Pattaya Mission review meeting was held

എല്ലാവർക്കും ഭൂമി എന്ന ലക്ഷ്യവുമായി സർക്കാർ മുന്നോട്ടുപോവുമ്പോൾ സാങ്കേതിക തടസ്സങ്ങൾ നീക്കി പരമാവധി പട്ടയങ്ങൾ നൽകാൻ ഉദ്യോഗസ്ഥർ തയ്യാറാകണം. പട്ടയവിതരണത്തിൽ വലിയ കുതിച്ചുചാട്ടം സൃഷ്ടിക്കാനായത് ഇത്തരത്തിലുള്ള തടസ്സങ്ങൾ നിയമപരമായി മറികടക്കാനായതിനാലാണ്‌. ഉദ്യോഗസ്ഥതലത്തിൽ പരിഹരിക്കാനാവാത്ത വിഷയങ്ങൾ സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരികയും ആവശ്യമായ നിയമനിർമാണം നടത്തുകയും ചെയ്യും.
പട്ടയം ലഭിക്കേണ്ടവരുടെ അന്തിമ പട്ടിക അടുത്ത ജനുവരിയോടെ പൂർത്തിയാക്കും. വനഭൂമി പട്ടയം സംബന്ധിച്ച പ്രശ്നങ്ങൾ മനസിലാക്കുന്നതിനും പരിഹരിക്കുന്നതിനുമായി തൃശ്ശൂർ ജില്ലയിൽ മൂന്ന് കേന്ദ്രങ്ങളിൽ കലക്ടറുടെ നേതൃത്വത്തിൽ സിറ്റിംഗ് നടത്തും. ജനപ്രതിനിധികൾ, കർഷകർ, കർഷകസംഘടനാ പ്രതിനിധികൾ തുടങ്ങിയവരെ പങ്കെടുപ്പിക്കും.

വനഭൂമി പട്ടയത്തിനുള്ള കേന്ദ്ര പതിവ് പട്ടികയിൽ ഉൾപ്പെട്ടവരിൽ ഇനിയും അപേക്ഷ സമർപ്പിച്ചിട്ടില്ലാത്തവരെ കണ്ടെത്തുന്നതിന് വില്ലേജ്, പഞ്ചായത്ത് തലത്തിൽ ശ്രമം നടത്തും. സംയുക്ത പരിശോധന പൂർത്തിയാക്കിയതും കേന്ദ്ര അനുമതിക്ക് അയയ്ക്കേണ്ടതുമായ ഫയലുകളിൽ 60 ദിവസത്തിനകം സർവേ പൂർത്തിയാക്കാൻ നിർദേശം നൽകി. തലപ്പിള്ളി താലൂക്കിലെ വടക്കേക്കളം പ്ലാൻ്റേഷൻസിൻ്റെ മിച്ചഭൂമിയായി രേഖപ്പെടുത്തിയ 73.73 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട നിയമനടപടി വേഗത്തിൽ പൂർത്തിയാക്കുന്നതിന് നടപടിയെടുക്കാൻ തീരുമാനിച്ചു.

മുകുന്ദപുരം താലൂക്കിലെ വേളൂക്കര വില്ലേജിൽ പെട്ട അംബേദ്കർ കോളനിയിൽ താമസിക്കുന്ന പട്ടികജാതിക്കാരല്ലാത്തവരുടെ പട്ടയം സംബന്ധിച്ച വിഷയം പട്ടികജാതി വകുപ്പുമായി ബന്ധപ്പെട്ട് പരിഹരിക്കും.

പട്ടയമിഷൻ വഴി ഭൂരഹിതരുടെ നിരവധി പ്രശ്നങ്ങൾ കണ്ടെത്താനും അവയ്ക്ക് പരിഹാരം നിർദേശിക്കാനും sadicu ലാൻഡ് റെവന്യു കമ്മീഷണർ ടി വി അനുപമ പറഞ്ഞു. നിയമപ്രശ്നങ്ങളില്ലാത്ത അപേക്ഷകളിൽ ഉടനടി നടപടി വേണമെന്നും സങ്കീർണമായ പ്രശ്നങ്ങളുള്ളവ കണ്ടെത്തി നടപടിക്കായി സർക്കാരിൻ്റെ ശ്രദ്ധയിൽ കൊണ്ടുവരണമെന്നും കമ്മീഷണർ പറഞ്ഞു.

ചടങ്ങിൽ ഇരിങ്ങാലക്കുട പുരയാറ്റുപറമ്പിൽ ദാസൻ, പുല്ലഴി ചേറ്റുപുഴ കൊടിപറമ്പിൽ ജയൻ, വിൽവട്ടം ചേറൂർ കാങ്കപ്പറമ്പിൽ വിശ്വനാഥൻ, വരവൂർ കുമരപ്പനാൽ തൊണ്ടിവളപ്പിൽ പത്മാവതി എന്നിവർക്ക് പട്ടയം കൈമാറി.