തരം മാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിന് ജൂലൈ 1 മുതൽ പുതിയ സംവിധാനം നിലവിൽ വരും. നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമത്തിലെ റവന്യൂ ഡിവിഷണൽ ഓഫീസർ എന്ന നിർവ്വചനത്തിൽ റവന്യൂ ഡിവിഷണൽ ഓഫീസർ എന്നാൽ “ഡെപ്യൂട്ടി കളക്ടർ തസ്തികയിൽ താഴെയല്ലാത്ത സർക്കാർ അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥൻ” എന്ന് ഭേദഗതി നിലവിൽ വന്ന സാഹചര്യത്തിൽ ജൂലൈ ഒന്നു മുതൽ 27 ആർ.ഡി.ഓ/സബ്കളക്ടർ മാർ കൈകാര്യം ചെയ്തിരുന്ന തരം മാറ്റ അപേക്ഷകൾ ഇനി മുതൽ 71 അധികാര സ്ഥാനങ്ങൾ കൈകാര്യം ചെയ്യും. ഡെ. കളക്ടർമാരെ സഹായിക്കാൻ 68 ജൂനിയർ സൂപ്രണ്ട് തസ്തികയും 181 ക്ലർക്ക് തസ്തികയും മുമ്പ് തന്നെ സൃഷ്ടിച്ചിരുന്നു. കൂടാതെ 123 സർവ്വെയർമാരെ താല്കികമായി നിയമിക്കാനും 220 വാഹനങ്ങൾ വാടകയ്ക്ക് എടുക്കാനും ഉത്തരവ് പുറപ്പെടുവിച്ചു.
ജൂലായ് 1 മുതൽ പുതിയ രീതി നടപ്പിലാക്കുന്നതിന് ആവശ്യമായ സോഫ്റ്റ് വെയർ ക്രമീകരണങ്ങളും ജീവനക്കാരുടെ നിയമനവും പൂർത്തികരിച്ചു കഴിഞ്ഞു.
ഭൂമി തരം മാറ്റത്തിനായി ദിവസേന നൂറുക്കണക്കിന് അപേക്ഷകൾ ഓരോ ആർ.ഡി.ഓ ഓഫീസുകളിലും ലഭിക്കുന്നത്. സ്വതവേ ജോലിത്തിരക്കുള്ള ആർ.ഡി.ഓ ഓഫീസുകളിൽ ഇത്തരത്തിൽ കുന്നുകൂടിയ പതിനായിരക്കണത്തിന് അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിന് സാധിക്കാതെ വന്നു. സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ കൈകാര്യം ചെയ്യുന്നതിന് നിയമപരമായ മുൻഗണന നൽകാതിരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തരം മാറ്റ നടപടികൾ ഓൺലൈനാക്കി. ജീവനക്കാരുടെ അഭാവം പരിഹരിക്കുന്നതിന് എംപ്ലോയിമെന്റ് എക്സ്ചേഞ്ച് മുഖേന 990 ജീവനക്കാരെ താൽക്കാലികമായി 6 മാസത്തേക്ക് നിയമിക്കാനും 340 വാഹനങ്ങൾ അനുവദിച്ചും ഐ.റ്റി അനുബന്ധ ഉപകരണങ്ങൾക്കായി 5.99 കോടി രൂപയും അനുവദിച്ചിരുന്നു. വില്ലേജാഫീസുകളിലും താലൂക്കാഫീസുകളിലുമുള്ള ജീവനക്കാരുടെ അഭാവം പരിഹരിക്കുന്നതിനായി ഇ-ഓഫീസ് സംവിധാനം ഏർപ്പെടുത്തുന്നതിനായി ഓഫീസുകളിൽ നിന്നുള്ള 779 OA മാരേയും, 243 ടൈപ്പിസ്റ്റ്മാരേയും വില്ലേജ് / താലൂക്ക് ഓഫീസുകളിലേക്ക് പുനർവിന്യസിപ്പിക്കുന്നതിന് ഉത്തരവായി. ഇത്തരത്തിൽ ഒ.എ മാരേയും, ടൈപ്പിസ്റ്റ്മാരേയും പുനർവിന്യസിച്ചു. ഈ സംവിധാനങ്ങൾ കൂടി പ്രയോജനപ്പെടുത്തിയായിരിക്കും ജൂലൈ 1 മുതൽ താലൂക്കടിസ്ഥാനത്തിൽ തരം മാറ്റ അപേക്ഷകൾ തീർപ്പാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കുന്നത്.