പട്ടയ വിതരണത്തിലെ സര്‍വകാല റെക്കോര്‍ഡ് വിവരിച്ച് ബജറ്റ്
——–
* വന്യൂ ഓഫീസുകള്‍ സ്മാര്‍ട്ടാക്കുന്നതിന് 54 കോടി
* കമ്പ്യൂട്ടര്‍ വല്‍ക്കരണത്തിന് 26.50 കോടി രൂപ
* സര്‍വെയും ഭൂരേഖയും വകുപ്പിന് 19.1 കോടി
* ഭവന നിര്‍മാണ ബോര്‍ഡിന് 52.42 കോടി രൂപ
* ഗൃഹശ്രീ ഭവന പദ്ധതിക്കുള്ള വിഹിതം 24 കോടി രൂപയായി വര്‍ധിപ്പിച്ചു
* സീനിയര്‍ സിറ്റിസണ്‍ ഹോം പദ്ധതിക്ക് അഞ്ച് കോടി
* എംഎന്‍ ലക്ഷംവീട് നവീകരണത്തിന് 10 കോടി രൂപ
* നിര്‍മ്മിതി കേന്ദ്രത്തിന് 10 കോടി രൂപ
——
റവന്യൂ വകുപ്പിന്റെ പ്രവര്‍ത്തന നേട്ടങ്ങള്‍ വിവരിച്ചും കൂടുതല്‍ തുക വകയിരുത്തിയും സംസ്ഥാന ബജറ്റ്. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം 1,80,887 പട്ടയങ്ങള്‍ വിതരണം ചെയ്ത് അത്രയും കുടുംബങ്ങളെ ഭൂമിയുടെ അവകാശികളാക്കി. ഇത് ഒരു സര്‍വകാല റെക്കോര്‍ഡ് ആണെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.
റവന്യൂ വകുപ്പില്‍ രേഖകള്‍ ഡിജിറ്റൈസ് ചെയ്ത് ഭരണ രംഗം പൂര്‍ണമായും ഇ-ഓഫീസ് സംവിധാനത്തിലേക്ക് മാറ്റിയതും ബജറ്റ് പ്രസംഗത്തില്‍ പരാമര്‍ശിക്കപ്പെട്ടു.
റവന്യൂ വകുപ്പില്‍ ഇതുവരെ 514 വില്ലേജുകള്‍ സ്മാര്‍ട്ട് ഓഫീസുകളാക്കിയിട്ടുണ്ട്. വകുപ്പിന്റെ വിവിധ ഓഫീസുകള്‍ ആധുനിക സൗകര്യങ്ങളോടെ സ്മാര്‍ട്ട് ഓഫീസുകളാക്കുന്നതിന് 54 കോടി രൂപ ബജറ്റില്‍ വകയിരുത്തി.
എല്ലാ സേവനങ്ങളും പേയ്‌മെന്റുകളും ഒരു കുടക്കീഴില്‍ ഉള്‍പ്പെടുന്ന ഒരൊറ്റ ലോഗിന്‍ സൗകര്യമുള്ള റവന്യൂ വകുപ്പിന്റെ ഇന്റഗ്രേറ്റഡ് വെബ് പോര്‍ട്ടല്‍ പ്രാധാന്യമുള്ളതാണെന്ന് ധനമന്ത്രി പറഞ്ഞു. ഇതുള്‍പ്പടെ വിവിധ കമ്പ്യൂട്ടര്‍വല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്കായി 26.50 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി താലൂക്ക്്, ജില്ലാതലങ്ങളില്‍ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്ററുകള്‍ സ്ഥാപിക്കുന്നതിനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് കോടിയും അനുവദിച്ചു.
