തൃശ്ശൂരിന്റെ തൊഴില്‍ പൂരം സമാനതകളില്ലാത്ത തൊഴില്‍ മേള
തൊഴില്‍ അന്വേഷകരെ തേടിപ്പോകുന്ന സര്‍ക്കാര്‍ വിജ്ഞാന കേരളത്തിലൂടെ കേരളത്തിന്റെ വികസന മാതൃകകളില്‍ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുകയാണെന്ന് റവന്യൂ, ഭവന നിര്‍മാണ വകുപ്പ് മന്ത്രി കെ. രാജന്‍ പറഞ്ഞു. വിജ്ഞാന കേരളം തൊഴില്‍ പൂരത്തിന്റെ ഭാഗമായി ഗവ.
എഞ്ചിനീയറിങ് കോളേജിലും വിമലാ കോളേജിലുമായി സംഘടിപ്പിച്ച മെഗാ ജോബ് ഫെയര്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ഉദ്യോഗാര്‍ത്ഥികള്‍ക്ക് അവരുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കും അഭിരുചിക്കുമനുസരിച്ച് തൊഴില്‍ ലഭ്യമാക്കുകയാണ് വിജ്ഞാന തൃശൂരിലൂടെ. അതിനായി വിവിധ സര്‍ക്കാര്‍ ഏജന്‍സികളെ ഏകോപിപ്പിച്ച് സാങ്കേതിക സഹായവും നൈപുണ്യ പരിശീലനവും നല്‍കി അവരെ പ്രാപ്തരാക്കി. ജനകീയ ആസൂത്രണത്തിന്റെ മാതൃകയില്‍ സര്‍ക്കാരും തൊഴില്‍ദായകരും സന്നദ്ധ പ്രവര്‍ത്തകരും പൊതുജനങ്ങളും ഒറ്റക്കെട്ടോടെ വിജ്ഞാന കേരളത്തിനായി കൈകോര്‍ത്തതിന്റെ തെളിവാണ് ഈ മെഗാ ജോബ് ഫയറിന്റെ വിജയമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
തൊഴില്‍ മേളയില്‍ പങ്കെടുക്കാനെത്തിയവരുമായി രജിസ്‌ട്രേഷന്‍ കൗണ്ടറുകളിലും ഇന്റര്‍വ്യൂ സെന്ററുകളിലും നേരിട്ടെത്തി സംവദിക്കുകയും ആത്മവിശ്വാസം നല്‍കുകയും ചെയ്തു. വിവിധ തൊഴില്‍ ദാതാക്കളുമായും മന്ത്രി ആശയവിനിമയം നടത്തി. നോര്‍ക്കയുമായി സഹകരിച്ച് വിദേശ തൊഴിലുകള്‍ ഉള്‍പ്പെടെ വിജ്ഞാന തൃശൂരിന്റെ തൊഴില്‍മേളകളില്‍ ഭാഗമാക്കും. രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കും മെയ് മാസത്തോടെ ജോബ് ഫെയര്‍ അവസാനിക്കുമ്പോള്‍ തൊഴില്‍ ലഭ്യമാക്കാനാണ് വിജ്ഞാന തൃശ്ശൂര്‍ ലക്ഷ്യമിടുന്നത്.
151 തൊഴില്‍ ദാതാക്കളില്‍ നിന്നും 577 വ്യത്യസ്തതരം മേഖലകളില്‍ നിന്നായി 35,000 തൊഴിലുകളിലേക്കാണ് അഭിമുഖങ്ങള്‍ നടന്നത്. ഗവ. എഞ്ചിനീയറിങ് കോളേജിലും വിമല കോളേജിലുമായി 140 ക്ലാസ് മുറികളിലാണ് അഭിമുഖം നടന്നത്. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്യാണത്തെ തുടര്‍ന്ന് ഉദ്ഘാടന ചടങ്ങുകള്‍ പൂര്‍ണ്ണമായി ഒഴിവാക്കിയാണ് മേള സംഘടിപ്പിച്ചത്.