ഇടുക്കി ജില്ലയിലെ പരുന്തുംപാറയിലെ ഭൂമി കയ്യേറ്റവുമായി ബന്ധപ്പെട്ട കര്‍ശനമായ നടപടികള്‍ സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി കെ.രാജന്‍ പറഞ്ഞു. കയ്യേറ്റ വിഷയവുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ അടിയന്തിര ഉന്നത തല യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തുകയുണ്ടായി. വിശദമായ അന്വേഷണത്തിനായി 15 പേരടങ്ങുന്ന റവന്യൂ സംഘത്തെ സ്ഥലത്ത് നിയോഗിച്ചിട്ടുണ്ട്. അവര്‍ക്കാവശ്യമായ ടേംസ് ഓഫ് റഫറന്‍സും യോഗത്തില്‍ മന്ത്ര നിര്‍ദ്ദേശിച്ചിട്ടുണ്ട്. അന്വേഷണത്തിന്‍റെ പുരോഗതി എല്ലാ ദിവസവും ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ അവലോകനം നടത്തും. മഞ്ചുമല, പീരുമേട് വില്ലേജുകളിലെ കേരള ലാന്‍റ് കണ്‍സര്‍വന്‍സി ആക്ട് പ്രകാരമുള്ള കേസുകളുടെ സ്ഥിതി വിവരം നാളെ വൈകീട്ടോടെ തയ്യാറാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രി യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി. ഡിജിറ്റല്‍ സര്‍വ്വെ നടന്ന മഞ്ചുമല വില്ലേജിലെ റിസര്‍വ്വെ റിക്കാര്‍ഡുകള്‍ സര്‍വ്വെ ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തില്‍ പരിശോധിക്കും. പ്രസ്തുത സ്ഥലത്ത് നിലവില്‍ നിരോധനാഞ്ജ നിലനില്‍ക്കുകയാണ്. നിരോധനാഞ്ജ ലംഘിച്ചതിന് 7 പേര്‍ക്കെതിരെ ക്രിമിനല്‍ കേസുകള്‍ ചുമത്തിയിട്ടുണ്ട്. പോലീസ് മേധാവിയുമായി ബന്ധപ്പെട്ട് സ്ഥലത്ത് പോലീസ് പിക്കറ്റ് ആരംഭിക്കുവാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. പരുന്തുംപാറയിലെ ഭൂമിയുമായി ബന്ധപ്പെട്ട വെരിഫിക്കേഷന്‍ ഒരാഴ്ച്ചക്കകം പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനും മന്ത്രി നിര്‍ദ്ദേശം നല്‍കി. ഇടുക്കി ജില്ലയിലെ സമാനമായ എല്ലാ കേസുകളിലും ഈ നടപടി വ്യാപിപ്പിക്കുവാനും യോഗം തീരുമാനിച്ചതായി റവന്യൂ മന്ത്രി കെ.രാജന്‍ അറിയിച്ചു.