സംസ്ഥാനത്ത് നെൽവയൽ തരംമാറ്റ അപേക്ഷകൾ ക്രമാതീതമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അപേക്ഷകൾ എത്രയും പെട്ടെന്ന് തീർപ്പാക്കാൻ സർക്കാർ പ്രത്യേക പദ്ധതി കൊണ്ടുവരികയുണ്ടായി.
ഇതുപ്രകാരം സംസ്ഥാനത്തെ എല്ലാ റവന്യൂ ഡിവിഷണൽ ഓഫീസുകളിലും, കേരള നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമ പ്രകാരം ലഭിക്കുന്ന ഭൂമി തരം മാറ്റ അപേക്ഷകൾ, ഏകീകൃതമായ രീതിയിൽ കൈകാര്യം ചെയ്യുന്നതിനും, അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്നത് ലളിതമാക്കുകയും ചെയ്യുക എന്ന പ്രാഥമിക ഉദ്ദേശ്യത്തോടെയും, പ്രത്യേക അദാലത്തുകൾ നടത്തി, നിയമം/ ചട്ടങ്ങളിലെ വ്യവസ്ഥകൾ പ്രകാരമുള്ള നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട്, പരമാവധി വേഗത്തിൽ അപേക്ഷകളിൽ തീർപ്പ് കൽപ്പിക്കുക എന്ന ലക്ഷ്യത്തോടെയും, സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ്ങ് പ്രൊസീജിയർ (SOP) തയ്യാറാക്കിയിട്ടുള്ളതാണ് .
സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയർ പ്രകാരം, അപേക്ഷകൾ തീർപ്പ് കൽപ്പിക്കുന്നത് മുൻഗണനാ ക്രമത്തിൽ ആയിരിക്കണമെന്നും, ഇ-ഓഫീസ് നിലവിലുള്ള ഓഫീസിലും, അപേക്ഷാ വിവരങ്ങൾ രജിസ്റ്ററുകളിൽ എഴുതി സൂക്ഷിക്കേണ്ടതാ ണെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
തരം മാറ്റ അപേക്ഷകളിൽ മുൻഗണനാക്രമം നിശ്ചയിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ, SOP-യിൽ നൽകിയിട്ടുണ്ട്.
ആയതുപ്രകാരം, ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെട്ടതും വീട് അനുവദിച്ച് നൽകിയതുമായ കേസുകളിൽ അപേക്ഷകൾക്ക് മുൻഗണന നൽകി തീർപ്പുകൽപ്പിക്കണമെന്നും, ഗുരുതര രോഗങ്ങൾക്ക് ചികിത്സാർത്ഥം ഭൂമിവിൽക്കേണ്ടതോ, വായ്പ ആവശ്യങ്ങൾക്കോ, അനുകമ്പാർഹമായ മറ്റു സാഹചര്യങ്ങ ൾക്കോ മുൻഗണന നൽകുന്നതിനും നിർദ്ദേശം നൽകിയിട്ടുണ്ട്.
മേൽ പ്രകാരം, ലൈഫ് മിഷൻ ഭവന പദ്ധതിയിലുൾപ്പടെ, മുൻഗണന നല്കേണ്ടുന്ന ആവശ്യങ്ങൾക്ക്, രേഖകൾ സഹിതം അപേക്ഷ സമർപ്പിച്ചാൽ, റവന്യൂ ഡിവിഷണൽ ഓഫീസർ, സീനിയർ സൂപ്രണ്ട്, ജൂനിയർ സൂപ്രണ്ട് എന്നിവരടങ്ങുന്ന സമിതി, ആഴ്ചയിലൊരിക്കൽ മീറ്റിങ്ങ് കൂടി, രേഖകൾ പരിശോധിച്ച് തീരുമാനം കൈക്കൊള്ളേണ്ടതാണെന്നും സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ്ങ് പ്രൊസീജിയറിലൂടെ നിർദേശം നല്കിയിട്ടുള്ളതാണ്.
കൂടാതെ, എല്ലാ മാസവും ആർ.ഡി.ഒ/സബ് കളക്ടർമാരുമായി നടത്തുന്ന അവലോകന യോഗത്തിലൂടെ,
മേൽ പ്രകാരമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ എല്ലാ റവന്യൂ ഡിവിഷണൽ ഓഫീസുകളിലും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുന്നു.
ഇപ്രകാരം, ലൈഫ് മിഷൻ പദ്ധതിയിൽ വീട് അനുവദിച്ചതായ കേസുകളിൽ, മുൻഗണനാക്രമം നൽകി അപേക്ഷകൾ തീർപ്പാക്കുന്ന വിഷയത്തിൽ സർക്കാർ അടിയന്തര പ്രാധാന്യം നൽകി നടപടി സ്വീകരിച്ചു വരുന്നു.
സംസ്ഥാനത്തെ ഇരുപത്തിയൊൻപത് ആർ.ഡി.ഒ. ഓഫീസുകളിലേയും തരംമാറ്റ അപേക്ഷകൾ തീർപ്പാക്കാനായി ആറ് മാസത്തേക്ക് താൽക്കാലിക ജീവനക്കാരേയും വാഹന സൗകര്യവും ഏർപ്പെടുത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ ഓഫ്ലൈൻ ആയി സമർപ്പിക്കപ്പെട്ട അപേക്ഷകൾ തീർപ്പാക്കാൻ കഴിഞ്ഞിട്ടുണ്ട്.
ഭൂമി തരംമാറ്റത്തിനായി ഓൺലൈൻ ആയി ലഭിച്ചുകൊണ്ടിരിക്കുന്ന അപേക്ഷകളിൽ യുദ്ധകാലാടിസ്ഥാ നത്തിൽ തീർപ്പാക്കുക എന്ന ഉദ്ദേശ്യലക്ഷ്യത്തോടെ ആദ്യം ആറ് മാസത്തേക്ക് നിയമിച്ച ജീവനക്കാരുടെ കാലാവധി വീണ്ടും ആറ് മാസത്തേക്കുകൂടി ദീർഘിപ്പിച്ചിട്ടണ്ട്.
അപേക്ഷകൾ തീർപ്പാക്കുമ്പോൾ ലൈഫ് മിഷൻ പദ്ധതിയിൽ വീട് അനുവദിച്ചതായ കേസുകളിൽ, മുൻഗണനാക്രമം നൽകി അപേക്ഷകൾ തീർപ്പാക്കന്നതിന് സർക്കാർ അടിയന്തര നടപടി സ്വീകരിച്ചു വരുന്നു.