Those who have given away the land will not be orphans

മലയോര ഹൈവേയ്ക്കായി ഭൂമി ഏറ്റെടുക്കേണ്ടതുമായി ബന്ധപെട്ട സംശയങ്ങൾ ദൂരീകരിക്കാൻ പ്രദേശവാസികളുമായി ചർച്ച നടത്തുകയും ഭൂവുടമകളുടെ ആശങ്കകൾക്ക് മറുപടി നൽകുകയും ചെയ്തു. വീട്‌ നഷ്ടപെടുന്നവർക്ക് ലൈഫ് മിഷൻ വഴി വീട്‌ നിർമിച്ചു നൽകും. കിണർ, മതിൽ എന്നിവ നഷ്ടപെടുന്നവർക്ക് അവ പുനർനിർമ്മിച്ചു നൽകും. നിലവിലെ പ്രവൃത്തികൾക്കായി 31 കി.മീ ഭൂമിയാണ് ആവശ്യം. ഇതിൽ 21കി.മീ ഭാഗത്തു ഭൂമി ലഭിച്ചു കഴിഞ്ഞു. ബാക്കിയുള്ള 10 കി.മീ ഭൂമിയുടെ ഉടമസ്ഥരുമായി വാർഡ് തലത്തിൽ ചർച്ചകൾ നടത്തും.

അതിരപ്പിള്ളി, ചിമ്മിനി, പീച്ചി ടൂറിസം വികസനത്തിന് മലയോര ഹൈവേ വഴിയൊരുക്കും. കുരിശുമല പീച്ചി ടൂറിസം സർക്യൂട്ട് സാധ്യമാക്കുന്നതിനും പുത്തൂർ സുവോളജിക്കൽ പാർക്കിന്റെ വികസനത്തിനും ഹൈവേ ഉപകാരപ്രദമാകും.

കിഫ്‌ബി ഫണ്ടുപയോഗിച്ച്‌ മൂന്നുഘട്ടമായി ഒല്ലൂർ, പുതുക്കാട്‌, ചാലക്കുടി മണ്ഡലങ്ങളിലൂടെ പട്ടിക്കാടുമുതൽ വെറ്റിലപ്പാറവരെ 56.574 കിലോമീറ്ററിലാണ്‌ മലയോര ഹൈവേ നിർമ്മാണം നടക്കുന്നത്. നിലവിലുള്ള റോഡ് 12 മീറ്ററിൽ രണ്ടുവരിപാതയായാണ് വികസിപ്പിക്കുന്നത്‌. ആദ്യഘട്ടം നിർമാണം പട്ടിക്കാടുമുതൽ വിലങ്ങന്നൂർവരെയാണ്. കേരള വനഗവേഷണ കേന്ദ്രം മേഖലയിലാണ്‌ നിർമാണം പുരോഗമിക്കുന്നത്‌. രണ്ടാംഘട്ടം വിലങ്ങന്നൂർ മുതൽ മാന്ദാമംഗലം, പുലിക്കണ്ണി, വെള്ളിക്കുളങ്ങരവരെയുള്ള പാതയ്ക്ക് കിഫ്‌ബിയുടെ സാമ്പത്തിക അനുമതി ലഭിച്ചു.