നവംബറിൽ ഭൂസംബന്ധമായ ഇന്റഗ്രേറ്റഡ് പോർട്ടൽ നിലവിൽ വരും
നവംബർ മാസത്തിൽ തന്നെ ഭൂസംബന്ധമായ രേഖകൾ ഒരു പോർട്ടലിൽ ലഭ്യമാവുന്നതിനുള്ള ഇന്റഗ്രേറ്റഡ് പോർട്ടലായി എന്റെ ഭൂമി പോർട്ടൽ നിലവിൽ വരും. അതിനാവശ്യമായ വേഗതയാർന്ന പ്രവർത്തനങ്ങൾ ഡിജിറ്റൽ റീസർവ്വെയിലൂടെ നടന്നു വരികയാണ്. ആദ്യ ഘട്ടത്തിൽ 15 വില്ലേജുകളിലാണ് ഇന്റഗ്രേറ്റഡ് പോർട്ടൽ സംവിധാനം നിലവിൽ വരുന്നത്. റവന്യൂ വകുപ്പിന്റെ റെലീസും, രജിസ്‌ട്രേഷൻ വകുപ്പിന്റെ പേളും, സർവ്വെ വകുപ്പിന്റെ ഇ മാപ്പും ഒന്നിച്ചാണ് ഇന്റഗ്രേറ്റഡ് പോർട്ടൽ സംവിധാനം ഒരുങ്ങുന്നത്. ഇതോടെ ഭൂ സംബന്ധമായ എല്ലാ സേവനങ്ങളും ഒരു കുടക്കീഴിൽ ജനങ്ങൾക്ക് ലഭ്യമാവും. അപേക്ഷ കൊടുത്ത് കാത്തിരിക്കേണ്ട സ്ഥിതി ഒഴിവാവുകയും ചെയ്യും. ഇതിനോടകം 131373 ഹെക്ടർ ഭൂമിയാണ് ഡിജിറ്റൽ റീസർവ്വെ പൂർത്തിയായത്. 32 വില്ലേജുകളിൽ സർവ്വെ പൂർത്തീകരിച്ച് 9(2) പ്രസിദ്ധീകരിക്കാൻ കഴിഞ്ഞതും വലിയ നേട്ടമാണ്. ചരിത്രത്തിൽ ആദ്യമായാണ് ഇത്ര വേഗതയിൽ 9(2) പ്രസിദ്ധീകരിക്കുന്ന നടപടികൾ നടക്കുന്നത്. ഡിജിറ്റൽ റീസർവ്വെ രേഖകളിൽ കൈവശക്കാരന്റെ പേര് രേഖപ്പെടുത്തുന്നില്ലായെന്ന് ആശങ്കകൾക്ക് അടിസ്ഥാനമില്ല. അക്കാര്യത്തിലുള്ള സ്പഷ്ടീകരണം സർവ്വെ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്. അതു പ്രകാരം ലാന്റ് രജിസ്റ്റർ ഉൾപ്പെടെയുള്ള ഭൂ രേഖകളിൽ കൈവശക്കാരന്റേയോ പിൻതുടർച്ചാവകാശികളുടേയോ, കൈമാറ്റം ചെയ്തു കിട്ടിയ ആളിന്റേയോ പേര് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ അവ ഡിജിറ്റൽ റീസർവ്വെയുമായി ബന്ധപ്പെട്ട റെക്കോർഡുകളിലും രേഖപെടുത്തണം. കൈവശ ഭൂമി നഷ്ടപ്പെടുമെന്ന ആശങ്കകൾക്ക് അടിസ്ഥാനമില്ലാ. ഭൂരേഖകളിൽ നിലവിലുള്ള കൈവശക്കാരന്റെ പേര് റീസർവ്വെ രേഖകളിൽ രേഖപ്പെടുത്തും. കൈവശക്കാരന്റേത് സർക്കാർ ഭൂമിയാണെങ്കിൽ അന്യ കൈവശക്കാരൻ എന്ന് രേഖപ്പെടുത്തുകയും പിന്നീട് അവർക്ക് നിയമപരമായി പട്ടയം നൽകുന്ന നടപടികൾ സ്വീകരിക്കും.