ഇടുക്കി ജില്ലയിലെ ഇടുക്കി, കല്ലാർകുട്ടി, ചെങ്കുളം പ്രദേശങ്ങളിലെ പട്ടയ വിതരണത്തിന് മുന്നോടിയായുളള സർവ്വെ നടപടികൾക്ക് തുടക്കമായി. ഇവിടത്തെ ഭൂമിയുടെ കൈവശക്കാരുടെ പതിറ്റാണ്ടുകളായുളള ആവശ്യത്തിന് ഇതോടെ പരിഹാരമാകും. പട്ടയ മിഷന്റെ ഭാഗമായി പട്ടയം ഡാഷ്ബോർഡിന് ഉൾപ്പെട്ട വിഷയങ്ങൾ പരിഹരിക്കുന്നതിനായി റവന്യൂ മന്ത്രി നേരിട്ട് ഉദ്യോഗസ്ഥ തല അദാലത്തുകൾ സംഘടിപ്പിച്ചിരുന്നു. പ്രസ്തുത അദാലത്തിലെ തീരുമാന പ്രകാരമാണ് സർവ്വെ നടപടികൾ ആരംഭിച്ചത്. പട്ടയ മിഷന്റെ ഭാഗമായി ഓരോ മണ്ഡലത്തിലും നിയമസഭാ സാമാജികരുടെ നേതൃത്വത്തിൽ പട്ടയ അസംബ്ലികൾ കൂടിയിരുന്നു. പ്രസ്തുത അസംബ്ലിയിൽ ഉയർന്നു വന്ന പട്ടയ പ്രശ്നങ്ങളിൽ സംസ്ഥാന തലത്തിൽ പരിഹരിക്കേണ്ട വിഷയങ്ങളാണ് പട്ടയ ഡാഷ്ബോർഡിൽ ഉൾപ്പെട്ടു വരുന്നത്.
ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ മൂന്ന് ചെയിൻ, കല്ലാർകുട്ടി അണക്കെട്ടിന്റെ 10 ചെയിൻ, ചെങ്കുളം ഡാമിന്റെ 10 ചെയിൻ എന്നീ മേഖലകളിൽ പട്ടയം അനുവദിക്കണമെന്നത് ഈ പ്രദേശത്തെ ജനങ്ങളുടെ ചിരകാലമായ ആവശ്യമാണ്.