Survey cell for clearing encroachments on the boundary of water bodies

സംസ്ഥാനത്തെ പുഴകളും തോടുകളും സംരക്ഷിക്കുന്നതിനായുള്ള ശ്രമങ്ങളുടെ ഭാ​ഗമായി ജലസ്രോതസുകളുടെ അതിർത്തി നിർണ്ണയിച്ച് കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിന് റവന്യൂ വകുപ്പിനു കീഴിൽ പ്രത്യേക സർവ്വെ സെൽ രൂപീകരിച്ചു. ഗ്രാമ പഞ്ചായത്തുകളുമായി സഹകരിച്ച് അതിർത്തി നിർണ്ണയിക്കുന്നതിനുള്ള പ്രത്യേക സംവിധാനമാണ് സർവ്വേ സെൽ. പുഴയോരങ്ങളിലും മറ്റുമുള്ള കയ്യേറ്റങ്ങൾ ഒഴിപ്പിക്കാൻ റവന്യൂ വകുപ്പിന് പഞ്ചായത്തിന്റെ സഹായങ്ങൾ ലഭ്യമാവും.ജലസ്രോതസുകളുടെ അതിർത്തി കയ്യേറ്റങ്ങൾ സംബന്ധിച്ച ലാന്റ് റവന്യൂ കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർവ്വേ സമിതിക്ക് രൂപം നൽകിയത്.

ഓരോ മാസവും സർവ്വെ സെല്ലിന്റെ യോഗം ചേർന്ന് ജലസ്രോതസ്സുകളുടെ അതിർത്തി നിർണ്ണയിച്ച് കയ്യേറ്റങ്ങളുടെ പട്ടിക തയ്യാറാക്കും. ആ പട്ടികയുടെ അടിസ്ഥാനത്തിൽ അവ ഒഴിപ്പിക്കുന്നതിന് റവന്യൂ, സർവ്വെ, പൊലീസ്, എന്നീ വകുപ്പുകളുടെ മേൽനോട്ടത്തിൽ സത്വര നടപടികൾ സ്വീകരിക്കും.ഓരോ ജില്ലയിലേയും പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടടർ സർവ്വെ സെല്ലിന്റെ വൈസ് ചെയർമാനായിരിക്കും. ഡെപ്യൂട്ടി കലക്ടർ (എൽആർ) കൺവീനറും, ജില്ലാ പഞ്ചായത്ത് സെക്രട്ടറി, ജില്ലാ സർവ്വെ സൂപ്രണ്ട്, ജില്ലാ പൊലീസ് മേധാവി, ജില്ലാ ഫയർഫോഴ്‌സ് മേധാവി, ഇറിഗേഷൻ എക്‌സിക്യുട്ടീവ് എഞ്ചീനിയർ, ജില്ലാ ജിയോളജിസ്റ്റ് എന്നിവർ സമിതിയിലെ എക്‌സിക്യുട്ടീവ് അംഗങ്ങളുമാണ്.