A dream come true for the district; A special office has been started for the distribution of forest land titles

തൃശൂർ ജില്ലയ്ക്കിത് സ്വപ്നസാക്ഷാത്ക്കാരം. വനഭൂമി പട്ടയങ്ങൾ വിതരണം ചെയ്യുന്നതിന് പ്രത്യേക ഓഫീസ് വേണമെന്ന നാലു പതിറ്റാണ്ടിലേറെ നീണ്ട സ്വപ്നം യാഥാർഥ്യമായി. വനഭൂമി പതിവ് സ്പെഷ്യൽ തഹ്സിൽദാരുടെ പുതിയ ഓഫീസ് കെട്ടിടത്തിന്റെ പ്രവർത്തനം ആരംഭിച്ചു.

പട്ടയങ്ങളിൽ ഏറ്റവും സങ്കീർണമായ നടപടിക്രമങ്ങളാണ് വനഭൂമി പട്ടയങ്ങളുടേതെന്നും കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തോടു കൂടി മാത്രമേ ഇവ നൽകാനാവൂ. അതുകൊണ്ടുതന്നെ അതിലടങ്ങിയ സങ്കീർണമായ നടപടിക്രമങ്ങൾ നല്ല രീതിയിൽ പൂർത്തിയാക്കുന്നതിന് വനഭൂമി പട്ടയങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യാൻ മാത്രമായി ഒരു ഓഫീസ് അനിവാര്യമാണ്. പതിറ്റാണ്ടുകൾ പഴക്കമുള്ള ഒരു ആവശ്യമായ പുതിയ ഓഫീസ് ഉദ്ഘാടനത്തിലൂടെ യാഥാർഥ്യമായത്. 18 തസ്തികകളോടെയാണ് സ്പെഷ്യൽ തഹസിൽദാരുടെ നേതൃത്വത്തിൽ പ്രത്യേക ഓഫീസ് കലക്ടറേറ്റിന്റെ രണ്ടാം നിലയിൽ പ്രവർത്തനം ആരംഭിച്ചത്.

നിലവിൽ കേന്ദ്ര സർക്കാർ തിരിച്ചയച്ച 5000ത്തോളം അപേക്ഷകളിൽ വനം വകുപ്പുമായുള്ള സംയുക്ത പരിശോധനയും (ജെവിആർ) സർവേ നടപടികളും ഉൾപ്പെടെ മൂന്നു മാസത്തിനകം പൂർത്തിയാക്കി അവ അംഗീകാരത്തിനായി വീണ്ടും സമർപ്പിക്കുക എന്നതാണ് പുതിയ ഓഫീസിന്റെ പ്രധാന ചുമതല. അടുത്ത മൂന്നു മാസത്തിനകം ജില്ലയിൽ 5000 പേർക്ക് വനഭൂമി പട്ടയം ലഭ്യമാക്കുന്നതിനുള്ള നടപടികൾക്ക് പുതിയ ഓഫീസ് നേതൃത്വം നൽകണം. ഇതിന് പ്രത്യേക സർവേ ടീം ആവശ്യമാണെങ്കിൽ അത് ലഭ്യമാക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളും.
ഇതിനു പുറമെ, നിലവിലുള്ള പട്ടയ അപേക്ഷകളിൽ ജെവിആറും സർവേയും ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കി അവ ഓൺലൈനായി കേന്ദ്ര സർക്കാരിന്റെ അംഗീകാരത്തിന് അയക്കുന്നതിനുള്ള നടപടികൾ കൈക്കൊള്ളണം.

നിലവിൽ തലമുറകളായി വനഭൂമി കൈവശം വയ്ക്കുകയും എന്നാൽ ഇതു വരെ പട്ടയത്തിന് അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവരുമായ ആളുകൾക്ക് അപേക്ഷ സമർപ്പിക്കാൻ അവസരം നൽകണം. ഇതിനായി ജില്ലയിലെ മലയോര പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന തൃശൂർ, ചാലക്കുടി, മുകുന്ദപുരം, തലപ്പിള്ളി, കുന്നംകുളം താലൂക്കുകളിൽ പ്രത്യേക അദാലത്ത് നടത്തുകയും ഇനി എത്ര പേർക്ക് വനഭൂമി പട്ടം നൽകാൻ ബാക്കിയുണ്ട് എന്ന കൃത്യമായ കണക്കെടുപ്പ് നടത്തുകയും വേണം.

ഭുരഹിതരായ ജനങ്ങളോട് പക്ഷപാതിത്വം കാണിക്കുന്ന സർക്കാരാണ് കേരളത്തിലേതെന്നും പട്ടയ വിതരണത്തിലെ തടസ്സങ്ങൾ നീക്കുന്നതിന് ആവശ്യമായ രീതിയിൽ നിയമനിർമാണങ്ങളും ഭേദഗതികളും കൊണ്ടുവരാൻ സർക്കാർ മുന്നോട്ടു വന്നിട്ടുണ്ട്. വനഭൂമി പട്ടയത്തിന് കേന്ദ്രാനുമതി ലഭിച്ചിട്ടും ജെവിആർ ഇല്ലാത്തതിനാൽ പട്ടയ വിതരണം സാധ്യമാവാത്ത നിരവധി കേസുകളിൽ ഉൾപ്പെടെ പരിഹാരം കാണാൻ നിയമഭേദഗതിയിലൂടെ സർക്കാരിന് സാധിച്ചു.