ഒളകര കോളനി നിവാസികൾക്ക് ഭൂമി; സർവ്വേ നടപടികൾ പുനരാരംഭിക്കും
വനാവകാശ നിയമപ്രകാരമുള്ള ഭൂമി ലഭ്യമാക്കുന്നതിൽ വിട്ടുവീഴ്ചയുണ്ടാവില്ല
ഒളകര പട്ടിക വർഗ്ഗ സങ്കേതത്തിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് വനാവകാശ നിയമപ്രകാരം ഭൂമി ലഭ്യമാക്കുന്നതിനുള്ള ശക്തമായ നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നത്. ഇക്കാര്യം കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ തൃശൂരിൽ ചേർന്ന മേഖലാതല അവലോകന യോഗത്തിൽ മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഇതുമായി ബന്ധപ്പെട്ട സർവേ നടപടികൾ ഒക്ടോബർ മൂന്നിന് പുനരാരംഭിക്കും. കോളനി നിവാസികൾക്ക് ഭൂമി ലഭ്യമാക്കുന്നതിനായി വനം, റവന്യൂ, പട്ടികജാതി പട്ടിക വർഗ വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത പരിശോധന നടത്തി ആവശ്യമായ തീരുമാനം കൈക്കൊള്ളാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി.
ഭൂമി ലഭ്യമാക്കുന്ന കാര്യത്തിലുള്ള എല്ലാ തടസ്സങ്ങളും നീക്കാൻ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥർക്ക്നിർദ്ദേശം നൽകിയിട്ടുണ്ട്. ഒളകര കോളനിയിലെ കുടുംബങ്ങൾക്ക് വനാവകാശനിയമ പ്രകാരമുള്ള ഭൂമി ലഭ്യമാക്കുന്ന കാര്യത്തിൽ ശക്തമായ നിലപാടാണ് സർക്കാരിന്റേത്.
ഒളകര കോളനി ഭൂമി വിഷയത്തിൽ വനം, റവന്യൂ, പട്ടികജാതി പട്ടികവർഗ വകുപ്പ് മന്ത്രിമാർ നേരത്തേ യോഗം ചേർന്ന് കാര്യങ്ങൾ ചർച്ച ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗവും ചേർന്നിരുന്നു. അതുപ്രകാരമുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്.