കോതമംഗലം താലൂക്ക് കാര്യാലയത്തെ ഗ്രീൻ പ്രോട്ടോക്കോൾ ഓഫീസായി പ്രഖ്യാപിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങളെ പരമാവധി ഒഴിവാക്കുക എന്നതാണ് ഹരിത പ്രോട്ടോക്കോൾ വഴി പ്രധാനമായും ഉദ്ദേശിക്കുന്നത്. പതിവ് ഓഫീസ് കാഴ്ചകളിൽ നിന്ന് വിഭിന്നമായി ഓഫീസിനകത്തും പുറത്തും കണ്ണിന് കുളിർമയേകുന്ന നിരവധി ചെടികളാണ് ഇവിടെ വച്ചു പിടിപ്പിച്ചിരിക്കുന്നത്. ഓരോ ഉദ്യോഗസ്ഥരുടെയും മേശപ്പുറത്തുള്ള ചെടികൾ അവരവർ തന്നെയാണ് പരിപാലിക്കേണ്ടത്.
വലിയ ചെലവുകൾ ഇല്ലാതെ ഇത് ക്രമീകരിക്കാൻ കഴിഞ്ഞു എന്നതാണ് മറ്റൊരു പ്രത്യേകത. ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് കുപ്പികളിലാണ് അധികവും ചെടികൾ നട്ടിരിക്കുന്നത്. ഹരിത അന്തരീക്ഷം കൊണ്ടുവരുന്നതിലൂടെ ഓഫീസിലെ പതിവ് പിരിമുറുക്കങ്ങൾ ഒഴിവാക്കുകയും അതുവഴി കാര്യക്ഷമത വർദ്ധിപ്പിക്കുകയുമാണ് ഉദ്ദേശം.