സര്‍വേയും ഭൂരേഖയും വകുപ്പ് ഏറ്റെടുത്ത് പ്രാവര്‍ത്തികമാക്കുന്ന ഡിജിറ്റല്‍ റീസര്‍വെ പ്രകാരം ഇതിനകം 5.58 ലക്ഷം ഹെക്ടര്‍ ഭൂമി അളന്നുകഴിഞ്ഞത് ബജറ്റ് പ്രസംഗത്തില്‍ പരാമര്‍ശിക്കപ്പെട്ടു. ഭൂരേഖ സേവന സംവിധാനങ്ങളുടെ സംയോജനം എന്ന പദ്ധതിക്കായി 12.60 കോടി രൂപ ബജറ്റില്‍ നീക്കിവച്ചു. സര്‍വെ ഓഫീസുകള്‍ക്ക് അധുനിക സൗകര്യങ്ങളോടുകൂടിയ റെക്കോര്‍ഡ് റൂം സ്ഥാപിക്കുന്നതിനായി 6.50 കോടി രൂപയും വകയിരുത്തി.
റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പിനു കീഴിലെ ഭവന നിര്‍മാണ പദ്ധതികള്‍ക്കായി 70.62 കോടി രൂപ അനുവദിച്ചു. 1.3 കോടി രൂപ മുന്‍ വര്‍ഷത്തേക്കാള്‍ അധികമാണ്.
കൊച്ചി മറൈന്‍ ഡ്രൈവില്‍ 2400 കോടി രൂപ ചെലവഴിച്ച് എന്‍ബിസിസിയുടെ സഹകരണത്തോടെ സംസ്ഥാന ഭവന നിര്‍മാണ ബോര്‍ഡ് മറൈന്‍ എക്കോ സിറ്റി എന്ന പദ്ധതി പൂര്‍ത്തീകരിക്കുകയാണ്. ഇതില്‍ നിന്നും ഭവന നിര്‍മാണ ബോര്‍ഡിന് 3650 കോടി രൂപയുടെ വരുമാനമാണ് പ്രതീക്ഷിക്കുന്നതെന്ന് പറഞ്ഞ, ധനമന്ത്രി ബജറ്റില്‍ 52.42 കോടി രൂപ ഭവന നിര്‍മാണ ബോര്‍ഡിന് അനുവദിച്ചു.
അടിസ്ഥാന വരുമാനക്കാര്‍, സാമ്പത്തിക ദുര്‍ബല വിഭാഗക്കാര്‍ തുടങ്ങിയവര്‍ക്ക് ഭവന നിര്‍മ്മാണത്തിന് മൂന്ന് ലക്ഷം രൂപവരെ സബ്‌സിഡി നല്‍കുന്ന ഗൃഹശ്രീ ഭവന പദ്ധതിക്കുള്ള വിഹിതം 24 കോടി രൂപയായി വര്‍ധിപ്പിക്കുന്നതായും പ്രഖ്യാപിച്ചു.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും താഴ്ന്ന വരുമാനക്കാര്‍ക്കുമുള്ള ഭവന പദ്ധതിക്കായി ഒമ്പത് കോടി രൂപയും മുതിന്‍ന്ന പൗരന്മാര്‍ക്കുള്ള കോട്ടേജുകള്‍ നിര്‍മ്മിക്കാന്‍ സീനിയര്‍ സിറ്റിസണ്‍ ഹോം പദ്ധതിക്ക് അഞ്ച് കോടിയും വകയിരുത്തി.
ജീര്‍ണാവസ്ഥയിലുള്ള എല്ലാ എംഎന്‍ ലക്ഷംവീടുകളും അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ പുനര്‍നിര്‍മ്മിക്കുന്നതിനും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനുമായി 10 കോടി രൂപയും ഭവന നിര്‍മ്മാണ ബോര്‍ഡിന് ബജറ്റില്‍ നീക്കിവച്ചു.
റവന്യൂ ഭവന നിര്‍മ്മാണം വകുപ്പിനു കീഴിലെ കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്രത്തിനും 10 കോടി രൂപ ബജറ്റ് വിഹിതം അനുവദിച്ചു. ലാറിബേക്കര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ഓഫ് സ്റ്റഡീസിന് രാജ്യത്തുടനീളമുള്ള യുവ പ്രതിഭകളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് കോടി രൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.