സംസ്ഥാനത്തെ മുഴുവൻ സ്കൂളുകളിലും ദുരന്ത നിവാരണ ക്ലബ്ബുകൾ രൂപീകരിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിന്റെകൂടി പിന്തുണയോടെയായിരിക്കും ഡിസാസ്റ്റർ മാനേജ്മെന്റ് (ഡിഎം) ക്ലബ്ബുകൾ രൂപീകരിക്കുക. എല്ലാ ആഴ്ചകളിലും വിവിധങ്ങളായ വിഷയങ്ങൾ കുട്ടികൾക്ക് സംസാരിക്കാനും ദുരന്തത്തെ നേരിടാൻ എങ്ങനെ പരിശീലിപ്പിക്കണമെന്നും പഠിപ്പിക്കുകയാണ് ക്ലബ് ലക്ഷ്യമിടുന്നത്. വയനാട് ജില്ലയിൽ ഇതിനുള്ള നടപടികൾ ആരംഭിച്ചു.
ദുരന്തമുണ്ടായ സ്ഥലങ്ങൾ കണ്ടും കേട്ടുമുള്ള അനുഭവങ്ങളിലൂടെ പുതിയ തലമുറയ്ക്ക് പറഞ്ഞു കൊടുക്കുകയാണ് ഡി എം ക്ലബ്ബുകളിലൂടെ ഉദ്ദേശിക്കുന്നത്. മുന്നറിയിപ്പുകളും മുന്നൊരുക്കങ്ങളും എല്ലാവരിലേയ്ക്കും എന്ന മുദ്രാവാക്യമുയർത്തി കേരളത്തിൽ ദുരന്ത നിവാരണ സാക്ഷരത യജ്ഞത്തിന് 2022 മുതൽ തുടക്കം കുറിക്കുകയാണ്. ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ എല്ലാ വകുപ്പുകളെയും കൂട്ടിയോജിപ്പിച്ച് “സജ്ജം” എന്ന പേരിൽ നടപ്പാക്കുന്ന പദ്ധതിക്ക് പട്ടിക്കാട് ഗവ.സ്കൂളിലാണ് തുടക്കമാവുന്നത്. ദുരന്ത നിവാരണ സാക്ഷരതയിലൂടെ ഏത് ദുരന്തത്തെയും നേരിടാൻ സംസ്ഥാനത്തെ സജ്ജമാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. കൃത്യമായ മുന്നറിയിപ്പുകൾ നൽകി ദുരന്ത ലഘൂകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ സജ്ജത്തിലൂടെ സാധിക്കും.
ദുരന്തലഘൂകരണത്തിലൂടെ ദുരന്തനിവാരണം സാധ്യമാക്കാൻ കുട്ടികളെ പ്രേരിപ്പിക്കുന്നതിനായി അടുത്ത അധ്യയന വർഷം മുതൽ വിദ്യാഭ്യാസ വകുപ്പുമായി കൂടിയാലോചിച്ച് ദുരന്തനിവാരണം പാഠ്യപദ്ധതിയുടെ ഭാഗമാക്കും.
പ്രകൃതിയെയും മനുഷ്യനെയും കേന്ദ്രബിന്ദുവാക്കുന്ന സുസ്ഥിര വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. 2018-ൽ പ്രളയം നേരിടുമ്പോൾ നമുക്ക് മുന്നനുഭവങ്ങളുടെ മാതൃക ഇല്ലായിരുന്നു. പ്രകൃതി സ്വഭാവങ്ങളിലുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റം വലിയ വെല്ലുവിളിയാണ്. ദുരന്തലഘൂകരണത്തിനുള്ള ശാസ്ത്രീയമായ അറിവും പരിചയവും നേടാൻ നാം നിരന്തരം ശ്രമിക്കണം.