11 മാസത്തിനകം ഡിജിറ്റൽ റീസർവ്വെ നടത്തിയത് 1.60 ലക്ഷം ഹെക്ടറിൽ
ഭൂസേവനങ്ങൾ വേഗത്തിലും സുതാര്യവുമാകാൻ സംസ്ഥാന സർക്കാർ നടപ്പാക്കിയ ഡിജിറ്റൽ റീസർവ്വെയുടെ ഒന്നാം ഘട്ടം പൂർത്തിയായപ്പോൾ കേരളത്തിൽ 1.60 ലക്ഷം ഹെക്ടർ ഭൂമിയാണ് അളന്നു തിട്ടപ്പെടുത്തിയത്.
11 മാസങ്ങൾക്കുള്ളിലാണ് അഭിമാനകരമായ ഈ നേട്ടം സംസ്ഥാനം കൈവരിച്ചത്. സംസ്ഥാനത്തെ 200 വില്ലേജുകളിലാണ് 1.60 ഹെക്ടർ ഭൂമിയിൽ സർവേ നടപടികൾ പൂർത്തിയായിരിക്കുന്നത്. 1995 മുതൽ 2022 വരെ ആകെ 72,000 ഹെക്ടർ ഭൂമിയിൽ മാത്രം റീസർവേ നടപടികൾ പൂർത്തിയാക്കിയ സ്ഥാനത്താണ് 2022 നവംബർ ഒന്നിന് ആരംഭിച്ച ഡിജിറ്റൽ റീസർവേയിലൂടെ ഇത്രയേറെ ഭൂമി അളക്കാനായത്.
ഡിജിറ്റൽ റീസർവ്വെയുടെ രണ്ടാംഘട്ടത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിച്ചു. തൃശ്ശൂർ ജില്ലയിലെ 23 വില്ലേജുകളിൽ ഡിജിറ്റൽ റീ സർവ്വെ നടത്തിയാണ് രണ്ടാംഘട്ടത്തിന് തുടക്കമാവുക. ഡിജിറ്റൽ സർവേയിലൂടെ ലഭ്യമാക്കുന്ന ഭൂമി സംബന്ധമായ വിവരങ്ങൾ എന്റെ ഭൂമി പോർട്ടൽ വഴി ആർക്കും മൊബൈൽ വഴി പരിശോധിക്കാം. സർവേ, റവന്യൂ, രജിസ്ട്രേഷൻ വകുപ്പുകളുടെ വിവരങ്ങൾ സമന്വയിപ്പിച്ച് എന്റെ ഭൂമി ഇന്റഗ്രേറ്റഡ് പോർട്ടൽ അടുത്ത മാസത്തോടെ നിലവിൽ വരും. ആദ്യഘട്ടത്തിൽ തൃശ്ശൂർ ജില്ലയിലെ ആലപ്പാട് ഉൾപ്പെടെ കേരളത്തിലെ 15 വില്ലേജുകളിലെ ഭൂവിവരങ്ങൾ പോർട്ടലിൽ ലഭ്യമാകും. ഇതോടെ പോക്കുവരവ് ഉൾപ്പെടെയുള്ള നടപടികൾ കൂടുതൽ എളുപ്പവും സുതാര്യവുമാകും. ഭൂമി കൈമാറ്റ വേളയിലെ തട്ടിപ്പുകൾ അവസാനിപ്പിക്കാൻ ഇതിലൂടെ സാധ്യമാവും. ഇന്ത്യയിൽ തന്നെ ആദ്യമായാണ് ഇത്തരമൊരു സംവിധാനം നിലവിൽ വരുന്നത്.
ഭൂമി സംബന്ധമായ രേഖകൾ സുതാര്യവും കൃത്യവുമാക്കുന്നതിൽ വിപ്ലവകരമായ നേട്ടങ്ങളാണ് ഡിജിറ്റൽ സർവേയിലൂടെ കൈവരിക്കാനായത്. സർവേ നടത്തി സ്ഥാപിച്ച കല്ലുകളും കുറ്റികളും പിഴുതുമാറ്റിയാലും ഡിജിറ്റൽ സർവേയിലൂടെ സൃഷ്ടിക്കപ്പെടുന്ന ഡിജിറ്റൽ വേലികൾ നിലനിൽക്കും. ഡിജിറ്റൽ റീസർവേ നടത്തിയാൽ പട്ടയമില്ലാത്ത ഭൂമിക്ക് അത് ലഭിക്കില്ലെന്ന രീതിയിൽ തെറ്റിദ്ധാരണ പരത്താൻ ശ്രമങ്ങൾ നടക്കുന്നുണ്ട്. കൈയേറ്റ ഭൂമികൾ ഉൾപ്പെടെ കണ്ടെത്തി അത് ഭൂരഹിതർക്ക് വിതരണം ചെയ്യാനുള്ള ശ്രമങ്ങളാണ് റീസർവേയിലൂടെ സർക്കാർ നടത്തുന്നത്. കൈയേറ്റത്തെയും കുടിയേറ്റത്തെയും രണ്ടായി കാണുന്ന സമീപനമാണ് സർക്കാരിന്റേത്. സർക്കാർ ഭൂമി കൈയേറികൈവശം വച്ചിരിക്കുന്നവർ എത്ര ഉന്നതരായാലും അവരിൽ നിന്ന് അത് തിരിച്ചുപിടിക്കും. കുടിയേറ്റക്കാർക്ക് അവർ താമസിക്കുന്ന ഭൂമി പതിച്ച് നൽകും.
കേരള മാതൃകയിൽ ഡിജിറ്റൽ റീസർവേ നടപ്പിലാക്കുന്നതിന് ആന്ധ്രാപ്രദേശ് സർക്കാർ സംസ്ഥാനത്തിന്റെ സഹായം തേടിയത് അഭിമാനകരമായ നേട്ടമായാണ് കാണുന്നത്.