Mundakai-Churalmala rehabilitation: Construction work of the township will begin this month, says Minister K Rajan

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം: ടൗൺഷിപ്പിന്റെ നിർമാണപ്രവർത്തനങ്ങൾ ഈ മാസം ആരംഭിക്കുമെന്ന് മന്ത്രി കെ രാജൻ

മുണ്ടക്കൈ-ചൂരൽമല പുനരധിവാസ പദ്ധതിയുടെ ഭാഗമായ എൽസ്റ്റോൺ എസ്റ്റേറ്റിലെ ടൗൺഷിപ്പിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഈ മാസം (മാർച്ച്) ആരംഭിക്കുമെന്ന് റവന്യുവകുപ്പ് മന്ത്രി കെ രാജൻ. ടൗൺഷിപ്പിനായുള്ള ഭൂമി ഏറ്റെടുക്കൽ 15 ദിവസത്തിനകം പൂർത്തിയാകും. ദുരന്തബാധിതരിൽ വീട് നഷ്ടപ്പെട്ടവരുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിന് വേണ്ടി മാർച്ച് 10,11,12 തിയതികളിൽ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഹിയറിംഗ് സംഘടിപ്പിക്കുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ഭൂമി ഏറ്റെടുക്കൽ നടപടികളിൽ ഒരുകാരണവശാലും സ്റ്റേ ഉണ്ടാകില്ലെന്ന് കോടതി വ്യക്തമാക്കിയ സാഹചര്യത്തിൽ വളരെ വേഗം മുന്നോട്ടുപോകും. ടൗൺഷിപ്പിനുവേണ്ടി ടോപ്പോഗ്രഫിക്കൽ, ജിയോഗ്രഫിക്കൽ, ഹൈഡ്രോഗ്രഫിക്കൽ പരിശോധനകളും ഫീൽസ് വിസിറ്റും മണ്ണ് പരിശോധനയും പൂർത്തിയായി. ദുരന്തത്തിൽ പൂർണമായും വീടുകൾ നഷ്ടപ്പെട്ടവരുടെ പേരുകളാണ് ലിസ്റ്റുകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ലിസ്റ്റുകളിൽ പരാതി നൽകാനുള്ള അവസരം മാർച്ച് 13 വരെയുണ്ട്. രണ്ടാഴ്ചക്കകം ലിസ്റ്റ് അന്തിമമാക്കാനാകും. നേരത്തേ ഓരോ വീടിനും അഞ്ച് സെന്റ് ഭൂമി വീതമാണ് നിശ്ചയിച്ചിരുന്നതെങ്കിലും നിലവിൽ 7 സെന്റ് ഭൂമി നൽകാനാണ് തീരുമാനം. ഇതിനനുസരിച്ച് ഡിസൈനിൽ മാറ്റം വരുത്തും. ഓരോ വീടിനും സ്പോൺസർമാർ 20 ലക്ഷം രൂപ വീതം നൽകും. ബാക്കി തുക സർക്കാർ വഹിക്കും.

പുഞ്ചിരിമട്ടം ഭൂമി സർക്കാർ ഏറ്റെടുക്കില്ല. ദുരന്തബാധിത പ്രദേശങ്ങളിലെ പാലങ്ങളും റോഡുകളും നിർമിക്കും. ബെയ്‌ലി പാലത്തിന് പകരമായി രണ്ട് പാറകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റെസ്‌ക്യു പോയിന്റായാണ് പുതിയ പാലം നിർമിക്കുക. ദുരന്തബാധിതർക്ക് മുന്നൂറ് രൂപവീതം നൽകി വരുന്ന സഹായം 9 മാസത്തേക്കുകൂടി നീട്ടി നൽകാൻ ആലോചനയുണ്ട്. ഭക്ഷ്യസാധനങ്ങൾ വിതരണം ചെയ്യുന്നതിനുപകരമായി സപ്ലൈകോയിൽ നിന്നു സാധനങ്ങൾ വാങ്ങുന്നതിനായി ആയിരം രൂപയുടെ കാർഡ് നൽകും. ടൗൺഷിപ്പ് ഒഴികെ എല്ലാ പരിഗണനയും വിലങ്ങാടിനും നൽകും. ഇതിനായി ഉടനെ തന്നെ ഉന്നതതലയോഗം ചേർന്ന് തീരുമാനങ്ങൾ കൈക്കൊള്ളും.

ദുരന്തബാധിതർക്ക് പുനരധിവാസം ഉറപ്പുവരുത്തുന്നതിൽ തുറന്ന മനസ്സാണ് സർക്കാരിനുള്ളത്. ഇതിന്റെ അടിസ്ഥാനത്തിലുള്ള ആശങ്കകൾ പരിഹരിക്കുന്നതിനും തുറന്ന ചർച്ചകൾക്കും സർക്കാർ തയ്യാറാണെന്നും മന്ത്രി അറിയിച്ചു.