02.03.2023-ലെ മറുപടിയ്ക്ക് കേരള നിയമസഭയുടെ നടപടിക്രമവും കാര്യനിർവ്വഹണവും സംബന്ധിച്ച ചട്ടം 304 പ്രകാരം
ശ്രീ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ. ഉന്നയിച്ച സബ്മിഷനുള്ള മറുപടി.
 

കേരള ഭൂപരിഷ്‌ക്കരണ നിയമം പ്രകാരം ഇളവ് ലഭിച്ച തോട്ടഭൂമിയിൽ നിന്നും മുറിച്ചു വാങ്ങിയ ഭൂമിയുടെ തരം പുരയിടം എന്നാക്കി മാറ്റി നൽകുന്നതിന് നിലവിലെ നിയമപ്രകാരം നിർവ്വാഹമില്ലാത്തതാണ്. എന്നാൽ ഭൂമിയുടെ ഇനം തെറ്റായി തോട്ടം എന്ന് റവന്യൂ രേഖകളിൽ രേഖപ്പെടുത്തിയിട്ടുള്ളത് തിരുത്തുന്നതിന് അതാത് ഭൂരേഖ തഹസിൽദാർമാർക്ക് അധികാരം നൽകിയിട്ടുള്ളതും ഇക്കാര്യത്തിൽ ലഭിച്ച അപേക്ഷകളിന്മേൽ നടപടികൾ സ്വീകരിച്ചിട്ടുള്ളതാണ്. കോട്ടയം ജില്ലയിൽ ഈ പ്രശ്നം ധാരാളമായി ഉണ്ടായിട്ടുണ്ട്.

ബി.ടി.ആർ-ൽ തോട്ടം എന്ന് രേഖപ്പെടുത്തിയിരിക്കു
ന്നവയെല്ലാം കേരള ഭൂപരിഷ്‌ക്കരണ നിയമപ്രകാരം ഒഴിവാക്കിയ തോട്ടങ്ങളല്ല. കേരള ഭൂപരിഷ്കരണ നിയമം ബാധകമല്ലാത്ത വിളകളെയും (ഉദാ- കവുങ്ങ്, തെങ്ങ്, വെറ്റില) തോട്ടങ്ങളായി ബി.ടി. ആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കൈവശം വെക്കാവുന്ന അളവിൽ കുറഞ്ഞ ഭൂമി കൈവശമുള്ളവരുടെ ഭൂമിയിൽ മേൽപറഞ്ഞ തോട്ടവിളകൾ കൃഷി ചെയ്യുന്നുവെങ്കിൽ അതും ബി.ടി.ആറിൽ തോട്ടമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ അത്തരം രേഖപ്പെടുത്തലിൽ അപാകതയില്ല. എന്നാൽ ബി.ടി.ആറിൽ തോട്ടം എന്ന് കാണുന്നവയെല്ലാം കേരള ഭൂപരിഷ്കരണ നിയമ പ്രകാരം മിച്ചഭൂമി കേസുള്ളവർക്ക് ഒഴിവാക്കി നൽകിയ തോട്ടമാണെന്ന് വ്യാഖ്യാനിക്കുന്നതാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്.

ബി.ടി.ആറിൽ തോട്ടമെന്ന് രേഖപ്പെടുത്തിയിരിക്കുന്ന ഭൂമികളാണെങ്കിൽ അവയിൽ കെട്ടിട പെർമിറ്റ്, വൈദ്യുതി കണക്ഷൻ, വാട്ടർ കണക്ഷൻ എന്നിവയൊന്നും അനുവദിക്കരുതെന്ന് വിലക്കി കോട്ടയം ജില്ലാ കളക്ടർ 17/08/2017-ൽ ഇ5/13984/2015(3) നമ്പർ സർക്കുലർ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകുകയുണ്ടായി. ഈ ഉത്തരവിലെ അവ്യക്തതകളാണ് പ്രശ്നങ്ങൾ സൃഷ്ടിച്ചത്. ഇക്കാര്യത്തിൽ സ്പഷ്ടീകരണം അടിയന്തിരമായി പുറപ്പെടുവിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഈ വിഷയം സംബന്ധിച്ച് സർക്കാർ നിരവധി തവണ മീറ്റിംഗുകൾ നടത്തുകയും നടപടി സ്വീകരിക്കാൻ ലാൻഡ് ബോർഡിനോട് നിർദ്ദേശിക്കുകയും ചെയ്തു. ബി.ടി.ആറിൽ തോട്ടം എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ഭൂമികളെല്ലാം കേരള ഭൂപരിഷ്ക്കരണ നിയമ പ്രകാരം ഒഴിവാക്കിയ ഭൂമികളായി വ്യാഖ്യാനിച്ച് നിയമപരമായി ലഭിക്കേണ്ട അവകാശങ്ങൾ വിലക്കാൻ പാടില്ലായെന്നും ഒഴിവ് ലഭിച്ച ഭൂമിയിൽ തരംമാറ്റം വരുത്തിയാൽ ആയത് പരിശോധിച്ച് തുടർ നടപടി സ്വീകരിക്കുവാൻ താലൂക്ക് ലാൻഡ് ബോർഡിന് മാത്രമേ അധികാരമുള്ളൂ എന്നും തോട്ടം എന്ന് രേഖപ്പെടുത്തിയ ഭൂമിയുടെ റവന്യൂ അവകാശങ്ങൾ ഏകപക്ഷീയമായി വിലക്കാൻ വില്ലേജ് ഓഫീസർക്കോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിക്കോ അധികാരമില്ലായെന്നും കാണിച്ച് സ്റ്റേറ്റ് ലാൻഡ് ബോർഡ് 23/10/2021-ൽ എൽ.ബി.എ3-5423/2021 നമ്പർ സർക്കുലർ പുറപ്പടുവിച്ചിട്ടുണ്ട്. ഭൂപരിഷ്കരണ നിയമ പ്രകാരം ഒഴിവാക്കിയ തോട്ടഭൂമി എന്ന നിലയിൽ രേഖകളിൽ പ്രത്യേകമായി രേഖപ്പെടുത്താൻ കഴിയുമോ എന്നതും പരിശോധിച്ചു വരികയാണ്.

കേരള ഭൂപരിഷ്‌ക്കരണ നിയമത്തെ ശരിയായി വ്യാഖ്യാനിച്ചുകൊണ്ടും ഉദ്യോഗസ്ഥർ സ്വീകരിക്കേണ്ട നടപടികളെകുറിച്ചും ലാൻഡ് ബോർഡ് ഒരു കരട് സർക്കുലർ തയ്യാറാക്കി സർക്കാരിൽ സമർപ്പിച്ചിരുന്നു. സർക്കുലറിലെ വ്യവസ്ഥകൾ നിയമപരമായി നിലനിൽക്കുന്നതാണോ എന്നതിൽ അഡ്വക്കേറ്റ് ജനറലിന്റെ അഭിപ്രായം ലഭിച്ച ശേഷം പ്രസ്തുത സർക്കുലർ അടിയന്തരമായി പുറപ്പെടുവിക്കുന്നതായിരിക്കും.