ഡലങ്ങളിലും എം.എൽ.എ-മാരുടെ നേതൃത്വത്തിൽ ‘പട്ടയ അസംബ്ലി’ ജൂലായ് 5 ന് നെടുമങ്ങാട് മണ്ഡലത്തിൽ വെച്ച് പട്ടയ അസംബ്ലിയുടെ സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിക്കും. വില്ലേജ്-പഞ്ചായത്ത് തലങ്ങളിലുളള ജനപ്രതിനിധികളിൽ നിന്നും, വില്ലേജ് തല ജനകീയ സമിതികളിൽ നിന്നും ശേഖരിക്കുന്ന പട്ടയ പ്രശ്നങ്ങളാണ് പട്ടയ അസംബ്ലികൾ പരിശോധിച്ച് പരിഹാരം കണ്ടെത്തുന്നത്. ഓരോ പട്ടയ അസംബ്ലിയുടെയും ചുമതലക്കാരായി തഹസിൽദാർ റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥരെയാണ് ചുമതലപ്പെടുത്തിയിട്ടുളളത്. പട്ടയ സഭകളിൽ പരിഹരിക്കാനാവുന്ന പട്ടയ വിഷയങ്ങൾ പരിഹരിച്ച് ലാന്റ് അസൈൻമെന്റ് കമ്മിറ്റിയുടെ അനുവാദത്തോടെ സമയബന്ധിതമായി പട്ടയം അനുവദിക്കും. പരിഹരിക്കാൻ കഴിയാത്ത പ്രശ്നങ്ങൾ നിലവിലുളള പട്ടയം ഡാഷ്ബോർഡിൽ ഉൾപ്പെടുത്തും. ഇത്തരം വിഷയങ്ങൾ ജില്ലാ കളക്ടർ അധ്യക്ഷനായ ജില്ലാ ദൗത്യ സംഘം പരിശോധിച്ച് ആവശ്യമെങ്കിൽ സംസ്ഥാനതല സമിതിയുടെ പരിഗണനയ്ക്ക് അയക്കും. ഏതെങ്കിലും നിയമ പ്രശ്നങ്ങളോ ചട്ടങ്ങളിലെ നിബന്ധനകൾ മൂലമോ തീരുമാനം എടുക്കാൻ കഴിയാത്ത വിഷയങ്ങൾ സർക്കാരിന്റെ പരിഗണനയ്ക്ക് അയയ്ക്കണം. ആവശ്യമെങ്കിൽ സർക്കാരിന്റെ പ്രത്യേക അധികാരം വിനിയോഗിച്ച് പട്ടയം നൽകും.
ആഗസ്റ്റ് മാസം 20-നു മുമ്പ് സംസ്ഥാനത്തെ മുഴുവൻ പട്ടയ അസംബ്ലികളും യോഗം ചേരും. സംസ്ഥാനത്ത് നിരവധിയായ കോളനികളിൽ താമസിക്കുന്ന പട്ടയമില്ലാത്ത വലിയ വിഭാഗം കുടുംബങ്ങളെ ഇതിനകം തന്നെ പട്ടയ മിഷന്റെ ഭാഗമായി കണ്ടെത്തി പട്ടയ ഡാഷ്ബോർഡിൽ ഉൾപ്പെടുത്തി കഴിഞ്ഞു. ഭൂപതിവ് ഉത്തരവ് ലഭിച്ച ശേഷം അജ്ഞത മൂലം ഭൂമി വില അടയ്ക്കാത്ത കൈവശക്കാർക്ക് ഭൂമി വില അടയ്ക്കാനുളള ഉത്തരവ് നൽകി പട്ടയം നൽകും. ഫ്ലാറ്റ് പോലെയുളള സംവിധാനങ്ങളിൽ വീടുകൾ നൽകിയിട്ടുളള കുടുംബങ്ങൾക്ക് ഭൂമിയിലുളള കൂട്ടവകാശം രേഖപ്പെടുത്തുന്ന നിലയിൽ പട്ടയം നൽകും. പട്ടയ ഭൂമി വ്യവസ്ഥകൾക്ക് വിരുദ്ധമായി അകാല കൈമാറ്റം നടത്തിയിട്ടുളള കേസുകളിൽ നിലവിലുളള കൈവശക്കാർ അർഹരാണെങ്കിൽ അവർക്ക് പട്ടയം നൽകാനുളള നടപടി സ്വീകരിക്കും. വാർഡ് മെമ്പർമാർ മുതൽ നിയമ സഭാ സമാജികർ വരെയുളള ജന പ്രതിനിധികളുടെ സഹകരണത്തോടെ അർഹരായ ഭൂരഹിതരെ കണ്ടെത്തി പട്ടയ മിഷൻ എന്ന ദൗത്യം വിജയിപ്പിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം.