State Revenue Minister K. Rajan held a press conference at Kerala House

സംസ്ഥാന റവന്യു മന്ത്രി കെ. രാജന്‍ കേരള ഹൗസില്‍ നടത്തിയ വാര്‍ത്താ സമ്മേളനം

കേരള ഹൗസ്, ന്യൂഡല്‍ഹി
തിയ്യതി: 13/12/2021
സന്ദര്‍ശന ലക്ഷ്യം കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പിലാക്കി വരുന്ന ജനക്ഷേമ പരിപാടികള്‍ക്ക് ആക്കം കൂട്ടുന്ന തരത്തില്‍ റവന്യൂ-ഭവന നിര്‍മ്മാണ വകുപ്പ് നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുകയാണ്. പ്രസ്തുത പദ്ധതികള്‍ സമൂര്‍ത്തമാക്കുന്നതിന് കേന്ദ്ര സര്‍ക്കാരിന്റെ സഹകരണവും സഹായവും തേടുന്നതിനും ഡിജിറ്റല്‍ സര്‍വ്വെ എന്ന കേരള സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച വിഷയങ്ങള്‍ സര്‍വ്വെയര്‍ ജനറലുമായി ചര്‍ച്ച ചെയ്യുന്നതിനും.

കേന്ദ്ര മന്ത്രി ഡോ. ജിതേന്ദ്ര സിംഗുമായുള്ള കൂടിക്കാഴ്ച

കേരളത്തിലെ 1666 വില്ലേജുകളില്‍ 89 വില്ലേജുകള്‍ മാത്രമാണ് ഡിജിറ്റലായി സര്‍വ്വെ ചെയ്തിട്ടുള്ളത്. 27 വില്ലേജുകളില്‍ സര്‍വ്വെ പുരോഗമിക്കുന്നു. ശേഷിക്കുന്ന 1550 വില്ലേജുകള്‍ അടുത്ത നാലു വര്‍ഷംകൊണ്ട് ഡിജിറ്റലായി സര്‍വ്വെ ചെയ്യുന്നതിനുള്ള ഒരു ബൃഹത് പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ആയതിലേക്ക് റീബില്‍ഡ് കേരള ഇനിഷ്യേറ്റീവില്‍ ഉള്‍പ്പെടുത്തി 807.98 കോടി രൂപയുടെ അനുമതി ലഭ്യമായിട്ടുണ്ട്. അതില്‍ ആദ്യഘട്ടമായി 339.438 കോടി രൂപയുടെ ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്. CORS, RTK, റോവര്‍, ETS, ഡ്രോണ്‍ തുടങ്ങി വിവിധ സാങ്കേതിക വിദ്യകള്‍ സംയോജിപ്പിച്ചാണ് കേരളം പൂര്‍ണമായി ഡിജിറ്റലായി അളക്കുന്നത്. ഈ പദ്ധതിയുടെ സാങ്കേതിക സഹായത്തിന് സര്‍വ്വെ ഓഫ് ഇന്ത്യയുടെ സഹായം ആവശ്യമുണ്ട്. CORS സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് കേരള സര്‍ക്കാരും സര്‍വ്വെ ഓഫ് ഇന്ത്യയും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടിട്ടുണ്ടെങ്കിലും SOI യുടെ ഭാഗത്തുനിന്നും ഇക്കാര്യത്തില്‍ കാര്യമായ വേഗത ഉണ്ടായിട്ടില്ല. ഇക്കാര്യത്തില്‍ സര്‍വ്വെ ഓഫ് ഇന്ത്യക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനാണ് ശ്രീ. ജിതേന്ദ്ര സിംഗ്ജിയെ നേരില്‍ കണ്ട് അഭ്യര്‍ത്ഥിക്കുകുയും നിവേദനം നല്‍കുകയും ചെയ്തത്. കൂടാതെ ശാസ്ത്ര-സാങ്കേതിക വകുപ്പിന്റെ ചുമതലയുള്ള മന്ത്രി എന്ന നിലയില്‍ സംസ്ഥാനത്തെ ദുരന്ത നിവാരണ പ്രതിരോധ നടപടികള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കാലാവസ്ഥാ പ്രവചനത്തിന്റെ കൃത്യത വര്‍ദ്ധിപ്പിക്കുന്നതിനായി സംസ്ഥാനത്ത് നിലവിലുള്ള ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുക, വയനാട്, കോഴിക്കോട് മേഖലയിലായി കാലാവസ്ഥാ പ്രവചനത്തിന് ഉതകുന്ന രീതിയില്‍ ഡോപ്‌ളര്‍ വെതര്‍ റഡാര്‍ സ്ഥാപിക്കുക, തിരുവനന്തപുരത്തെ ഐ.എം.ഡി റഡാറിന്റെ പ്രവര്‍ത്തനം 24 മണിക്കൂറും സജ്ജമാക്കുക, ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓപ്പണ്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസ് (INCOIS), KWRIS എന്നിവയില്‍ നിന്നുള്ള ഡാറ്റാ KSDMA യുടെ ഡിസിഷന്‍ സപ്പോര്‍ട്ട് സിസ്റ്റം (DSS)ന് ലഭ്യമാക്കുക എന്നീ വിഷയങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച ചെയ്യുകയും നിവേദനം നല്‍കുകയും ചെയ്തു. നാഷണല്‍ റിമോട്ട് സെന്‍സിംഗ് സെന്ററില്‍ നിന്നുള്ള സാറ്റലൈറ്റ് ഇമേജുകള്‍ ലഭ്യമാക്കുന്നതിനുള്ള സഹായം ഉറപ്പുവരുത്തുന്നതിനും അപേക്ഷിച്ചു.

