കായൽ ടൂറിസത്തിനുള്ള ഡിപിആർ തയ്യാറായി
പുത്തൂർ കായൽ രാജ്യാന്തര ശ്രദ്ധയിൽ എത്തിക്കാൻ ശ്രമം. കായലിന് ശ്രദ്ധേയ മാറ്റം ഉണ്ടാക്കി കായലിനൊപ്പം സ്വാഭാവിക കാനനവും സൃഷ്ടിച്ചുകൊണ്ട് പുത്തൂരിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. 32 കോടി രൂപ ചിലവഴിച്ചു കൊണ്ടാണ് കായൽ ടൂറിസ്റ്റ് സ്പോട്ടാക്കി മാറ്റുന്നത്.
പുത്തൂർ സുവോളജിക്കൽ പാർക്ക്, കായൽ, തീർത്ഥാടന ഇടങ്ങൾ, സാംസ്കാരിക കേന്ദ്രമായി മാറുന്ന സുകുമാർ അഴീക്കോടിൻ്റെ ഭവനം തുടങ്ങിയ ഇടങ്ങളെല്ലാം ചേർത്ത് പുത്തൂരിനെ ടൂറിസ്റ്റ് വില്ലേജ് ആക്കാനാണ് ലക്ഷ്യമിടുന്നത്. ഗ്രാമവിശുദ്ധിയോടെ പുത്തൂരിനെ മാറ്റണം. പ്രാദേശിക ജനതയുടെ പുരോഗതിയും ഈ മാറ്റങ്ങളോടൊപ്പം ഉണ്ടാവണമെന്നതും അടിസ്ഥാന ലക്ഷ്യമാണ്.
ഈ വിഷയവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പ് മന്ത്രിമാർ, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികൾ, ജില്ലാ വികസന സമിതി, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരുടെ ഉന്നതതലയോഗം തിരുവനന്തപുരത്ത് വച്ച് ജൂലൈ അവസാനത്തോടുകൂടി നടത്തും. തുടർന്ന് പ്രധാന വ്യക്തിത്വങ്ങളുടെ പങ്കാളിത്തത്തോടെ പ്രാദേശികമായും യോഗങ്ങൾ ചേരും.