തളിപറമ്പ് താലൂക്കിലെ മൊറാഴ വില്ലേജിൽ 135 കുടുംബങ്ങൾക്ക് പട്ടയം നൽകാൻ സർക്കാർ തീരുമാനിച്ചു. 64 വർഷങ്ങൾക്കു മുൻപ് 1958 ലെ സർക്കാർ മൊറാഴ നിവാസികളായ 28 കുടുംബങ്ങൾക്ക് 28 ഏക്കർ ഭൂമിയിൽ താത്കാലിക പട്ടയം നൽകുകയുണ്ടായി. എന്നാൽ അതിന് ഭൂമിയുടെ ആധികാരിക രേഖയായി കണക്കാക്കിയിരുന്നില്ല. വർഷങ്ങൾ പിന്നിട്ടപ്പോൾ ഭൂമി കൈമാറ്റത്തിലൂടെയും അനന്തരാവകാശ കൈമാറ്റത്തിലൂടെയും ഈ 28 ഏക്കർ ഭമി 135 കുടുംബങ്ങളുടെ കൈവശത്തിൽ വന്നു ചേർന്നിരുന്നു. ആ ഭൂമിക്ക് അവർ കരം അടച്ചിരുന്നെങ്കിലും ഭൂമിയുടെ ക്രയവിക്രയത്തിന് ആധിരകാരിക രേഖയായ പട്ടയം ലഭിച്ചിരുന്നില്ല. 1958 ൽ താത്കാലിക പട്ടയം നൽകിയ സമയത്ത് മൊറാഴ വില്ലേജ് ഉൾപ്പെട്ട ആന്തൂർ പ്രദേശം പഞ്ചായത്ത് ആയിരുന്നു. എന്നാൽ പിൽക്കാലത്ത് ആന്തൂർ നഗരസഭയായി മാറിയപ്പോൾ മുൻസിപ്പൽ ഭൂ പതിവ് ചട്ടം ബാധകമായി. അതുകൊണ്ട് തന്നെ മുൻസിപ്പൽ ഭൂപതിവ് ചട്ടം അനുസരിച്ച് ഒരാൾക്ക് പതിച്ചു കൊടുക്കാൻ കഴിയുന്ന പരമാവധി ഭൂമി 10 സെന്റ് ആണെന്നതാണ് ഇവർക്ക് പട്ടയം അനുവദിച്ചു നൽകാൻ തടസ്സമായി നിലനിന്നിരുന്നത്. ഈ 135 ആളുകളിൽ ഭൂരിഭാഗം ആളുകളും 10 സെന്റിൽ കൂടുതൽ ഭൂമി കൈവശം വെച്ച് പോന്നിരുന്നവരാണ്. ഈ പ്രശ്നത്തിനാണ് സർക്കാർ ഇപ്പോൾ പരിഹാരം കണ്ടിരിക്കുന്നത്. 1995 ലെ ഭൂപതിവ് ചട്ടത്തിലെ ചട്ടം 21 പ്രകാരം ഒരു പ്രത്യേക കേസായി പരിഗണിക്കണമെന്നും പ്രദേശം മുൻസിപ്പാലിറ്റി ആവുന്നതിന് മുൻപ് പഞ്ചായത്തായിരുന്ന സമയത്ത് പട്ടയം നൽകിയിരുന്നുവെങ്കിൽ ഇത്തരത്തിൽ നിയമപരമായ തടസ്സം ഉണ്ടാകുമായിരുന്നില്ലെന്നും അഭിപ്രായപ്പെടുകയായിരുന്നു. ഈ സാഹചര്യങ്ങൾ പരിഗണിച്ച് താത്കാലിക പട്ടയത്തിന്റെ അടിസ്ഥാനത്തിൽ 64 വർഷത്തിലധികമായി കൈവശം വെച്ചിരിക്കുന്ന ഭൂമിക്ക് പട്ടയം നൽകണമെന്ന് അഭിപ്രായപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ മന്ത്രിസഭാ യോഗത്തിലേക്ക് സമർപ്പിക്കാൻ ഉത്തരവിടുകയുമായിരുന്നു. ഇന്നത്തെ മന്ത്രിസഭാ യോഗം ഈ വിഷയം പരിഗണിക്കുകയും മൊറാഴ നിവാസികളുടെ ദീർഘ കാലത്തെ സ്വപ്നം സാക്ഷാത്ക്കരിക്കുകയും ചെയ്തു.