സംസ്ഥാനത്ത് അർഹതപ്പെട്ട മുഴുവൻ ആളുകൾക്കും പട്ടയം നൽകുന്നതിന് വേണ്ടിയുള്ള പട്ടയമിഷനിലേക്ക് സർക്കാർ കടക്കുകയാണ്. കേരളത്തിലെ എല്ലാവർക്കും ഭൂമി എന്ന പ്രഖ്യാപിത ലക്ഷ്യം പൂർത്തിയാക്കുന്നതിന് വേണ്ടിയാണ് പട്ടയമിഷൻ രൂപീകരിക്കുന്നത്. ഭൂപതിവ് നിയമത്തിലെ ചട്ടങ്ങളുടെ സാധ്യതകൾ പരിശോധിച്ചും ഭേദഗതികൾ വരുത്തേണ്ടതുണ്ടെങ്കിൽ അതു നടത്തിയും അർഹതപ്പെട്ടവർക്ക് പട്ടയം നൽകുവാനുള്ള നടപടികളാണ് സ്വീകരിക്കുക. മലയോര മേഖലയിലും ആദിവാസികൾക്കും ഭൂമിയിൽ അവകാശം നൽകുന്നതിന് പ്രത്യേക ശ്രദ്ധ സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകും. കൂടാതെ ഈ സർക്കാരിന്റെ കാലാവധി അവസാനിക്കുന്നതിന് മുൻപ് തന്നെ ഡിജിറ്റൽ സർവ്വെ പൂർത്തീകരിച്ച് സർവ്വെ രേഖകൾ ഡിജിറ്റൈസ് ചെയ്യും. അതോടെ ഭൂമിയുടെ നിയമപരമായ കൈവശക്കാർക്ക് ഉടമസ്ഥത സംബന്ധിച്ച ആധികാരിക രേഖ ലഭ്യമാക്കുന്നതിന് ഒരു സെറ്റിൽമെന്റ് ആക്ട് തയ്യാറാക്കും. ഐക്യ കേരളത്തിൽ ആദ്യമായാണ് ഒരു സെറ്റിൽമെന്റ് ആക്ട് രൂപീകരിക്കുന്നത്. ഇതിലൂടെ അധിക വിസ്തീർണ്ണം ക്രമപ്പെടുത്താനാകും. സാധാരണക്കാർക്ക് ഇ-സേവനങ്ങൾ പ്രാപ്യമാക്കുന്നതിനായുള്ള റവന്യൂ ഇ-സാക്ഷരതാ പദ്ധതിയും സമഗ്രമായി നടപ്പിലാക്കും. നിലവിൽ സർട്ടിഫിക്കറ്റുകളെല്ലാം ഇ സർട്ടിഫിക്കറ്റുകളായാണ് ലഭിക്കുന്നത്. എന്നാൽ സാധാരണക്കാരായ ജനങ്ങൾക്ക് അതു ലഭ്യമാവണമെങ്കിൽ അക്ഷയ കേന്ദ്രങ്ങളേയോ മറ്റു കമ്പ്യൂട്ടർ സെന്ററുകളേയോ സമീപിക്കണം. അതുകൊണ്ടാണ് ഇ-സാക്ഷരതാ പദ്ധതിക്ക് റവന്യൂ വകുപ്പ് നേതൃത്വം കൊടുക്കുന്നത്. കോളേജുകൾ, വായനശാലകൾ, യൂത്ത് ക്ലബുകൾ എന്നിവ കേന്ദ്രീകരിച്ചും യുവാക്കളുടേയും വിദ്യാർത്ഥികളുടേയും പങ്കാളിത്തം ഉറപ്പു വരുത്തിയാകും ഇ-സാക്ഷരതാ പദ്ധതി റവന്യൂ വകുപ്പ് നടപ്പിലാക്കുക. റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികൾ നയപ്രഖ്യാപനത്തിൽ ഇടം പിടിച്ചു. ഒരു പൗരന് ഒരു തണ്ടപ്പേർ എന്ന യൂണിക് തണ്ടപ്പേർ പദ്ധതി സമഗ്രമായി നടപ്പിലാക്കുന്നത് സംബന്ധിച്ചും, സംസ്ഥാനത്തെ മുഴുവൻ വില്ലേജ് ഓഫീസുകളും സ്മാർട്ടാക്കുന്നത് സംബന്ധിച്ചും റവന്യൂ ഓഫീസുകളുടെ ഇ വത്ക്കരണവും, , റവന്യൂ ഓഫീസുകളെ സുതാര്യ സേവന കേന്ദ്രങ്ങളാക്കി മാറ്റുന്ന പദ്ധതിയും ദുരന്ത നിവാരണ സാക്ഷരതാ പദ്ധതിയും മെഡിക്കൽ കോളേജുകളിൽ വരുന്ന രോഗികളുടെ കൂട്ടിരിപ്പുകാർക്കായി ആശ്വാസ് വാടക വീട് പദ്ധതിയും, എംഎൻ ലക്ഷം വീട് പദ്ധതിയിലെ ഇരട്ട വീടുകൾ ഒറ്റ വീടുകളാക്കി പുന ക്രമീകരിക്കുന്ന പദ്ധതിയുമെല്ലാം പ്രവർത്തികമാക്കും.