ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ഭൂ പ്രശ്നം പരിഹരിക്കാൻ പ്രത്യേക മിഷൻ സജ്ജം
ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ ഭൂ പ്രശ്നങ്ങൾ പരിഹരിക്കാൻ പ്രത്യേക മിഷൻ പ്രവർത്തനം തുടങ്ങി. റവന്യു കമ്മിഷണറേറ്റിലെ ജോയിന്റ് കമ്മിഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ ദൗത്യം നിർവഹിക്കുന്നത്.
ദേവികുളം താലൂക്കിലെ കെഡിഎച്ച് വില്ലേജിലെ കുറ്റിയാർവാലിയിൽ 770 പേർക്ക് 10 സെന്റ് വീതവും 2300 പേർക്ക് അഞ്ച് സെന്റ് വീതവും ഭൂമി അനുവദിച്ചിരുന്നു. ഇതിൽ ആദ്യ ഘട്ടത്തിൽ അനുവദിച്ച 770 പേർക്കുള്ള പട്ടയ നടപടികൾ ഏറെക്കുറെ പൂർത്തിയായി. രണ്ടാം ഘട്ടത്തിൽ അനുവദിച്ച 2300 പേർക്കുള്ള പതിവ് നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ഗുണഭോക്താക്കളിൽ അനർഹർ കടന്നുകൂടിയതായി ആരോപണങ്ങൾ ഉണ്ടായത്. തുടർന്ന് നടപടികൾ നിർത്തി വച്ച് വിവിധ തലങ്ങളിൽ അന്വേഷണം നടത്തി. അന്വേഷണത്തിന് ശേഷം 2019 ൽ അർഹരായി കണ്ടെത്തിയവർക്ക് പ്ലോട്ട് കാണിച്ചു നൽകുന്ന നടപടികൾ പുനരാരംഭിച്ചിരുന്നു. ഇതിനിടെ പതിവ് ഉത്തരവ് ലഭിച്ച ഒട്ടേറെ ഗുണഭോക്താക്കൾ അന്വേഷണം നടക്കുന്നു എന്നുൾപ്പെടെയുള്ള പലവിധ കാരണങ്ങളാൽ തറ വില ഒടുക്കിയിരുന്നില്ല. അനുവദിച്ച പ്ലോട്ടുകൾ വാസയോഗ്യമല്ലാത്തതിനാൽ പ്ലോട്ട് മാറ്റി നൽകുന്നതിനായി 300 ഓളം അപേക്ഷകളും ഇതിനിടെ ലഭിച്ചു.
പതിവ് ഉത്തരവ് ലഭിച്ചിട്ടും യഥാസമയം തറവില ഒടുക്കാൻ കഴിയാതെ വന്നവർ, ഇനിയും പതിവ് ഉത്തരവിന് ലഭിക്കേണ്ടവർ, ഭൂമി കൈവശം വിട്ടുകിട്ടാത്തവർ, വാസയോഗ്യമല്ലാത്ത പ്ലോട്ട് മാറ്റി നൽകേണ്ടവർ എന്നിങ്ങനെ രണ്ടാം ഘട്ടത്തിലെ പകുതിയോളം കേസുകളിലാണ് പതിവ് നടപടികൾ പൂർത്തിയാകാൻ ശേഷിക്കുന്നത്.
ഈ പ്രശ്നങ്ങൾ വിശദീകരിച്ചും ജീവനക്കാരുടെ കുറവ് മൂലം പട്ടയ നടപടികളിൽ കാലതാമസം നേരിടുന്നു എന്നറിയിച്ചും ജില്ലാ കളക്ടർ 2023 മാർച്ചിൽ സർക്കാരിന് കത്ത് നൽകിയിരുന്നു. സർക്കാർ ഇക്കാര്യം ഗൗരവകരമായി എടുക്കുകയും തറ വില ഒടുക്കാൻ കഴിയാത്ത ഗുണഭോക്താക്കൾക്ക് കാലതാമസം മാപ്പാക്കി തുക അടയ്ക്കാൻ അനുവദിക്കുകയും ചെയ്തു.
പട്ടയ നടപടി ത്വതിരപ്പെടുത്തുന്നതിന് ദേവികുളം സബ്കളക്ടറുടെ നേതൃത്വത്തിൽ ഒരു ജൂനിയർ സൂപ്രണ്ട്, നാല് ക്ലാർക്ക്, രണ്ട് സർവ്വേയർമാർ എന്നിവരടങ്ങുന്ന ഒരു പ്രത്യേക സംഘത്തെ നിയമിക്കാൻ ജില്ലാ കളക്ടർക്ക് അനുമതിയും നൽകി. പട്ടയ നടപടികൾ പുനരാംരഭിച്ചെങ്കിലും ലോകസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ മൂലം നടപടികളിൽ വേണ്ടത്ര പുരോഗതി ഉണ്ടായിട്ടില്ല. തെരഞ്ഞെടുപ്പ് അവസാനിച്ച സാഹചര്യത്തിൽ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിൽ പട്ടയ നടപടികൾ അടിയന്തിരമായി പൂർത്തീകരിക്കും.