കേന്ദ്ര മന്ത്രി ശ്രീ. ഹര്‍ദീപ് സിംഗ് പുരിയുമായുള്ള കൂടിക്കാഴ്ച

എം എന്‍ ലക്ഷംവീട് പദ്ധതിയുടെ ഭാഗമായി സ്ഥാപിതമായിട്ടുള്ള ഇരട്ട വീടുകള്‍ ഒറ്റ വീടുകളാക്കി മാറ്റുന്നതിനുള്ള ഒരു ബൃഹത് പദ്ധതി ലക്ഷംവീട് പദ്ധതിയുടെ അമ്പതാം വാര്‍ഷികത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നു. ഇതിന്റെ ഭാഗമായി കേന്ദ്ര പദ്ധതികളായ PMAYഗ്രാമീണ്‍, PMAY-അര്‍ബന്‍ പദ്ധതികളില്‍ നിന്നും ധനസഹായം അഭ്യര്‍ത്ഥിക്കുകയും നിവേദനം നല്‍കുകയും ചെയ്തു. കൂടാതെ തിരുവനന്തപുരത്ത് കേരള സംസ്ഥാന നിര്‍മ്മിതി കേന്ദ്രയുടെ (KSNIK) കീഴില്‍ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന നാഷണല്‍ ഹൗസിംഗ് പാര്‍ക്കിലേക്ക് കേന്ദ്ര സര്‍ക്കാരിന്റെ ഗ്‌ളോബല്‍ ഹൗസിംഗ് ടെക്‌നോളജി ചലഞ്ച് (GHTC) ലൈറ്റ് ഹൗസ് പദ്ധതിയുടെ ഭാഗമായി 20 കോടി രൂപ ധനസഹായം അഭ്യര്‍ത്ഥിച്ചു. ആകെ ചെലവാകുന്ന നാല്‍പ്പത് കോടിയില്‍ ഇരുപത് കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ വഹിക്കും.

കേന്ദ്ര മന്ത്രിമാരായ ശ്രീ. നിത്യാനന്ദ റായുമായുള്ള കൂടിക്കാഴ്ച

നിലവില്‍ ദേശീയ ദുരന്ത നിവാരണ അതോറി റ്റിയുടെ ദുരന്ത നിവാരണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മാനദണ്ഡങ്ങള്‍ സംസ്ഥാനത്തിന്റെ പല ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുന്നതിനും പര്യാപ്തമല്ല. റോഡുകളുടെ സംരക്ഷണ ഭിത്തികളുടെ നിര്‍മ്മാണം, കാനകളുടെ സൈഡ് നിര്‍മ്മാണം, തീര സംരക്ഷണ പ്രവൃത്തികള്‍ എന്നിവ കേന്ദ്ര മാനദണ്ഡത്തില്‍ ഉള്‍പ്പെടുന്നില്ല. ഇവ ഉള്‍പ്പെടുത്തുന്നതിനായി സ്റ്റേറ്റ് ഫോര്‍ ഹോം മിനിസ്റ്ററായ ശ്രീ. നിത്യാനന്ദ റായിയെ നേരില്‍ കണ്ട് അഭ്യര്‍ത്ഥിച്ചു. ആഭ്യന്തര മന്ത്രി ശ്രീ. അമിത് ഷായ്ക്ക് നിവേദനം നല്‍കി.

കേന്ദ്ര മന്ത്രി ശ്രീ. ഗിരിരാജ് സിംഗുമായുള്ള കൂടിക്കാഴ്ച

ഡിജിറ്റല്‍ ഇന്ത്യാ ലാന്റ് റിക്കോര്‍ഡ് മോഡണൈസേഷന്‍ പ്രോഗ്രാം (DILRMP) പദ്ധതി നിലവിലുള്ള ഭൂരേഖകളുടെ ഡിജിറ്റലൈസേഷനു വേണ്ടിയുള്ളതാണ്. ഈ പദ്ധതിക്ക് ആവശ്യമായ ഫണ്ട് കഴിഞ്ഞ രണ്ട് സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിന് ലഭ്യമായിട്ടില്ല. ആയത് അടിയന്തരമായി ലഭ്യമാക്കുന്നതിന് അഭ്യര്‍ത്ഥിച്ച് നിവേദനം നല്‍കി.